ബോക്‌സ് ഓഫീസില്‍ റെക്കോഡുകളൊന്നും ബാക്കിവെക്കാതെ എല്ലാം സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ് ധുരന്ധര്‍ 2. റിലീസ് ചെയ്ത് രണ്ടാം വാരം പിന്നിടുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെറും 12 ദിവസം കൊണ്ട് ധുരന്ധര്‍ 1ന്റെ കളക്ഷന്‍ മറികടക്കാന്‍ രണ്ടാം ഭാഗത്തിന് സാധിച്ചിരിക്കുകയാണ്.
ആദ്യഭാഗത്തെപ്പോലെ ലോങ് റണ്‍ ലഭിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ 2000 കോടി എന്ന ചരിത്രനേട്ടം ധുരന്ധര്‍ 2 സ്വന്തമാക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1407 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. ധുരന്ധര്‍ 1നെ തകര്‍ത്ത് അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി രണ്ടാം ഭാഗം മാറുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ബോക്‌സ് ഓഫീസ് റെക്കോഡുകളും ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയിലും ധുരന്ധര്‍ 2 ചരിത്രമെഴുതിയിരിക്കുകയാണ്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് 1.4 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. ഒരുദിവസം 10 ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റ ചരിത്രവും ധുരന്ധര്‍ 2നുണ്ടായിരുന്നു.
ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് തെലുങ്ക് ചിത്രം പുഷ്പ 2 ആണ്. 2.04 കോടി ടിക്കറ്റുകളാണ് പുഷ്പ 2ന്റേതായി ബുക്ക്‌മൈഷോയില്‍ വിറ്റുപോയത്. ഇനിയുള്ള ദിവസങ്ങളില്‍ പുഷ്പയും ധുരന്ധര്‍ 2ന് മുന്നില്‍ വീഴുമെന്നാണ് കണക്കുകൂട്ടല്‍. ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ധുരന്ധര്‍ 2ഉം 1ഉം ആണ്. കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്ണാണ് നാലാം സ്ഥാനത്ത്.
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കൂടുതല്‍ സ്വാധീനം നോര്‍ത്ത് മാര്‍ക്കറ്റില്‍ നേടിയതോടെ പഴയ പ്രതാപം നഷ്ടപ്പെട്ട ബോളിവുഡിന്റെ തിരിച്ചുവരവെന്നാണ് ധുരന്ധറിന്റെ വിജയത്തെ പലരും വിശേഷിപ്പിക്കുന്നത്. ഷാരൂഖ് ഖാന് ശേഷം തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ സ്വന്തമാക്കുന്ന നടനെന്ന നേട്ടം ധുരന്ധര്‍ ഫ്രാഞ്ചൈസിലൂടെ രണ്‍വീര്‍ തന്റെ പേരിലാക്കി.
എന്നാല്‍ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പല വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മോദി ഗവണ്മെന്റിനെ മനപൂര്‍വം വെള്ളപൂശുന്ന ചിത്രമാണ് ധുരന്ധര്‍ 2 എന്ന് പലരും അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലെ പരാജയമായ പല നീക്കങ്ങളെയും വെള്ളപൂശുന്ന സംവിധായകന്‍ ആദിത്യ ധറിനെ പലരും വിമര്‍ശിച്ചു. മികച്ച മേക്കിങ്ങും പെര്‍ഫോമന്‍സുകളുമുള്ള പ്രൊപ്പഗണ്ട ചിത്രമാണ് ധുരന്ധര്‍ 2 എന്നും വിമര്‍ശനങ്ങളുണ്ട്.
Content Highlight: Dhurandhar 2 sold 14 million tickets in Bookmyshow
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ