| Friday, 12th December 2025, 1:45 pm

ഛാവായുടെയും കാന്താരയുടെയും റെക്കോഡുകള്‍ സേഫല്ല, 300 കോടി കടന്ന് ധുരന്ധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് ആദ്യ വാരത്തിനുള്ളില്‍ ചിത്രം 300 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു.

ഇന്ത്യയില്‍ നിന്ന് 241 കോടി നേടിയ ചിത്രം ഓവര്‍സീസില്‍ നിന്ന് 60 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷം ബോളിവുഡിലെ ഏറ്റവുമുയര്‍ന്ന നാലാമത്തെ ഉയര്‍ന്ന കളക്ഷനാണ് ധുരന്ധര്‍ സ്വന്തമാക്കിയിരിക്കുന്നത്. വിക്കി കൗശല്‍ നായകനായെത്തിയ ഛാവായാണ് ഒന്നാം സ്ഥാനത്ത്. 800 കോടിയിലേറെ ചിത്രം സ്വന്തമാക്കി.

മോഹിത് സൂരിയുടെ പ്രണയ ചിത്രം സൈയാരയാണ് രണ്ടാം സ്ഥാനത്ത്. 520 കോടിയാണ് ചിത്രം നേടിയത്. പരാജയമായിരുന്നെങ്കിലും ഹൃതിക് റോഷന്റെ വാര്‍ 2 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി. ഈ ലിസ്റ്റിന്റെ ടോപ്പില്‍ അധികം വൈകാതെ ധുരന്ധറും ഇടം പിടിക്കുമെന്നാണ് വിലയിരുത്തല്‍.

ജനുവരി 23 വരെ ബോളിവുഡില്‍ വമ്പന്‍ റിലീസുകളൊന്നുമില്ലാത്തത് ചിത്രത്തിന് ഗുണകരമാണ്. ലോങ് റണ്ണിലൂടെ കളക്ഷന്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം കാരണം ഷോകളുടെ എണ്ണം കുറയുന്നത് മാത്രമാണ് ചിത്രം നേരിടുന്ന പ്രധാന വെല്ലുവിളി.

കൂടുതല്‍ സെന്ററുകളില്‍ വരും ദിവസം ധുരന്ധര്‍ പ്രദര്‍ശിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ക്രിസ്മസ് അവധി പരമാവധി മുതലെടുക്കുക എന്നതാണ് ലക്ഷ്യം. ഈ വര്‍ഷത്തെ മൂന്നാമത്തെ 500 കോടി ചിത്രമായി ധുരന്ധര്‍ മാറുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

രണ്‍വീര്‍ സിങ്ങിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. അക്ഷയ് ഖന്ന, അര്‍ജുന്‍ റാംപാല്‍, മാധവന്‍, സഞ്ജയ് ദത്ത് എന്നിവര്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. 2026 മാര്‍ച്ചില്‍ ധുരന്ധര്‍ 2 തിയേറ്ററുകളിലെത്തും.

Content Highlight: Dhurandhar crossed 300 crore milestone in Box Office

We use cookies to give you the best possible experience. Learn more