| Sunday, 1st February 2026, 2:31 pm

ഇന്ത്യയിലും പാകിസ്താനിലും യു.എ.ഇയിലും നെറ്റ്ഫ്‌ളിക്‌സ് അടക്കിഭരിച്ച് ധുരന്ധര്‍, ടോക്‌സിക്കിനോട് റിലീസ് ഡേറ്റ് മാറ്റാന്‍ സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

തുടര്‍ച്ചയായ പരാജയങ്ങളില്‍ അടി തെറ്റിയ ബോളിവുഡിനെ കൈപിടിച്ചുയര്‍ത്തിയാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം 1300 കോടിയിലധികം നേടിയാണ് തിയേറ്റര്‍ വിട്ടത്. ആദ്യ ദിനം ചെറിയ കളക്ഷനില്‍ തുടങ്ങിയ ചിത്രം പിന്നീട് വന്‍ മുന്നേറ്റമാണ് ബോക്‌സ് ഓഫീസില്‍ നടത്തിയത്.

Photo: TOI

പാകിസ്ഥാനിലും ആറോളം ഗള്‍ഫ് രാജ്യങ്ങളിലും നിന്ന് നേരിട്ട വിലക്കിനെ അതിജീവിച്ചാണ് ധുരന്ധര്‍ ആയിരം കോടി ക്ലബ്ബെന്ന ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. തിയേറ്ററിലെ ജൈത്രയാത്രക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രശംസകളാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

പാകിസ്ഥാനിലും ബംഗ്ലാദേശിലും മറ്റ് മിഡില്‍ ഈസ്റ്റിലും അടക്കം 32 ഓളം രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് ടോപ് ട്രെന്‍ഡിങ് ചാര്‍ട്ടില്‍ മുന്നിട്ട് നില്‍ക്കുകയാണ് ധുരന്ധര്‍. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പല രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുകൊണ്ട് ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ചിത്രം ഇടം നേടിയിരിക്കുന്നത്.

ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിച്ച മുതല്‍ ചിത്രത്തിലെ രംഗങ്ങള്‍ക്കും ചിത്രം ആസ്പദമാക്കിയ യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികള്‍ക്കും വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ വലിയ ആവേശത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രത്തിലെ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന തുടങ്ങിയവരുടെ പ്രകടനത്തിന് വലിയ ആരാധക പ്രശംസയാണ് ലഭിക്കുന്നത്.

രാജ്യമെമ്പാടുമുള്ള സിനിമാപ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണ്ടതോടെ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ നിരീക്ഷകര്‍. ഇരു ചിത്രങ്ങളും മാര്‍ച്ച് 13 ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Photo: NDTV

ധുരന്ധറിലൂടെ ആദിത്യ ധര്‍ സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് നടത്തിയിരിക്കുന്നതെന്നും രണ്ടാം ഭാഗം സകല റെക്കോര്‍ഡുകളും തകര്‍ത്തെറിയുമെന്നുമാണ് ആരാധകരുടെ പ്രവചനം. എന്നാല്‍ ഒട്ടും ആവേശം ചോരാതെയാണ് മറുപുറത്ത് യഷിന്റെ ടോക്‌സിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Dhurandhar goes viral in Netflix in 32 countries

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more