| Monday, 13th October 2025, 5:31 pm

പഴയ ഇന്റര്‍വ്യൂവിന്റെ പേരില്‍ ദേഷ്യമുണ്ടോ എന്ന് അച്ഛന്‍ ലാലേട്ടനോട് ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി പോലൊന്ന് വേറെയാര്‍ക്കുമാകില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ എന്ന നടനെപ്പോലെയാകാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അദ്ദേഹത്തെപ്പോലൊരു താരമാകാനോ നടനാകാനോ ആര്‍ക്കും സാധിക്കില്ലെന്നും എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ അദ്ദേഹത്തെപ്പോലൊരു മനുഷ്യനാകാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് ധ്യാന്‍ പറഞ്ഞു. അടുത്തിടെ ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്റെ അച്ഛന്‍ പല അഭിമുഖങ്ങളിലും മോഹന്‍ലാലിനെക്കുറിച്ച് ഓരോ കുത്തുവാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കാറുണ്ടായിരുന്നെന്ന് ധ്യാന്‍ പറയുന്നു. എന്നാല്‍ തന്റെ അഭിമുഖങ്ങളില്‍ അച്ഛന്‍ പറഞ്ഞതിനെയെല്ലാം കൗണ്ടര്‍ ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും താന്‍ മോഹന്‍ലാലിനെ നന്നായി മനസിലാക്കിയതുകൊണ്ടാണ് അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ ലാലേട്ടനെ ആദരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒരു വലിയ പരിപാടി നടത്തി. അതില്‍ പങ്കെടുത്ത ലാലേട്ടന്‍ പറഞ്ഞ വാക്ക് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ‘ആകാശത്തോളം ഉയര്‍ത്തിയിട്ടും ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്’ എന്നായിരുന്നു. എന്നാല്‍ അതിനൊന്നും ഒരിക്കല്‍ പോലും അദ്ദേഹം മറുപടി കൊടുത്തിരുന്നില്ല.

ഇത്തരം നെഗറ്റിവിറ്റിയെയെല്ലാം പോസിറ്റീവായാണ് അദ്ദേഹം എടുത്തിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന നടന് എങ്ങനെയാണ് ഈ നെഗറ്റിവിറ്റിയെയെല്ലാം മാറ്റിവെച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നെന്നും അതിനെയെല്ലാം നിസാരമായി കാണാനുമെല്ലാം സാധിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് ആര്‍ക്കും അനുകരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു.

ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ അച്ഛന്‍ ഒരുതവണ പോയിരുന്നു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രണ്ടുപേരും തമ്മില്‍ കാണുന്നത്. ആ സമയത്ത് അച്ഛന്‍ അദ്ദേഹത്തിന്റെ അടുത്തെത്തിയിട്ട് ‘ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മോശമായി പറഞ്ഞു, എന്നോട് ക്ഷമിക്കൂ’ എന്ന് പറഞ്ഞപ്പോള്‍ ‘ശ്രീനീ, അതൊക്കെ വിടെടോ’ എന്ന് ചെറിയൊരു ചിരിയോടെ മറുപടി നല്കിയയാളാണ് മോഹന്‍ലാല്‍. അങ്ങനെയൊരു മറുപടി നല്കാന്‍ ലോകത്ത് മോഹന്‍ലാലിനല്ലാതെ വേറെയാര്‍ക്കും സാധിക്കില്ല’, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

അസുഖബാധിതനായ ശേഷം എറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷം അടുത്തിടെ താരം ഹൃദയപൂര്‍വത്തിന്റെ സെറ്റ് സന്ദര്‍ശിച്ചിരുന്നു. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി ക്ലാസിക്കുകള്‍ സമ്മാനിച്ച കോമ്പോ സിനിമാപ്രേമികള്‍ ആഘോഷമാക്കി.

Content Highlight: Dhyan Sreenivasan shares the bond between Sreenivasan and Mohanlal

We use cookies to give you the best possible experience. Learn more