| Friday, 26th December 2025, 5:36 pm

ഇവിടെ 1000 കോടി അടിക്കാന്‍ സീക്വലിന്റെ ആവശ്യമില്ല, ചര്‍ച്ചായി ബോളിവുഡ് ഇന്‍ഡസ്ട്രി, ലിസ്റ്റിലെ അവസാന എന്‍ട്രിയായി ധുരന്ധറും

അമര്‍നാഥ് എം.

റിലീസിന് മുമ്പ് 10 കോടി പോലും പ്രീ സെയിലിലൂടെ നേടാനാകാതെ ഫ്‌ളോപ്പാകുമെന്ന പലരും വിധിയെഴുതിയ ധുരന്ധര്‍ ഇന്ന് ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ നേട്ടത്തോടൊപ്പം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ധുരന്ധര്‍ സ്വന്തമാക്കി. ഇതോടെ ഈ എലീറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമായി ധുരന്ധര്‍ മാറി.

1000 കോടി നേടുന്ന മറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ധുരന്ധറിന്റെയും പ്രത്യേകതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ആമിര്‍ ഖാന്‍ നായകനായ ദംഗലാണ് ആദ്യമായി 1000 കോടി നേടുന്ന  ബോളിവുഡ് ചിത്രം. പിന്നീട് ഷാരൂഖ് ഖാന്റെ പത്താന്‍, ജവാന്‍ എന്നീ സിനിമകളും ഈ ലിസ്റ്റില്‍ ഇടംപിടിച്ചു. ഇപ്പോഴിതാ ധുരന്ധറും ഈ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്.

ധുരന്ധര്‍ Photo: Jio Studios/ X.com

ഒമ്പത് ഇന്ത്യന്‍ സിനിമകളാണ് ഇതുവരെ 1000 കോടി എന്ന അപൂര്‍വ നേട്ടത്തില്‍ ഇടംപിടിച്ചത്. ഇതില്‍ ബോളിവുഡിനൊപ്പം തെലുങ്കില്‍ നിന്നും നാല് സിനിമകളും ഈ ലിസ്റ്റിലുണ്ട്. ഈ എലീറ്റ് ക്ലബ്ബില്‍ കയറിയ നാലില്‍ രണ്ട് തെലുങ്ക് സിനിമകളും സീക്വലുകളാണ്. 2017ല്‍ പുറത്തിറങ്ങിയ ബാഹുബലി 2വും 2024ല്‍ റിലീസായ പുഷ്പ 2വുമാണ് ഇതിന് മുമ്പ് 1000 കോടി കണ്ട തെലുങ്ക് സിനിമകള്‍. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, പ്രഭാസ്- നാഗ് അശ്വിന്‍ കോമ്പോയിലെത്തിയ കല്‍ക്കി 2898 എ.ഡി എന്നിവയുമാണ് മറ്റ് ചിത്രങ്ങള്‍.

കന്നഡ ചിത്രം കെ.ജി.എഫ് 2വാണ് മറ്റൊരു 1000 കോടി ചിത്രം. സീക്വല്‍ ഹൈപ്പില്ലാതെ 1000 കോടി നേടിയ ഒരേയൊരു ഇന്‍ഡസ്ട്രി എന്ന നേട്ടം ബോളിവുഡിനാണ്. മറ്റ് ഇന്‍ഡസ്ട്രികള്‍ക്കൊന്നും ഈ നേട്ടം സ്വന്തമാക്കാനാകാത്തതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. അഞ്ച് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന് തിരിച്ചുവരവില്‍ ബാക്ക് ടു ബാക്ക് 1000 കോടി നേടിയ ഷാരൂഖ് ഖാന്‍ കാണിച്ച മാസ് കംബാക്ക് പലരെയും ഞെട്ടിച്ചിരുന്നു.

ദംഗല്‍ Photo: IMDB

വെറുമൊരു ബയോപിക്കിലൂടെ ഈ നേട്ടത്തിലെത്തിയ ദംഗലും ചര്‍ച്ചാവിഷയമാണ്. 1000 കോടിയില്‍ പകുതിയും ചൈനയിലെ റിലീസിന് ശേഷമാണ് ദംഗലിന് ലഭിച്ചത്. ധുരന്ധറാകട്ടെ പല പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് ഈ നേട്ടത്തിലെത്തിയത്. ആദ്യദിനം പലയിടത്തും ഷോ ക്യാന്‍സലായി ധുരന്ധറിന്റെ വമ്പന്‍ ഉയര്‍ത്തെഴുന്നേല്പ്പിനാണ് ഇന്ത്യന്‍ സിനിമാലോകം പിന്നീട് കണ്ടത്.

പത്താന്‍, ജവാന്‍ Photo: Theatrical poster

‘A’ സര്‍ട്ടിഫിക്കറ്റ്, ജി.സി.സി രാജ്യങ്ങളിലെ വിലക്ക്, മൂന്നര മണിക്കൂറിലധികം ദൈര്‍ഘ്യം എന്നീ ഘടകങ്ങളുണ്ടായിട്ടുകൂടി ധുരന്ധര്‍ നേടിയ വിജയം ചരിത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സംവിധായകന്‍ ആദിത്യ ധര്‍ ബി.ജെ.പി ഗവണ്മെന്റിനെ സ്തുതിക്കുന്ന ഡയലോഗ് ഉള്‍പ്പെടുത്തിയതിനെ പലരും വിമര്‍ശിക്കുന്നുമുണ്ട്. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാം ഭാഗം ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുമെന്ന് ഉറപ്പാണ്.

Content Highlight: Dhurandhar entered in 1000 crore club within 21 days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more