മാധവ് സുരേഷിൻ്റെ അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യുട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന നിർമ്മാതാവ് അനിൽ കുമാറിൻ്റെ ആരോപണം വലിയ വിവാദമായിരുന്നു. ആരോപണമുന്നയിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി അശ്വന്ത് കോക്കും രംഗത്തെത്തിയിരുന്നു.
താൻ പണം ആവശ്യപ്പെടുന്നതിന് തെളിവ് ഹാജരാക്കിയാൽ താൻ ഈ പണി നിർത്തുമെന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്. മാധവ് സുരേഷിന്റെ അച്‌ഛൻ സുരേഷ് ഗോപിയുടെ ഫാനാണ് താനെന്നും ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റിവ് റിവ്യു പറഞ്ഞിട്ടുണ്ടെന്നും മാധവ് ധ്യാനിനെ കണ്ട് പഠിക്കണമെന്നും അശ്വന്ത് പറഞ്ഞിരുന്നു. ഇപ്പോൾ അശ്വന്തിൻ്റെ വാക്കുകളോട് പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
ധ്യാൻ ശ്രീനിവാസൻ.Photo:Manorama News
അശ്വന്ത് കോക്ക് സിനിമ റിവ്യൂ ചെയ്യുന്നതിന് പണം വാങ്ങുന്ന ഒരാളല്ലെന്നാണ് എന്റെ അറിവ്. എനിക്ക് അത്യാവശ്യം വ്യക്തിപരമായി അറിയാവുന്ന ആളാണ് കോക്ക്, പുള്ളി അങ്ങനെ പണം വാങ്ങാറില്ല. സ്വന്തം അമ്മയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അശ്വന്ത് പണം വാങ്ങി എന്ന് മാധവ് പറഞ്ഞത്.
എന്നാൽ അതിനോട് അശ്വന്ത് പ്രതികരിച്ച രീതിയോട് എനിക്ക് എതിർപ്പുണ്ട്, അത് വളരെ അബ്യൂസീവ് ആയിരുന്നു. ഇക്കാര്യം ഞാൻ അശ്വന്തിനോട് നേരിട്ട് പറയുകയും ചെയ്തു. എങ്കിലും സ്വന്തം പേരിൽ ഇങ്ങനെയൊരു ആരോപണം വരുമ്പോഴുള്ള വിഷമം കൊണ്ടായിരിക്കാം പുള്ളി അങ്ങനെയൊക്കെ പറഞ്ഞുപോയത്. ആ വിഷമം അത് അനുഭവിക്കുന്ന ആൾക്ക് മാത്രമേ മനസിലാകൂ.
അശ്വന്ത് കോക്ക്.മാധവ് സുരേഷ്:Photo:X.com
ഇവിടെ മാധവ് പറഞ്ഞതിലും തെറ്റുണ്ട്, അശ്വന്ത് പ്രതികരിച്ച രീതിയിലും തെറ്റുണ്ട്. ശരിയും തെറ്റുമൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്, അത് അവർ തമ്മിൽത്തന്നെ തീർക്കട്ടെ. എന്നെക്കുറിച്ച് നല്ലത് പറഞ്ഞു എന്നതുകൊണ്ട് മാത്രം, മറ്റൊരാളെ മോശമായി പറയുന്നത് കണ്ട് എനിക്ക് സന്തോഷിക്കാനാവില്ല. കാരണം അപ്പുറത്തുള്ള മാധവ് എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.
മാധവിനെക്കുറിച്ച് മോശമായി പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിഷമമാണ് തോന്നിയത്. വിനീതേട്ടൻ അടക്കമുള്ളവർ എനിക്ക് ഈ വീഡിയോ അയച്ചു തന്നിരുന്നു. ഒരാളെ മോശമായി പറയുന്നതിനിടയിലാണ് എന്നെക്കുറിച്ച് നല്ലത് പറഞ്ഞത്, അതുകൊണ്ടുതന്നെ ഞാനത് ആസ്വദിച്ചിട്ടൊന്നുമില്ല,’ ധ്യാൻ പറഞ്ഞു.
Content Highlight:dhyan sreenivasan talks about ashwanth koks reaction on madhav suresh