| Thursday, 6th August 2026, 3:22 pm

എന്റെ ഓമൽ കണ്മണി കേട്ട് ലാലേട്ടൻ ഷേക്ക് ഹാൻഡ് തന്നു, അതൊരു സ്റ്റാർ മൊമെന്റായിരുന്നു: ധ്യാൻ ശ്രീനിവാസൻ

നന്ദന. ടി

അഭിമുഖങ്ങളിലെ തുറന്നു പറച്ചിലുകളിലൂടെയും തമാശകളിലൂടെയും പ്രേക്ഷകമനസ്സിൽ ഇടംനേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. മോഹൻലാൽ ലൈവ്: ബീയോണ്ട് ദി സ്ക്രീൻ ഷോയുടെ ഭാഗമായി അയർലൻഡിലെ ത്രി അരീനയിൽ വെച്ച് കെ.എസ്. ചിത്രയ്‌ക്കൊപ്പം ഓമൽ കൺമണി എന്ന ഗാനം ആലപിച്ച ഓർമകൾ പങ്കുവെക്കുകയാണ് ധ്യാൻ. ഫ്രെയിംസ് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിശേഷങ്ങൾ പങ്കുവെച്ചത്.

ഓമൽ കൺമണി എന്ന ഗാനം താൻ പാടിയപ്പോൾ സ്റ്റേജിന് പിന്നിൽ നിന്ന് മോഹൻലാൽ ഒപ്പം പാടിയതും, പാട്ടു പാടി കഴിഞ്ഞപ്പോൾ അദ്ദേഹം തനിക്ക് കൈ നൽകിയതുമെല്ലാം മറക്കാനാവാത്ത ബാക്ക്‌സ്റ്റേജ് ഓർമകളായിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.

ധ്യാൻ ശ്രീനിവാസൻ. Photo. Screen grab/ Youtube

ഓമൽ കൺമണി എന്ന ഗാനം പാടി കഴിഞ്ഞ് സ്റ്റേജിൽ നിന്നും ഇറങ്ങി വന്നപ്പോൾ ലാലേട്ടൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു, അതൊരു സ്റ്റാർ മൊമെന്റായിരുന്നു. കൂടാതെ ഞാൻ സ്റ്റേജിൽ നിന്ന് പാടുമ്പോൾ ലാലേട്ടൻ ഓഹോഹോ ഓ നരൻ  എന്ന് ഞാൻ പാടുന്നതിനൊപ്പം പാടുന്നുണ്ടായിരുന്നു എന്ന് പിന്നീട് അവിടെയുണ്ടായിരുന്നവർ എന്നോട് പറഞ്ഞിരുന്നു. അത് എന്നും ഓർത്തുവെക്കാൻ പറ്റുന്ന ഒരു ബാക്ക്‌സ്റ്റേജ് മൊമെന്റായിരുന്നു, താരം പറഞ്ഞു.

തന്റെ പാട്ടിന് ആളുകൾ പരിപാടിക്കിടെ മൊബൈൽ ടോർച്ച് അടിച്ചതും, സമൂഹമാധ്യമങ്ങളിൽ അടക്കം മികച്ച കമന്റുകൾ വന്നതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്ന് ധ്യാൻ പറഞ്ഞു.

‘പിന്നെ, ജീവിതത്തിൽ ആദ്യമായിട്ടാണ് നമ്മുടെയൊക്കെ പാട്ട് കേട്ടിട്ട് ആളുകൾ മൊബൈൽ ടോർച്ച് അടിക്കുന്നത് കാണുന്നത്. ഈ വീഡിയോ പുറത്തുവന്നപ്പോൾ ഒരാൾ എന്നെ ടാഗ് ചെയ്ത് കമന്റ് ഇട്ടത് ദിസ് ഈസ് നോട്ട് കോൾഡ്പ്ലേ, ദിസ് ഈസ് ധ്യാൻ ശ്രീനിവാസൻ ആൻഡ് ചിത്ര ചേച്ചി എന്നായിരുന്നു. ജർമ്മനിയിലും ലണ്ടനിലും പാട്ട് പാടിയപ്പോൾ ആളുകൾ മൊബൈൽ ടോർച്ച് അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

പക്ഷെ പിന്നീട് അയർലൻഡിൽ എത്തിയപ്പോൾ ഞാൻ അതിനുവേണ്ടി നമുക്കറിയാവുന്ന കുറച്ച് ആളുകളോട് പറഞ്ഞിട്ടുണ്ടായിരുന്നു, നിങ്ങൾ തുടങ്ങിവെച്ചോ, ബാക്കി ആളുകൾ കൂടെ ചെയ്തോളും എന്ന്. ജർമ്മനിയിൽ അത് ഓർഗാനിക് ആയി സംഭവിച്ചതാണെങ്കിൽ, അയർലൻഡിൽ ആളുകളെക്കൊണ്ട് സെറ്റ് ചെയ്യിച്ചതാണ്. പക്ഷെ നമ്മൾ പറഞ്ഞാലും അവർക്ക് നല്ലതാണെന്നു തോന്നിയത് കൊണ്ടാണാലോ അങ്ങനെ ചെയ്തത്,’ ധ്യാൻ പറഞ്ഞു.

വലിയൊരു ഗായകനല്ലാഞ്ഞിട്ടും കെ.എസ്. ചിത്ര തന്നോടൊപ്പം പാടാൻ സമ്മതിച്ചത് തന്നിലുള്ള വിശ്വാസം കൊണ്ടാണെന്നും, അല്ലെങ്കിൽ പരിപാടി കൊളമാകും എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാമായിരുന്നു എന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

‘ബാക്ക്‌സ്റ്റേജ് മൊമെന്റുകളൊക്കെ ഒരു വശത്തുണ്ടെങ്കിലും ഓമൽ കൺമണി ചിത്രച്ചേച്ചി എന്ന ലെജൻഡിന്റെ കൂടെ പാടാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം. കാരണം ചേച്ചീ, ഈ പാട്ട് ഞാനും പാടുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഹാ, നീ ഈ പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നായിരുന്നു ചേച്ചി പറഞ്ഞത്.

അങ്ങനെ ചേച്ചി എന്റെ കൂടെ പാടാൻ തയ്യാറായി എന്നത് വലിയൊരു കാര്യമാണ്. അല്ലങ്കിൽ ഇത് ചേച്ചിയുടെ പരിപാടിയല്ലേ, കൊളമാകും എന്ന് പറഞ്ഞ് ഒഴിവാക്കാമായിരുന്നു. വേറെ വലിയ കാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും നമ്മളോടുള്ള വിശ്വാസം കൊണ്ടാണ് ചേച്ചി എനിക്ക് കൂടെ പാടാനുള്ള അവസരം തന്നത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

അയർലൻഡിലെ ഷോയിൽ ധ്യാൻ ശ്രീനിവാസൻ കെ.എസ്. ചിത്രയ്‌ക്കൊപ്പം ഓമൽ കൺമണി എന്ന ഗാനം ആലപിച്ചപ്പോൾ. Photo. Manorama Online

Content Highlight: Dhyan recalls the moment Mohanlal shook his hand after hearing him sing Omal Kanmani

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more