| Saturday, 21st November 2026, 11:34 am

എന്റെ സിനിമകൾ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളവർ കോടീശ്വരന്മാരാണ്; വീണ്ടും എന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവരാണവർ: ധ്യാൻ ശ്രീനിവാസൻ

അനുപമ കെ. സീത

മലയാള ചലച്ചിത്ര രംഗത്തെ യുവനടന്മാരിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകനായിട്ടാണ് ധ്യാൻ വെള്ളിത്തിരയിലെത്തിയതെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ധ്യാനിന്റെ സഹോദരനായിട്ടുള്ള വിനീത് ശ്രീനിവാസനായിരുന്നു ധ്യാനിന്റെ ആദ്യ ചിത്രമായ തിര സംവിധാനം ചെയ്തത്. തിയേറ്ററിൽ സിനിമ പരാജയപ്പെട്ടെങ്കിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു.

നടന്റെ അവസാനം പുറത്തിറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നുവെങ്കിലും താരത്തിന്റെ സ്വാഭാവികമായ തമാശകൾ നിറഞ്ഞ പ്രസംഗങ്ങളും അഭിമുഖങ്ങളും എപ്പോഴും സെൻസേഷണലാവാറുണ്ട്. തന്റെ മിക്ക സിനിമകളുടെയും പ്രൊഡ്യൂസേഴ്‌സ് വലിയ സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല സിനിമ ചെയ്യുന്നതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. എസ്.എ.എസ്. മൂവി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കുടുംബസ്ത്രീയും കുഞ്ഞാടും..Photo: Screen Grab/Youtube.com

‘സിനിമ ഏറ്റവും സക്സസ് റേറ്റ് കുറഞ്ഞ ഒരു ബിസിനസും ഒരു ഇൻഡസ്ട്രിയുമാണ്. ഈ കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ സാറ്റലൈറ്റ് ഒ.ടി.ടി എന്നൊക്കെ പറയുന്നത് കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന പോലെയാണ്. തിയേറ്ററിൽ ഓടി കഴിഞ്ഞാലേ പൈസ കിട്ടുകയുള്ളൂ, എന്നാൽ തിയേറ്ററിൽ ഓടുമെന്ന് ഒരു ഉറപ്പുമില്ല. അപ്പോൾ അതിനെപ്പറ്റി ബോധ്യമുള്ളവർ തന്നെയാണ് എന്റെ സിനിമ ചെയ്ത ആൾക്കാർ.

ഒരു സിനിമ അല്ലെങ്കിൽ രണ്ട് സിനിമ സ്വപ്നങ്ങളുമായിട്ട് വരുന്ന ആൾക്കാരാണവർ. ഈ സിനിമ എടുത്തതിനുശേഷം ഇതിൽ നിന്ന് വലിയ വരുമാനമുണ്ടാക്കി കുടുംബം നോക്കേണ്ട കാര്യമുള്ളവരല്ല അവർ. എന്റെ സിനിമ ചെയ്ത ആൾക്കാരൊക്കെ കോടീശ്വരന്മാരാണ്. അവരിപ്പോഴും രണ്ടാമതും മൂന്നാമതുമൊക്കെ എന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ്. അവർക്ക് സിനിമയോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ട് മാത്രമല്ല നമ്മളോടുള്ള ഇഷ്ടവും കൊണ്ട് കൂടി സിനിമ എടുക്കാൻ വന്നവരാണ് അവരിൽ മിക്കവരും,’ നടൻ പറഞ്ഞു.

അയ്യർ ഇൻ അറേബ്യാ.Photo: Screen Grab/Youtube.com

സിനിമയിൽ നിന്നും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഇവിടെ എക്സിസ്റ്റിങ് ആയിട്ടുള്ള പ്രൊഡ്യൂസേഴ്സാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സിനിമകൾ ചെയ്തിട്ടുള്ള പ്രൊഡ്യൂസേഴ്‌സിൽ മിക്കവരും പുതിയ ആളുകളാണെന്നും അവരുടെയൊക്കെ വരുമാനത്തിന്റെ പ്രധാന സ്രോതസ് സിനിമയല്ലെന്നും അതുകൊണ്ട് അവരുടെ കൈയ്യിൽ ഒരുപാട് പൈസയുണ്ടാകുമ്പോഴാണ് അത്തരക്കാർ സിനിമ ചെയ്യുന്നതെന്നും നടൻ വ്യക്തമാക്കി.

‘അതിൽ ഒരുപാട് പൈസ ചെലവഴിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പ്രൊഡ്യൂസറും ഡയറക്ടറും കൂടിയാണ് മിക്ക പ്രൊജക്റ്റിനും എന്നെ അപ്രോച്ച് ചെയ്തിട്ടുള്ളത്. അതായത് പ്രൊഡ്യൂസറും ഡയറക്ടറും തമ്മിൽ ആദ്യം സംസാരിച്ച് അവർക്കൊരു കഥ ഇഷ്ടപ്പെട്ട്, അവർക്ക് ഇഷ്ടപ്പെടുന്ന ഒരു നടനെ വെച്ച് ചെയ്യണം എന്നുള്ളത് അവരുടെ ആഗ്രഹമാണ്. ലാഭനഷ്ടത്തിനപ്പുറം ചിന്തിക്കുന്നവരാണ് അവർ. അതായത് ഒരു ലാഭനഷ്ടവും നോക്കാത്തവരാണ് ഞാൻ ചെയ്യുന്ന സിനിമകൾ ചെയ്ത മിക്ക ആൾക്കാരും,’ ധ്യാൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan said his film producers were billionaires who wanted to work with him again.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more