| Wednesday, 24th December 2025, 11:18 am

അടിക്ക് തിരിച്ചടി; 2022 ലെ ദുരന്തത്തിന് അവതാറിനോട് ധുരന്ധറിലൂടെ പകരം വീട്ടി രണ്‍വീര്‍ സിങ്

അശ്വിന്‍ രാജേന്ദ്രന്‍

എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ തൂക്കിയടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍. ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തിയ ചിത്രം 800 കോടിയും പിന്നിട്ട് 1000 കോടിയെന്ന നേട്ടത്തിലേക്ക് പാഞ്ഞടുക്കുകയാണ്.

ചിത്രത്തിന്റെ കുതിപ്പിന് വെല്ലുവിളിയായാണ് ജെയിംസ് കാമറൂണിന്റെ ബ്രഹ്‌മാണ്ഡ ചിത്രം അവതാറിന്റെ മൂന്നാം ഭാഗം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് ഡിസംബര്‍ 19 ന് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി അവതാറിന് വിലങ്ങിട്ടിരിക്കുന്നത് ധുരന്ധറാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്‍വീര്‍ സിങ് സര്‍ക്കസില്‍.Photo: himdusthan times

2022 ല്‍ അവതാര്‍ 2 വും രണ്‍വീര്‍ ചിത്രം സര്‍ക്കസും തമ്മില്‍ ക്ലാഷ് റിലീസായപ്പോള്‍ താരത്തിന്റെ ചിത്രം വലിയ രീതിയില്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അവതാര്‍: ദ വേ ഓഫ് വാട്ടര്‍ റിലീസായി പത്ത് ദിവസത്തിനുള്ളില്‍ ഏകദേശം 250 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതോടെയാണ് സര്‍ക്കസിന് വമ്പന്‍ പരാജയം നേരിടേണ്ടി വന്നത്.

150 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് 90 കോടി രൂപയോളം മാത്രമേ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയിംസ് കാമറൂണിന്റെ ദൃശ്യ വിരുന്നില്‍ അന്ന് അടിപതറിയ രണ്‍വീര്‍ സിങ് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നാണയത്തിലാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസുകളില്‍ അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിനെ നേരിടുന്നത്.

അവതാര്‍. Photo: The digital fix

റിലീസായി നാല് ദിവസങ്ങള്‍ക്കുള്ളില്‍ 69 കോടി രൂപയാണ് അവതാര്‍ 3 ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. എന്നാല്‍ അവതാര്‍ 2 ന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോഴാണ് ധുരന്ധര്‍ ഏല്‍പിച്ച ആഘാതം വ്യക്തമാകുന്നത്. 2022 ഡിസംബര്‍ 16 ന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിവസങ്ങള്‍ക്കുള്ളില്‍ 150 കോടിയോളം നേടിയിരുന്നു.

2.34 ബില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നായ അവതാര്‍ 2 വിന്റെ കളക്ഷനില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ മാര്‍വലിന്റെ ഡൂംസ്‌ഡേയുടെ ടീസറുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള മാര്‍ക്കറ്റിങ്ങിനും അവതാര്‍ 3 നെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രക്ഷിക്കാനായിട്ടില്ല എന്നാണ് കമക്കുകള്‍ സൂചിപ്പിക്കുന്നത്.

ധുരന്ധര്‍.

ഉറിക്ക് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഇതിനോടകം തന്നെ 900 കോടി രൂപയോളം നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രം ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കിനെ അതിജീവിച്ചാണ് മുന്നേറ്റം തുടരുന്നതെന്നതും ശ്രദ്ധേയമാണ്.

Content Highlight: dhurandhar surpasses avatar 3 in Indian theatre

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more