| Monday, 22nd December 2025, 8:16 am

ബോക്‌സ് ഓഫീസില്‍ മാത്രമല്ല, സ്‌പോട്ടിഫൈ അടക്കം സകല മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ധുരന്ധര്‍ ഡൊമിനേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ എന്നല്ല, ബോളിവുഡിലെ സര്‍വകാല വിജയത്തിലേക്ക് കുതിക്കുകയാണ് ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം 700 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കി മുന്നോട്ട് പോവുകയാണ്. ബോളിവുഡിലെ അടുത്ത 1000 കോടി ചിത്രമായി ധുരന്ധര്‍ മാറിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ മാത്രമല്ല, ഓണ്‍ലൈന്‍ മ്യൂസിക് ആപ്പുകളിലും ധുരന്ധറിന്റെ ഡൊമിനേഷനാണ് കാണാന്‍ സാധിക്കുന്നത്. ആമസോണ്‍ മ്യൂസിക്, സ്‌പോട്ടിഫൈ, യൂട്യൂബ് മ്യൂസിക് തുടങ്ങിയ ആപ്പുകളിലെല്ലാം ധുരന്ധറിന്റെ ആല്‍ബം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി രണ്ട് ബില്യണിലധികം വ്യൂസും സ്ട്രീമും ധുരന്ധര്‍ ആല്‍ബം സ്വന്തമാക്കിക്കഴിഞ്ഞു.

സ്‌പോട്ടിഫൈയില്‍ ഗ്ലോബല്‍ ആല്‍ബങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ധുരന്ധര്‍. യൂട്യൂബില്‍ ഒരുദിവസം ഏറ്റവും കൂടുതല്‍ തവണ പ്ലേ ചെയ്യുന്ന ഗാനങ്ങളുടെ പട്ടികയില്‍ ധുരന്ധറിലെ പാട്ടുകളെല്ലാം ട്രെന്‍ഡിലാണ്. ‘ഷാരത്’ എന്ന ഗാനമാണ് ഒന്നാം സ്ഥാനത്ത്. ആമസോണ്‍ മ്യൂസിക്കിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യന്‍ വേര്‍ഷനില്‍ ഏറ്റവുമധികം പ്ലേ ചെയ്ത ഗാനങ്ങളില്‍ പലതും ധുരന്ധറിലേതാണ്.

ശാശ്വത് സച്ച്‌ദേവ് ഒരുക്കിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണ്. പുതിയ ഗാനങ്ങള്‍ക്കൊപ്പം ബോള്വിഡുലെ വിന്റേജ് ഗാനങ്ങള്‍ കൃത്യമായി പ്ലേയ്‌സ് ചെയ്തതിന് തിയേറ്ററില്‍ വന്‍ സ്വീകരണമായിരുന്നു. ബോളിവുഡിലെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളായ ‘റംബാ ഹോ’, ‘മോണിക്കാ ഓ മൈ ഡാര്‍ലിങ്’ ‘ഹവാ ഹവാ’ ‘നാ വേ ദില്‍ പര്‍ദേസി’ തുടങ്ങിയ ഗാനങ്ങളെല്ലാം കൃത്യമായ സമയത്ത് പ്ലെയ്‌സ് ചെയ്തത് കൈയടി നേടി.

ടൈറ്റില്‍ സോങ്ങായ ‘ഇഷ്‌ക് ജലാക്കറും’ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഈ ഗാന ഇന്‍സ്റ്റഗ്രാമടക്കം പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബമെന്നാണ് പലരും ധുരന്ധറിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ധുരന്ധര്‍ മാറുമെന്നാണ് കണക്കുകൂട്ടല്‍.

‘A’ സര്‍ട്ടിഫിക്കറ്റുമായി ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി ധുരന്ധര്‍ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ വിലക്ക് നേടിയിട്ടും ബോക്‌സ് ഓഫീസില്‍ അത്ഭുതകരമായ കുതിപ്പാണ് ചിത്രം നടത്തുന്നത്. അടുത്തൊന്നും ബോളിവുഡില്‍ വലിയ റിലീസുകളില്ലാത്തത് ചിത്രത്തിന് വലിയ അഡ്വാന്റേജാണ്.

Content Highlight: Dhurandhar Album trending in Music apps like Spotify

We use cookies to give you the best possible experience. Learn more