| Wednesday, 24th December 2025, 9:19 pm

ചാരന്റെ വരവില്‍ അനിമല്‍ വരെ ചാരമായി, ഇനി തീര്‍ക്കാനുള്ളത് പുഷ്പയെ... ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതി ധുരന്ധര്‍

അമര്‍നാഥ് എം.

‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഇനി ധുരന്ധറിന്റെ ഭരണം. രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും വലിയ ഹിറ്റായ അനിമലിനെയാണ് ധുരന്ധര്‍ തകര്‍ത്തുവിട്ടത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 930 കോടിയാണ് ധുരന്ധര്‍ നേടിയത്. അനിമലിന്റെ 917 കോടി ഇനി പഴങ്കഥയായിരിക്കുകയാണ്.

ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിനം 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ എന്ന റെക്കോഡും ധുരന്ധറിന്റെ പേരിലാണ്. 18 ദിവസമാണ് ചിത്രം തുടര്‍ച്ചയായി വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് 20 കോടിക്ക് മുകളില്‍ നേടിയത്. കാന്താര ചാപ്റ്റര്‍ വണ്ണിനെ മറികടന്ന് ഇയര്‍ ടോപ്പറാകാനും ധുരന്ധറിന് സാധിച്ചു.

ഈ വര്‍ഷത്തെ ആദ്യത്തെ/ ഒരേയൊരു 1000 കോടി ചിത്രമെന്ന റെക്കോഡും ധുരന്ധറിന്റെ പേരിലാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ തന്നെ ചിത്രം ഈ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. രണ്‍വീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് ധുരന്ധര്‍. ഈ വര്‍ഷം അവസാനം തിയേറ്ററിലെത്തി വമ്പന്‍ കുതിപ്പാണ് ധുരന്ധര്‍ നടത്തുന്നത്.

ഒരുദിവസം ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായും ധുരന്ധര്‍ മാറി. പുഷ്പ 2വിനെ മറികടന്ന് ഒരുദിവസം 58 കോടിയോളം ധുരന്ധര്‍ സ്വന്തമാക്കിയിരുന്നു. ആദ്യദിവസങ്ങളില്‍ വേണ്ടത്ര കളക്ഷന്‍ ലഭിക്കാതെ പോയ ധുരന്ധര്‍ പിന്നീട് വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ബോക്‌സ് ഓഫീസില്‍ ട്രാക്കില്‍ കയറിയത്.  ബി.ജെ.പി. ഗവണ്മെന്റിനെ സ്തുതിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണ് ധുരന്ധറെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മാധവന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് വിമര്‍ശനത്തിന് ആധാരമായിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായാണ് ധുരന്ധര്‍ പുറത്തിറങ്ങുന്നത്. പാകിസ്ഥാനിലെ അധോലോകത്തില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ധുരന്ധര്‍ പറയുന്നത്. ഹംസ അലി മസാരി എന്ന ചാരനായാണ് രണ്‍വീര്‍ ധുരന്ധറില്‍ വേഷമിട്ടത്. ചിത്രത്തില്‍ രണ്‍വീറിന് പുറമെ വന്‍ താരനിര അണിനിരന്നിരുന്നു. അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മൂന്നര മണിക്കൂറിലധികം ദൈര്‍ഘ്യവുമായി തിയേറ്ററിലെത്തിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. മേക്കിങ്ങിലും പെര്‍ഫോമന്‍സിലും ധുരന്ധര്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 2026 മാര്‍ച്ച് 19നാണ് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. പാന്‍ ഇന്ത്യന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Content Highlight: Dhurandhar crossed Animal movie Collection

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more