| Saturday, 4th July 2026, 9:23 pm

ഇന്റര്‍വ്യൂവും പരസ്യവും ഒന്നും ഞാന്‍ വിടാറില്ല, അങ്ങനെയാണ് പൈസയുണ്ടാക്കുന്നത്: ധ്യാന്‍ ശ്രീനിവാസന്‍

അശ്വിന്‍ രാജേന്ദ്രന്‍

വിരലിലെണ്ണാവുന്ന വിജയ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാള സിമനിമയുടെ എക്കാലത്തെയും മികച്ച കലാകാരന്മാരില്‍ ഒരാളായ ശ്രീനിവാസന്റെ മകനെന്നതിലുപരി തന്റേതായി ഒരു സ്ഥാനം സിനിമ ഇന്‍ഡസ്ട്രിയില്‍ കണ്ടെത്താന്‍ ധ്യാന്‍ ശ്രീനിവാസന് സാധിച്ചിരുന്നു. തന്റെ ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ധ്യാന്‍ ഇന്ന് നായകനടനായും സഹനടനായും മലയാളത്തില്‍ സജീവമാണ്.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

അഭിനത്തിനടയില്‍ ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയും നിവിന്‍ പോളിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ പ്രശംസയായിരുന്നു ലഭിച്ചത്. എന്നാല്‍ സമീപകാലത്ത് തുടര്‍ച്ചയായി പരാജയ ചിത്രങ്ങളില്‍ അഭിനയിച്ചതിന് താരത്തിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മുടക്കുമുതല്‍ തിരിച്ചുകിട്ടാത്ത ചിത്രങ്ങളായിരുന്നു പലതും. ഈ ചിത്രങ്ങളുടെ പ്രൊമോഷന്‍ നല്‍കിയതിന്റെ ഭാഗമായി ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന പേരും ധ്യാന്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ചും അഭിമുഖങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മൂവി വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. മലയാളത്തിലെ ഒരു പ്രധാന നടന്‍ ഉണ്ടാക്കുന്നതിന് തുല്യമായ സമ്പാദ്യം ധ്യാന്‍ ശ്രീനിവാസന്‍ ഉണ്ടാക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഉണ്ടെങ്കിലും ഞാന്‍ അതിനനുസരിച്ച് അധ്വാനിച്ചിട്ടുണ്ട്. ഞാന്‍ ഒന്നും വിടാറില്ല. ഇനാഗുറേഷന്‍ തൊട്ട് പരസ്യങ്ങള്‍ വരെ എല്ലാം ഞാന്‍ ചെയ്യാറുണ്ട്. കാരണം ഈ ഒരു സമയത്തെ നമുക്ക് ഇതെല്ലാം വരുള്ളൂ. ഒരു അഞ്ച് വര്‍ഷം കഴിഞ്ഞ് ആരെങ്കിലും നമ്മളെ വിളിക്കും എന്ന് നോക്കി നിന്ന് കഴിഞ്ഞാല്‍ ഈ സിനിമകളും പരസ്യങ്ങളും അന്ന് വന്നില്ലെങ്കില്‍ എന്ത് ചെയ്യും. സിംപിള്‍ വസ്ത്രം ധരിച്ച് നടക്കുന്നത് എന്റെ മാര്‍ക്കറ്റിങ് തന്ത്രം ഒന്നുമല്ല. പൊതുവേ എനിക്ക് ഈ വസ്ത്രധാരണത്തോട് ഒന്നും താത്പര്യമില്ല.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

മാത്രമല്ല ലൊക്കേഷനുകളില്‍ നിന്നുമാണ് പല പരിപാടികള്‍ക്കും പോയിരുന്നത്. അതുകൊണ്ട് തന്നെ ആ ലൊക്കേഷനില്‍ നിന്നും കിട്ടുന്ന കോസ്റ്റിയൂം ഇട്ടിട്ടാണ് ഞാന്‍ മിക്ക പ്രോഗ്രമുകള്‍ക്കും പോയിരുന്നത്. വലിയ പെട്ടിയും സ്യൂട്ട് കേസും ആയിട്ട് ഷൂട്ടിന് പോകുന്ന നടന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഡ്രെസെല്ലാം ഇവര്‍ക്ക് ഉപയോഗിക്കാനുള്ള സമയമില്ല. ഷൂട്ട് കഴിഞ്ഞാല്‍ റൂമിലിടാനുള്ള ലുങ്കിയോ ടി ഷര്‍ട്ടോ കൈയില്‍ കരുതിയാല്‍ മതി. അതുകൊണ്ട് തന്നെ അത് രണ്ടും കൊണ്ടാണ് ഞാന്‍ ഷൂട്ടിന് പോകാറുള്ളത്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan talks about acting in Advertisements and giving Interviews

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more