| Saturday, 5th September 2026, 7:01 am

അച്ഛന്റെ കഴിവ് ഒന്നും എനിക്ക് കിട്ടിയിട്ടില്ല: ധ്യാൻ ശ്രീനിവാസൻ

നന്ദന. ടി

മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛൻ ശ്രീനിവാസനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ധ്യാൻ ശ്രീനിവാസൻ. Photo. Screen garb/ Youtube

അച്ഛൻ ശ്രീനിവാസനുമായി ഒരുപാട് സമയം ചെലവഴിക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്ന് തുറന്നു പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

‘ അച്ഛനിൽ നിന്ന് നമുക്ക് കിട്ടിയില്ലല്ലോ എന്നുള്ളതാണ് ഏറ്റവും വലിയ വിഷമം. കഴിവുകളുടെ കാര്യമല്ല പറയുന്നത്, കാരണം അതൊന്നും നമുക്ക് കിട്ടില്ല. പക്ഷെ ഒരുപാട് സമയം അച്ഛനുമായി ചെലവഴിക്കാനും സംസാരിക്കാനും പറ്റിയിട്ടില്ല. എനിക്ക് തോന്നുന്നത് ഞാനും അച്ഛനും ഒരുമിച്ച് ചെയ്ത ഇന്റർവ്യൂകളിലായിരിക്കും ഒരുപക്ഷെ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ടാവുക,’ ധ്യാൻ പറഞ്ഞു.

അസുഖബാധിതനായി ഒരു കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞപ്പോൾ പോലും ഒരു ദിവസം രണ്ടു മൂന്ന് പുസ്തകങ്ങൾ വരെ ശ്രീനിവാസൻ വായിച്ചുതീർക്കുമായിരുന്നു എന്ന കാര്യവും ധ്യാൻ ഓർത്തെടുക്കുന്നു. ഇത്രയും വലിയൊരു മനുഷ്യന്റെ കൂടെ ജീവിച്ചിട്ടും അദ്ദേഹത്തിൽ നിന്നും തനിക്ക് ഒന്നും നേടിയെടുക്കാൻ സാധിച്ചില്ലല്ലോ എന്നത് വളരെ സങ്കടമുള്ള കാര്യമാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ. X. Com

‘അദ്ദേഹം വായിച്ച പുസ്തകങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുമൊക്കെ ഒരു കാലത്ത് ഒരുപാട് കഥകൾ പറയുമായിരുന്നു. പക്ഷെ അവസാനകാലത്ത് അദ്ദേഹത്തിൽ നിന്നും ഒന്നും ടേക്ക് എവേ ആയി കിട്ടിയിട്ടില്ല. ഇത്രയും വലിയൊരു ജീനിയസിന്റെ കൂടെ ജീവിച്ചിട്ട് അദ്ദേഹത്തിൽ നിന്നും എനിക്ക് ഒരു അറിവും സമ്പാദിക്കാൻ പറ്റിയില്ലല്ലോ എന്നതാണ് എന്റെ ഏറ്റവും വലിയ വിഷമം,’ ധ്യാൻ കൂട്ടിച്ചേർത്തു.

Content Highlight: Dhyan Sreenivasan talks about his father sreenivasan

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more