| Wednesday, 4th February 2026, 4:31 pm

ഭീകരരെ സഹായിക്കുന്ന മാധ്യമങ്ങള്‍, ധുരന്ധറില്‍ ചര്‍ച്ചയാകുന്ന മുംബൈ ഭീകരാക്രണത്തിന്റെ ലൈവ് കവറേജ്

അമര്‍നാഥ് എം.

തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 1400 കോടിയിലേറെ നേടിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല സിനിമാപേജുകളിലും.

ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച രംഗങ്ങളിലൊന്നാണ് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍. പാകിസ്ഥാനില്‍ ചാരനായി പ്രവര്‍ത്തിക്കുന്ന നായകന്‍ അവിടെ നിന്നുകൊണ്ട് ഇന്ത്യയിലെ ഭീകരാക്രമണം ടി.വിയില്‍ കാണുന്ന രംഗം പലരെയും ഡിസ്റ്റര്‍ബ് ചെയ്തിട്ടുണ്ട്. ഈ രംഗത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ധുരന്ധര്‍ Photo: Netflix

ഇന്ത്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളെ ഏറ്റവുമധികം സഹായിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളാണെന്ന് പലരും അഭിപ്രായം പങ്കുവെച്ചു. താജ് ഹോട്ടലിന്റെ മുന്നില്‍ നിന്നുകൊണ്ട് ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയതും എന്‍.എസ്.ജി കമാന്‍ഡോകളുടെ നീക്കം റിപ്പോര്‍ട്ടിങ്ങിലൂടെ വെളിപ്പെടുത്തിയതും ഭീകരര്‍ക്ക് സഹായകമായെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഏതെല്ലാം വഴിയിലൂടെ കമാന്‍ഡോകള്‍ വരുന്നുണ്ടെന്ന് പാകിസ്ഥാനിലിരുന്നുകൊണ്ട് പ്രധാനവില്ലന്‍ തീവ്രവാദികള്‍ക്ക് വിവരം നല്‍കുന്ന രംഗം ധുരന്ധറിലുണ്ട്. സെന്‍സേഷന് വേണ്ടി നിരപരാധികളുടെ ജീവന്‍ കുരുതികൊടുത്ത നീക്കമെന്നാണ് പലരും മാധ്യമങ്ങളെ വിമര്‍ശിക്കുന്നത്. 2022ല്‍ റിലീസായ മേജര്‍ എന്ന തെലുങ്ക് ചിത്രത്തിലും ഇത്തരമൊരു രംഗമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ധുരന്ധര്‍ Photo: Netflix

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ബര്‍ഖ ദത്ത് അതിര്‍ത്തിയില്‍ നടത്തിയ ലൈവ് റിപ്പോര്‍ട്ടിങ്ങിനെയും ചിലര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പാകിസ്ഥാന്‍ ആര്‍മിക്ക് ഇന്ത്യന്‍ പട്ടാളത്തിന്റെ താവളങ്ങളെക്കുറിച്ച് അറിയാന്‍ ബര്‍ഖയുടെ നീക്കം സഹായകമായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു. ഇതേ അവസ്ഥയാണ് 2008ല്‍ മുംബൈയില്‍ ആവര്‍ത്തിച്ചതെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഒരാളുടെ റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാകരുതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള റെഡ് സ്‌ക്രീന്‍ സീനും പലരെയും ഡിസ്റ്റര്‍ബ് ചെയ്ത ഒന്നായിരുന്നു. ഈ സീനില്‍ രണ്‍വീറിന്റെ പ്രകടനത്തെയും പലരും അഭിനന്ദിക്കുന്നുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെങ്കിലും ചിത്രത്തില്‍ ബി.ജെ.പിയെ വെളുപ്പിച്ചുകൊണ്ടുള്ള ചില ഡയലോഗുകളും വിമര്‍ശനത്തിന് വിധേയമായിരുന്നു. മാധവന്‍ അവതരിപ്പിച്ച അജിത് സാന്യല്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗുകളെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി മാറി.

Content Highlight: Dhurandhar movie Mumbai terror attack scene discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more