മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
ഇപ്പോള്‍ താന്‍ ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ അനൂപ് മേനോന്‍ ആണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമയില്‍ അദ്ദേഹവുമുണ്ടായിരുന്നുവെന്നും അന്ന് അനൂപ് മേനോന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ആള്‍ക്ക് അന്ന് നിന്ന് തിരിയാനുള്ള സമയം ഉണ്ടായിരുന്നില്ല. അത്രയും തിരക്ക് പിടിച്ച് നില്‍ക്കുന്ന സമയത്താണ് അനൂപേട്ടന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വരുന്നത്. ഞാന്‍ ആദ്യമായി കാണുന്ന സ്റ്റാര്‍ അനൂപേട്ടനായിരുന്നു.
മുകേഷങ്കിളിനെയും ലാലങ്കിളിനെയുമൊക്കെ ചെറുപ്പം മുതല്‍ക്കേ കാണുന്നതാണ്. പക്ഷെ അതൊക്കെ അച്ഛന്റെ സുഹൃത്തുക്കളായിട്ട് മാത്രമായിരുന്നു. അല്ലെങ്കില്‍ അച്ഛന്റെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് കണ്ടത്.
എന്നാല്‍ ഒരു ഷൂട്ടിങ് സെറ്റില്‍, ക്യാമറയുടെ മുന്നില്‍ ചെന്ന് അഭിനയിക്കുന്ന സ്റ്റാറായിട്ട് ഞാന്‍ ആദ്യമായി കാണുന്നത് അനൂപേട്ടനെയാണ്. അതുകൊണ്ട് അനൂപേട്ടന്റെ അടുത്ത് എത്തുമ്പോള്‍ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan says that the first superstar he has seen is Anoop Menon