| Tuesday, 18th November 2025, 2:23 pm

വരുന്നവനും പോകുന്നവനും വയലന്‍സിന്റെ അങ്ങേയറ്റം, കിടിലോസ്‌കി സ്‌പൈ ആക്ഷന്‍ ലോഡിങ്, ധുരന്ധര്‍ ട്രെയ്‌ലറിന് വന്‍ വരവേല്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ പലരും കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വയലന്‍സിന്റെ അതിപ്രസരമാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറി അവിടെ ചാരവൃത്തി ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഓഫീസറായ മേജര്‍ മോഹിത് ശര്‍മയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഫ്തിഖര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ചാരനായി പ്രവര്‍ത്തിച്ച പട്ടാളക്കാരന്റെ കഥ ആദിത്യ ധര്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുകയാണ് ചെയ്തത്. പ്രധാന വില്ലനായ അര്‍ജുന്‍ രാംപാലിനെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഐ.എസ്.ഐയുടെ തലവനായ മേജര്‍ ഇഖ്ബാലിനെയാണ് അര്‍ജുന്‍ രാംപാല്‍ അവതരിപ്പിക്കുന്നത്. നിസ്സാരാക്കാരനല്ല വില്ലനെന്ന് ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തന്നെ സൂചന ലഭിക്കുന്നുണ്ട്.

ഛാവാ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റെ പുതിയ മുഖം വ്യക്തമാക്കിയ അക്ഷയ് ഖന്നയും ധുരന്ധറില്‍ വില്ലനായി വേഷമിടുന്നുണ്ട്. പാകിസ്ഥാനിലെ പ്രബല രാഷ്ട്രീയ നേതാവും അധോലോക നേതാവുമായ റഹ്‌മാന്‍ ദകായിത് എന്ന കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. ഒരുകാലത്ത് ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്ന അക്ഷയ് ഖന്നയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസഥനായി വേഷമിടുന്ന മാധവനും ട്രെയ്‌ലറില്‍ ഞെട്ടിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മാധവന്‍ ധുരന്ധറില്‍ വേഷമിടുന്നത്. അജയ് സാന്യാല്‍ എന്ന കഥാപാത്രം സിനിമയില്‍ കൈയടി നേടുമെന്ന് ഉറപ്പാണ്. ബോളിവുഡിന്റെ സ്വന്തം സഞ്ജു ബാബയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എസ്.പി. ചൗധരി അസ്‌ലം എന്ന കഥാപാത്രമായി സഞ്ജയ് ദത്തിന്റേത് അപാര സ്‌ക്രീന്‍ പ്രസന്‍സാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഏറ്റവുമൊടുവിലാണ് ചിത്രത്തിന്റെ നായകനായ രണ്‍വീര്‍ സിങ്ങിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അപാര സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് രണ്‍വീര്‍ സിങ് തകര്‍ത്താടിയ ട്രെയ്‌ലറാണ് പുറത്തുവന്നിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ഒട്ടും കൈകടത്താതെയിരുന്നാല്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായി ധുരന്ധര്‍ മാറും. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Dhurandhar movie trailer out now

We use cookies to give you the best possible experience. Learn more