| Monday, 23rd March 2026, 1:25 pm

പൊന്മാനില്‍ അവന്‍ ഞെട്ടിച്ചു കളഞ്ഞു; ബേസിലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ഐറിന്‍ മരിയ ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍ എന്നതിലുപരി ധ്യാന്‍ എന്ന വ്യക്തിയെയാണ് പ്രേക്ഷകര്‍ക്ക് കൂതുതല്‍ ഇഷ്ടം. സിനിമകളിലെ വിജയപരാജയങ്ങളെക്കാള്‍, വ്യക്തിപരമായ സമീപനം ധ്യാനിനെ മറ്റ് നടന്മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുവെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെടാറുള്ളത്.

താരത്തിന്റെ ഭീക്ഷ്മര്‍ എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കവെ ധ്യാന്‍ ബേസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൊന്മാന്‍ എന്ന സിനിമയില്‍ ബേസില്‍ അസാധ്യ പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അഭിനേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച സന്തോഷം നല്‍കുന്നുവെന്നും ധ്യാന്‍ പറഞ്ഞു.

‘പൊന്മാനില്‍ ബേസില്‍ ഗംഭീര പെര്‍ഫോമന്‍സാണ് നടത്തിയത്. പ്രാവിന്‍കൂട് ഷാപ്പ് എന്ന സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച്ചയുടെ ഗ്യാപ്പിലാണ് പൊന്മാന്‍ വന്നത്. അന്ന് തിയേറ്ററില്‍ ആ സിനിമ എത്രത്തോളം സെലിബ്രേറ്റ് ചെയ്യപ്പെട്ടുവെന്ന് അറിയില്ല. ഒരു മാസീവ് ഒീഡിയന്‍സ് ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് പൊന്മാന്‍ ഒ.ടി.ടിയില്‍ വന്ന് കഴിഞ്ഞപ്പോഴാണ് സിനിമയെ എല്ലാവരും ഏറ്റെടുത്തത്. ഞാനും അത് ഒ.ടി.ടിയില്‍ ആയിരുന്നു കണ്ടത്.

അതില്‍ അവന്‍ നമ്മള ഞെട്ടിച്ചു കളഞ്ഞു. അവന്റെ അഭിനയം ആയിക്കോട്ടേ, ആ കഥാപാത്രത്തെ പിടിച്ച മീറ്ററാകട്ടേ എല്ലാം തന്നെ ഗംഭീരമായിരുന്നു. അത്രയും ഇന്‍വോള്‍വ്ഡായാണ് അജേഷ് എന്ന കഥാപാത്രത്തെ അവന്‍ അവതരിപ്പിച്ചത്. ഒരു അഭിനേതാവെന്ന നിലയില്‍ ബേസിലിന്റെ ഈ വളര്‍ച്ചയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ കൂടെയുണ്ടായിരുന്ന ആള്‍, ഈ നിലയിലേക്ക് വളര്‍ന്ന് കാണുക എന്നത് സന്തോഷമുള്ള കാര്യമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഇനിയും ബേസിലിന് വളരാന്‍ കഴിയട്ടേയെന്ന് താന്‍ ആശംസിക്കുന്നുവെന്നും ഒരു അഭിനേതാവെന്ന നിലയിലും ബേസില്‍ ശ്രദ്ധിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമാണെന്നും ധ്യാന്‍ പറഞ്ഞു. ബേസിലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025ലെ മികച്ച ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു ബേസില്‍ ജോസഫ് നായകനായെത്തിയ പൊന്‍മാന്‍. ജി. ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷമാണ് വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ അന്യഭാഷകകളില്‍ നിന്നും ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ജി.ആര്‍ ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റ് കൈകാര്യം ചെയ്തത് നിദിന്‍ രാജാണ്.

Content Highlight: Dhyan Sreenivasan on Basil’s performance in the movie Ponman

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more