| Tuesday, 16th December 2025, 8:26 pm

പാകിസ്ഥാനിലെത്തുന്ന ഇന്ത്യന്‍ ചാരന്മാരുടെ എണ്ണം കൂടുകയാണല്ലോ, സോഷ്യല്‍ മീഡിയ നിറഞ്ഞ് ധുരന്ധര്‍ ട്രോള്‍

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 500 കോടിയിലേറെ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ധുരന്ധര്‍ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡായിരിക്കുകയാണ്.

ഇന്ത്യന്‍ ചാരസംഘടനയായ RAWന് വേണ്ടി പാകിസ്ഥാനിലെത്തി ചാരവൃത്തി നടത്തുന്ന കഥാപാത്രമാണ് രണ്‍വീറിന്റേത്. പാകിസ്ഥാന്‍ കാരനായി അഭിനയിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന കഥാപാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡ്. രണ്‍വീര്‍ അവതരിപ്പിച്ച ഹംസ അലി എന്ന കഥാപാത്രത്തെ പല രീതിയിലാണ് ഇന്‍സ്റ്റഗ്രാം വ്‌ളോഗേഴ്‌സ് പുനസൃഷ്ടിക്കുന്നത്.

ഇതില്‍ ഏറ്റവും റീച്ച് ലഭിച്ചത് ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലെത്തുന്ന റീലിനാണ്. ബോളിവുഡില്‍ ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലായി മാറിയ YRF സ്‌പൈ യൂണിവേഴ്‌സാണ് ധുരന്ധര്‍ നിര്‍മിച്ചതെങ്കില്‍ എന്ന രീതിയിലാണ് ഈ റീല്‍ അവതരിപ്പിച്ചത്. പാകിസ്ഥാന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനെത്തുന്ന പത്താന്‍ എന്ന കഥാപാത്രം ദേശഭക്തി ഡയലോഗുകളിലൂടെ വില്ലന്റെ കരളലിയിപ്പിക്കുന്നതും പിന്നീട് ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നതുമാണ് റീലിന്റെ ഉള്ളടക്കം.

കഥ നടക്കുന്നത് ല്യാരിയിലായതിനാല്‍ നായകനും നായികയും തമ്മിലുള്ള ബീച്ച് സോങ്ങിനും ബികിനി സീനിനും സാധ്യതയില്ലെന്നാണ് പ്രധാന കമന്റ്. ഫണ്‍ചോ എന്ന പേജാണ് ഈ റീലിന് പിന്നില്‍. ധുരന്ധറിലെ ടൈറ്റില്‍ സോങ്ങായ ‘ഇഷ്‌ക് ജലാകറി’ന്റെ ബാക്ക്ഗ്രൗണ്ടിലാണ് റീല്‍ നിര്‍മിച്ചത്. പല പേജുകളും ഇതേ രീതിയില്‍ റീലുകള്‍ പങ്കുവെക്കുന്നുണ്ട്.

പാകിസ്ഥാനിലെത്തിയാലും പൊറോട്ടയും ബീഫും ചോദിക്കുന്ന മലയാളി ചാരന്‍, പ്രധാന വില്ലനെ കാണുമ്പോള്‍ കാല് തൊട്ട് വന്ദിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ ചാരന്‍ എന്നിങ്ങനെ പല റീലുകളും ചിരി പടര്‍ത്തുന്നുണ്ട്. പാകിസ്ഥാനിലെത്തുന്ന ചാരവനിതകളുടെ റീലിനും കുറവില്ല. പാകിസ്ഥാനിലെ തെരുവില്‍ കാണുന്ന ‘ഗോമാത’യെ വന്ദിക്കുന്ന ചാരവനിതയുടെ റീലിന് വന്‍ റീച്ചാണ്.

ആദ്യ രണ്ട് ദിവസത്തെ മോശം കളക്ഷന്‍ കാരണം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമെന്ന് പലരും വിധിയെഴുതിയ ചിത്രമായിരുന്നു ധുരന്ധര്‍. അക്ഷയ് ഖന്നയുടെ ഡാന്‍സ് വീഡിയോയുടെ തിയേറ്റര്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചിത്രം ട്രാക്കിലെത്തുകയായിരുന്നു. ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ധുരന്ധര്‍ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Dhurandhar spy memes trending in Instagram

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more