വിനീത് ശ്രീനിവാസന്‍ മോളിവുഡിന് സമ്മാനിച്ച നടന്മാരിലൊരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ധ്യാന്‍ സംവിധാന രംഗത്തും തിരക്കഥാരചനയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെയും ഓഫ് സ്‌ക്രീന്‍ പെരുമാറ്റത്തിലൂടെയും ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.
എല്ലാ കാര്യങ്ങളെയും വളരെ ലൈറ്റായി സമീപിക്കുകയും തമാശകളിലൂടെ ആളുകളെ ചിരിപ്പിച്ചും ധ്യാന്‍ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടന്ന മോഹന്‍ലാലിന്റെ യൂറോപ്യന്‍ ടൂറിന്റെ ടീമില്‍ ധ്യാനും ഭാഗമായിരുന്നു. ജര്‍മനി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ മോഹന്‍ലാലും സംഘവും ആരാധകരെ ഇളക്കിമറിച്ചിരുന്നു. ഷോയെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
മോഹന്‍ലാലിനൊപ്പം ഒരുപാട് സ്റ്റേജുകളില്‍ ഒന്നിച്ച് നില്‍ക്കാനായത് മറക്കാനാകാത്ത അനുഭവമാണെന്ന് ധ്യാന്‍ പറഞ്ഞു. എല്ലായിടത്തും പരിപാടി കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നെന്നും അതെല്ലാം എന്‍ജോയ് ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘ലാലേട്ടന്‍ എല്ലായിടത്തും ഫുള്‍ എനര്‍ജിയിലായിരുന്നു പെര്‍ഫോം ചെയ്തത്. എനിക്ക് തോന്നുന്നത് ലോകത്ത് ഏറ്റവുമധികം സ്‌റ്റേജ് ഷോ, അല്ലെങ്കില്‍ സ്റ്റേജ് പെര്‍ഫോമന്‍സ് ചെയ്തിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ ലാലേട്ടനായിരിക്കും. അദ്ദേഹം ഫുള്‍ എനര്‍ജിയിലായിരുന്നു. ആ എനര്‍ജിയിലാണ് നമ്മളും നിന്നത്. നമ്മടെ എനര്‍ജിയെന്ന് പറയുന്നത് ലാലേട്ടന്റെ എനര്‍ജിയായിരുന്നു. എല്ലാവരും ഒരുപാട് ആസ്വദിച്ചായിരുന്നു സ്റ്റേജില്‍ പെര്‍ഫോം ചെയ്തത്.
ആ പരിപാടിയിലെ സ്‌കിറ്റുകളെല്ലാം എഴുതിയത് ഞാനായിരുന്നു. ടീമിലെ എല്ലാവരും സെറ്റായിരുന്നു. നമ്മളെല്ലാവരും ചര്‍ച്ച ചെയ്തായിരുന്നു ഓരോന്നും തീരുമാനിച്ചത്. ഷാജോണ്‍ ചേട്ടന്‍, ഷൈന്‍, റംസാന്‍, സാനിയ, സ്വാസിക, ചിത്ര ചേച്ചി അങ്ങനെ എല്ലാവരും ഫുള്‍ സെറ്റായിരുന്നു. ചിത്ര ചേച്ചിയുടെ കൂടെ മൂന്ന് സ്റ്റേജില്‍ പാടാന്‍ അവസരം കിട്ടിയതും വലിയ കാര്യമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
പരിപാടി അവസാനിക്കുന്നതിന് മുമ്പായിരുന്നു താനും ചിത്രയും കൂടി പാടിയതെന്നും നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും താരം പറയുന്നു. അത്രയും നേരം ഗംഭീരമായി നിന്ന പരിപാടി അവസാനം താന്‍ കാരണം മോശമാകരുതെന്നായിരുന്നു പ്രാര്‍ത്ഥനയെന്നും എല്ലാം നല്ല രീതിയില്‍ അവസാനിച്ചെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about the stage show experience with Mohanlal