| Thursday, 25th December 2025, 10:31 pm

റോക്കി ഭായ്ക്ക് ക്ലാഷ് വെച്ച് ധുരന്ധര്‍, 2026 മാര്‍ച്ചില്‍ ബോക്‌സ് ഓഫീസിന് പഞ്ഞിക്കിടല്‍ ഉറപ്പ്

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ആദ്യത്തെ 1000 കോടി ക്ലബ്ബില്‍ ഇടംനേടാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. റിലീസ് ചെയ്ത് 20 ദിവസം പിന്നിട്ടിട്ടും കളക്ഷന്റെ കാര്യത്തില്‍ ഒരിടിവും സംഭവിക്കാത്ത ധുരന്ധര്‍ ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ധുരന്ധര്‍ അവസാനിച്ചത്.

ഇപ്പോഴിതാ ധുരന്ധര്‍ 2വിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2026 മാര്‍ച്ച് 19ന് ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യനായാണ് ധുരന്ധര്‍ പാര്‍ട്ട് 2: ദി റിവഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തുക.

എന്നാല്‍ മാര്‍ച്ച് 19ന് ധുരന്ധറിനൊപ്പം മറ്റൊരു ബിഗ് ബജറ്റ് ചിത്രവും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. യഷ് നായകനായ പാന്‍ വേള്‍ഡ് ചിത്രം ടോക്‌സിക്കുമായാണ് ധുരന്ധറിന്റെ ക്ലാഷ്. വന്‍ ബജറ്റിലെത്തുന്ന ടോക്‌സിക് ധുരന്ധറിന് വെല്ലുവിളിയാകുമെന്നാണ് പലരും കരുതുന്നത്. കെ.ജി.എഫ് 2വിന് ശേഷം യഷ് നായകനാകുന്ന ചിത്രം മൂന്ന് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടിനൊടുവിലാണ് പൂര്‍ത്തിയായത്.

650 കോടി ബജറ്റിലാണ് ടോക്‌സിക് പൂര്‍ത്തിയായത്. പലകുറി സ്‌ക്രിപ്റ്റ് തിരുത്തിയും ഷെഡ്യൂളുകള്‍ മാറ്റിയും ഒരുവേള മുടങ്ങുമെന്ന അവസ്ഥയില്‍ ടോക്‌സിക് എത്തിയിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ക്രെഡിറ്റില്‍ ഗീതു മോഹന്‍ദാസിനൊപ്പം യഷിന്റെ പേരും പോസ്റ്ററില്‍ വന്നത് വലിയ ചര്‍ച്ചയായി. മാര്‍ച്ച് 19ന് തന്നെ ചിത്രം റിലീസാകുമെന്ന് ടോക്‌സിക്കിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ബോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയുന്ന ധുരന്ധറിന് മുന്നില്‍ ടോക്‌സിക് പിടിച്ചുനില്‍ക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്ലാഷാകും ഇതെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഹൈപ്പിന്റെ കാര്യത്തില്‍ ധുരന്ധറാണ് മുന്നിലെങ്കിലും ഗംഭീര ടീസര്‍ പുറത്തിറക്കിയാല്‍ ടോക്‌സിക്കിന് മുന്നിലെത്താം.

കെ.ജി.എഫ് എന്ന ഒറ്റ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് യഷ് സ്വന്തമാക്കിയത്. എന്നാല്‍ കെ.ജി.എഫ് 2വിന് ശേഷം കരിയറിലെ മൂന്ന് വര്‍ഷം ടോക്‌സിക്കിന് വേണ്ടിയാണ് യഷ് മാറ്റിവെച്ചത്. അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. കിയാര അദ്വാനി, നയന്‍താര, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താരാ സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. വമ്പന്മാര്‍ തമ്മിലുള്ള ക്ലാഷില്‍ ആര് വാഴുമെന്ന് മാര്‍ച്ച് 19ന് അറിയാനാകും.

Content Highlight: Dhurandhar 2 movie going to clash with Toxic movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more