| Saturday, 12th July 2025, 3:55 pm

എന്നോടൊപ്പം ശോഭന അഭിനയിച്ചു, വലിയ ത്യാഗമാണ് അവർ ചെയ്തത്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാത്രമല്ല ധ്യാനിൻ്റെ അഭിമുഖങ്ങളും വൈറലാണ്. ഇപ്പോൾ തിര സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണ് തിരയിൽ അഭിനയിക്കാൻ വീനീത് ശ്രീനിവാസൻ വിളിച്ചതെന്നും ഇപ്പോൾ ചിത്രത്തിലെ അഭിനയം കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് പുതുമുഖമായ തൻ്റെ കൂടെ അഭിനയിക്കാൻ ശോഭന തയ്യാറായെന്നും അത് വലിയ കാര്യമാണെന്നും ധ്യാൻ പറയുന്നു.

എത്ര വലിയ ത്യാഗമാണ് അവർ ചെയ്തതെന്ന് താനിപ്പോൾ ആലോചിക്കാറുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

‘അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണ് തിരയിലെ നായകനാകാൻ ഏട്ടൻ വിളിച്ചത്. അതിലെ അഭിനയം കാണുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്ക് വിഷമമാണ്. പുതുമുഖമായ എന്നെപ്പോലൊരാളുമായി അഭിനയിക്കാൻ ശോഭന തയാറായി എന്നത് വലിയ കാര്യമല്ലേ? ഇപ്പോൾ ആ സിനിമ കാണുമ്പോൾ ഞാനാലോചിക്കും, എത്ര വലിയ ത്യാഗമാണ് അവർ ചെയ്‌തതെന്ന്,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

തിര

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ശോഭന, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് തിര. ത്രില്ലർ ഴോണറിൽ വന്ന സിനിമ അഭിനയമികവ് കൊണ്ടും സംവിധാനമികവ് കൊണ്ടും നിരൂപകപ്രശംസ നേടി.

Content Highlight: Dhyan Sreenivasan talking about Thira Movie and Shobhana

We use cookies to give you the best possible experience. Learn more