| Sunday, 8th March 2026, 7:00 pm

റിലീസിന്റെ തലേന്ന് 5500 പ്രീമിയര്‍ ഷോ, അഡ്വാന്‍സ് സെയില്‍ ഇതുവരെ പത്ത് കോടി, ഇന്ത്യ മുഴുവന്‍ ധുരന്ധര്‍ ഫീവറെന്ന് ട്രാക്കര്‍മാര്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ധുരന്ധര്‍ 2. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. രണ്ടാം ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് പലരുടെയും കണക്കുകൂട്ടല്‍. കഴിഞ്ഞദിവസം പുറത്തുവിട്ട ട്രെയ്‌ലറിനും ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്.

മാര്‍ച്ച് 19നാണ് ചിത്രത്തിന്റെ റിലീസ്. എന്നാല്‍ തലേദിവസം പെയ്ഡ് പ്രീമിയറുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പ്രീമിയര്‍ ഷോയ്ക്കുള്ള അഡ്വാന്‍സ് ബുക്കിങ്ങും കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ഗംഭീര ബുക്കിങ്ങാണ് ധുരന്ധര്‍ 2ന് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം 5500 ഷോകളാണ് ധുരന്ധര്‍ 2നായി ചാര്‍ട്ട് ചെയ്തത്.

ഇതില്‍ പലതും ഇതിനോടകം ഹൗസ്ഫുള്ളായി കഴിഞ്ഞു. പ്രീ സെയിലിലൂടെ മാത്രം 9.32 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് രണ്ടാഴ്ചയോളം ബാക്കിനില്‌ക്കെ കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം പ്രീമിയര്‍ നടത്തുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യദിവസം തന്നെ 20 ശതമാനത്തിലധികം ഷോകള്‍ ഹൗസ്ഫുള്ളായിക്കഴിഞ്ഞു.

ഇപ്പോഴുള്ള ഹൈപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആദ്യദിനം 200 കോടിയോളം ധുരന്ധര്‍ 2 നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ധുരന്ധറിന്റെ ആദ്യഭാഗം വെറും 28 കോടി മാത്രമായിരുന്നു നേടിയത്. ആദ്യവാരത്തിലെ കളക്ഷനില്‍ പിന്നോട്ട് പോയെങ്കിലും പിന്നീട് വലിയ കുതിപ്പായിരുന്നു ധുരന്ധര്‍ നേടിയത്. രണ്ടാം ഭാഗത്തിന് ഇത്തരമൊരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ നേരിടേണ്ടി വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.


ജി.സി.സി രാജ്യങ്ങളില്‍ വിലക്കുണ്ടെങ്കിലും മറ്റ് പ്രവിശ്യകളില്‍ ചിത്രം ഗംഭീര കളക്ഷന്‍ നേടുമെന്ന് ഉറപ്പാണ്. നോര്‍ത്ത് അമേരിക്കയിലെ പ്രീ സെയില്‍ കളക്ഷനിലും ഗംഭീര നേട്ടമാണ് ധുരന്ധര്‍ 2 സ്വന്തമാക്കിയത്. 25 ലക്ഷത്തോളമാണ് ചിത്രം ഇതുവരെ നേടിയത്. ഇന്ത്യയിലും റെക്കോഡ് റിലീസ് തന്നെയാകും ധുരന്ധറിന്. ക്ലാഷ് റിലീസിനെത്തേണ്ടിയിരുന്ന ടോക്‌സിക് പിന്‍വാങ്ങിയതും ധുരന്ധര്‍ 2ന് മുതല്‍ക്കൂട്ടായിരിക്കുകയാണ്.

5000ലധികം സ്‌ക്രീനുകളാണ് ധുരന്ധര്‍ 2 ലക്ഷ്യം വെക്കുന്നത്. ആദ്യഭാഗവും രണ്ടാം ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റാക്കിയ സിനിമകളുടെ ലിസ്റ്റില്‍ ധുരന്ധര്‍ 2ന്റെ പേരുമുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യഭാഗത്തെക്കാള്‍ ഇരട്ടി ഡോസിലാകും ഇത്തവണ വയലന്‍സും ആക്ഷനുമെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Content Highlight: Dhurandhar 2 premiere pre sales crossed 10 crores

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more