| Sunday, 29th November 2026, 12:12 pm

ഡ്യൂണ്‍സ്‌ഡേയല്ല... ധ്യാന്‍സ് ഡേ; ഡ്യൂണ്‍ 3ക്കും ഡൂംസ്‌ഡേയ്ക്കും ക്ലാഷ് വെക്കാനൊരുങ്ങി ധ്യാനിന്റെ തേവര്‍

അമര്‍നാഥ് എം.

തിരയിലൂടെ സിനിമാജീവിതം ആരംഭിച്ച് ഇന്ന് മോളിവുഡിലെ നിറസാന്നിധ്യമായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. കരിയറിന്റെ തുടക്കത്തില്‍ മികച്ച സിനിമകളുടെ ഭാഗമായിരുന്ന താരം പിന്നീട് തന്റെ ട്രാക്ക് മാറ്റി. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ട് സിനിമാലോകത്ത് ധ്യാന്‍ ചര്‍ച്ചയായി മാറി. ചെയ്യുന്ന സിനിമകളില്‍ ഭൂരിഭാഗവും ഫ്‌ളോപ്പാണ്.

ഫ്‌ളോപ്പ് സിനിമകള്‍ക്കൊപ്പം പലപ്പോഴും ധ്യാനിന്റെ സിനിമകളുടെ റിലീസും സിനിമാലോകത്ത് ചര്‍ച്ചയാകാറുണ്ട്. രജിനികാന്തിന്റെ ജയിലറിനൊപ്പം അതേ പേരുള്ള സിനിമയുമായി ക്ലാഷിനെത്തിയത് വലിയ വാര്‍ത്തയായി. തഗ് ലൈഫിനൊപ്പം തഗ്, ഐഡന്റിറ്റിക്കൊപ്പം ഐ.ഡി എന്നീ സിനിമകളും ധ്യാനിന്റേതായി പുറത്തുവന്നു.

ഇത്തവണ കോളിവുഡും ബോളിവുഡും വിട്ട് ഹോളിവുഡുമായാണ് ധ്യാനിന്റെ ക്ലാഷ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡ്യൂണ്‍ 3 എന്നിവക്കൊപ്പം ധ്യാന്‍ ശ്രീനിവാസന്റെ തേവര്‍ റിലീസിനൊരുങ്ങുകയാണ്. നവാഗതനായ നിജീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് തേവരുടേത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കില്ലെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ടെന്നാണ് പലരുടെയും കമന്റുകള്‍. ഡൂംസ്‌ഡേയെയും ഡ്യൂണ്‍ 3യെയും പേടിച്ച് പലരും റിലീസ് മാറ്റിവെക്കുമ്പോള്‍ ധ്യാന്‍ കാണിക്കുന്ന ധൈര്യത്തെക്കുറിച്ചും പലരും രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നു.

‘ഡ്യൂണ്‍സ്‌ഡേയല്ല, ഇത് ധ്യാന്‍സ് ഡേ’, ‘രജിനിക്ക് ക്ലാഷ് വെച്ചു, ഇനി അടുത്ത ലക്ഷ്യം മാര്‍വല്‍’, ‘ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ പോലും കണ്ടിട്ടില്ല’, ‘ഒ.ജി ധ്യാന്‍ ഈസ് ബാക്ക്’ ‘ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു, രജിനിയോട് ചോദിച്ചാല്‍ അറിയാം’ എന്നൊക്കെയാണ് തേവരെക്കുറിച്ചുള്ള കമന്റുകള്‍.

മലയാളത്തില്‍ ധ്യാനിന്റെ തേവരാണെങ്കില്‍ തമിഴില്‍ സന്താനത്തിന്റെ ലവ് ബൈറ്റ് എന്ന ചിത്രവും ഡ്യൂണ്‍സ്‌ഡേയുമായി ക്ലാഷിനെത്തുന്നുണ്ട്. നായകനായി വേഷമിട്ട പല സിനിമകളും ഫ്‌ളോപ്പായ സന്താനത്തിന്റെ പുതിയ ചിത്രം ബോക്‌സ് ഓഫീസില്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഡിസംബര്‍ 17നാണ് ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുക.

Content Highlight: Dhyan Sreenivasan’s Thevar movie clashing with Doomsday and Dune 3 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more