ഇന്‍സ്റ്റഗ്രാം മുഴുവന്‍ ഇപ്പോള്‍ ഭരിക്കുന്നത് ബോളിവുഡ് താരം അക്ഷയ് ഖന്നയാണ്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ധുരന്ധറിലെ ഗാനരംഗത്തില്‍ അക്ഷയ് ഖന്നയുടെ സ്‌ക്രീന്‍ പ്രസന്‍സ് പലരെയും അത്ഭുതപ്പെടുത്തുകയാണ്. ഫ്‌ളിപ്പറാച്ചി എന്ന റാപ്പറുടെ ഗാനമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അക്ഷയ് ഖന്ന ചിത്രത്തില്‍. Photo: screen grab/ srb news/ youtube.com
അക്ഷയ് ഖന്ന എന്ന പേരിന് പകരം ഓറ ഖന്ന എന്ന് തിരുത്തിയാണ് ഇന്‍സ്റ്റഗ്രാമിലെ പല റീലുകളിലും താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫീല്‍ഡ് ഔട്ടിന്റെ വക്കില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ക്യാരക്ടര്‍ റോളുകളിലേക്ക് തിരിഞ്ഞ അക്ഷയ് ഖന്നയാണ് സിനിമാപേജുകളുടെ പ്രധാന ചര്‍ച്ച.
എന്നാല്‍ ധുരന്ധറിലെ ഈ ഗാനത്തിന്റെ എഡിറ്റ് വീഡിയോകള്‍ക്കും വലിയ റീച്ചാണ്. ഫ്‌ളിപ്പറാച്ചിയുടെ ഗാനത്തിന് മറ്റ് താരങ്ങള്‍ ചുവടുവെക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലായി. ഷാര്‍ജ 2 ഷാര്‍ജ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ’ എന്ന ഗാനത്തിന്റെ വീഡിയോയും ഈ പാട്ടും മിക്‌സ് ചെയ്ത വീഡിയോയാണ് ഇതില്‍ പ്രധാനം. ഒറിജിനലിനോട് കിട പിടിക്കുന്ന എഡിറ്റാണ് വീഡിയോയുടെ പ്രത്യേകത. ശ്രേയസ് എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.
പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രത്തിനും ഈ പാട്ട് ചേരുന്നുണ്ട്. ചിത്രത്തിലെ ‘തേവര തെരുവിലിന്ന്’ എന്ന ഗാനരംഗത്തില്‍ സലിംകുമാറിന്റെ ഇന്‍ട്രോയും ധുരന്ധറിലെ ഗാനവും മിക്‌സ് ചെയ്ത വീഡിയോക്കും വന്‍ റീച്ചാണ്. ‘റെഡ് എഡിറ്റ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ വീഡിയോക്ക് പിന്നില്‍.
കല്യാണരാമനിലെ മിസ്റ്റര്‍ പോഞ്ഞിക്കരക്കും ഈ പാട്ട് ചേരുമെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. കൂടെയുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം മാസായി നടന്നുവരുന്ന പോഞ്ഞിക്കരയുടെ വീഡിയോക്ക് ഈ പാട്ട് മിക്‌സ് ചെയ്തപ്പോള്‍ വന്‍ ഓറയാണ് തോന്നുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷം മുമ്പ് പുറത്തുവിട്ട റാപ്പ് ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. അടുത്തിടെ ഒരു ബോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച വിദേശ ഗാനങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇനി കുറച്ചുകാലത്തേക്ക് F9La തന്നെയാകും സോഷ്യല്‍ മീഡിയ ഭരിക്കുക.
Content Highlight: Dhurandhar edit troll videos viral