| Monday, 6th November 2023, 2:23 pm

ക്രിക്കറ്റ് കളിച്ചോണ്ടിരുന്ന എന്നെ പിടിച്ച് അഭിനയിപ്പിച്ചപ്പോള്‍ കിട്ടിയ ഹിറ്റ് ചിത്രം: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘തിര’ എന്ന സിനിമയിലൂടെയാണ് ധ്യാൻ ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.

രണ്ടാമത്തെ ചിത്രമായ കുഞ്ഞിരാമായണത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി ധ്യാൻ ഉയരുന്നത്. ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കുഞ്ഞിരാമയണം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ചിത്രത്തിലേക്ക് താൻ എത്തിയ കഥ പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. കഥ പോലും കേൾക്കാതെയാണ് താൻ കുഞ്ഞിരാമയണം ചെയ്തതെന്നാണ് ധ്യാൻ പറയുന്നത്. ഒന്നും നോക്കാതെ ചെന്ന് അഭിനയിച്ച ചിത്രമാണ് കുഞ്ഞിരാമായണമെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.

‘ഞാൻ കുഞ്ഞിരാമായണം എന്ന സിനിമ ചെയ്തത് ഒരിക്കലും അതിന്റെ കഥ കെട്ടിട്ടോ അതിനെ കുറിച്ച് അറിഞ്ഞിട്ടോ അല്ല. അതിന്റെ കഥ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാനും അജുവും ഒരു ദിവസം ക്യാരംസും ക്രിക്കറ്റുമെല്ലാം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബേസിൽ, ചേട്ടന്റെ അടുത്ത് കഥ പറയാൻ വരുന്നത്.

അന്ന് ഞാൻ കഥ കേട്ടിട്ടില്ല, ഞാൻ അവിടെ കളിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോൾ അജുവാണ് എന്നോട് പറയുന്നത് ബേസിലിന്റെ കഥ കൊള്ളാമെന്ന്. കഥ പറഞ്ഞ് ബേസിൽ തിരിച്ചുപോയി.

പിന്നെ ഒരു ദിവസമാണ് ബേസിൽ എന്നോട് ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. അന്നും ഞാൻ കുഞ്ഞിരാമായണത്തിന്റെ കഥയൊന്നും കേട്ടില്ല. ഒന്നും നോക്കാതെ ചെന്ന് അഭിനയിക്കുകയായിരുന്നു. ഞാൻ ബ്ലൈൻഡായിട്ട് പോയി അഭിനയിക്കുകയാണ് ചെയ്തത്. ഇന്നും കഥ കേൾക്കുമ്പോൾ ഞാൻ അത് തന്നെയാണ് ചെയ്യാറുള്ളത്.

അന്നെനിക്ക് കരിയറിനെ കുറിച്ച് ഒരു പ്ലാനും ഇല്ലായിരുന്നു. 2014 ൽ ഞാൻ ഒരു സിനിമയും ചെയ്തിട്ടില്ല. അടുത്ത വർഷം ബേസിലിന്റെ കുഞ്ഞിരാമായണം വന്നപ്പോഴാണ് ഞാൻ ചെയ്യുന്നത്. അന്ന് ബേസിൽ പറഞ്ഞതിനപ്പുറം ഞാനും അജുവുമൊന്നും സിനിമയിൽ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ എല്ലാവരും പരസ്പരം അറിയുന്നവർ ആയതുകൊണ്ട് വലിയ കഷ്ട്ടപ്പാടും വേണ്ടിവന്നിട്ടില്ല.

പക്ഷെ തിരയിലൊക്കെ അഭിനയിക്കുമ്പോൾ ഓപ്പോസിറ്റ് ഉള്ളത് ശോഭന ചേച്ചിയാണ്. അവിടെ ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഞാൻ മറ്റൊരു ചിത്രത്തിന് വേണ്ടിയും അത്ര എഫർട്ട് എടുത്തിട്ടില്ല,’ധ്യാൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Kunjiramayanam

We use cookies to give you the best possible experience. Learn more