| Thursday, 16th April 2026, 9:24 pm

ഒരു മാസം കൊണ്ട് ബാഹുബലി 2 തീര്‍ന്നു, പക്ഷേ രണ്ട് ധുരന്ധര്‍ വിചാരിച്ചിട്ടും വീഴ്ത്താനാകാതെ ദംഗല്‍

അമര്‍നാഥ് എം.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ കൈപ്പിടിയിലൊതുക്കിയ ഇന്‍ഡസ്ട്രിയായിരുന്നു ബോളിവുഡ്. എന്നാല്‍ ഇടക്ക് ബോളിവുഡിന് അവരുടെ പ്രതാപം നഷ്ടപ്പെടുകയും തെലുങ്ക് ഇന്‍ഡസ്ട്രി നോര്‍ത്ത് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ബാഹുബലി, പുഷ്പ 2 എന്നീ ചിത്രങ്ങള്‍ ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറി.

പുഷ്പ 2 നേടിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ധുരന്ധറിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ തങ്ങളുടെ പേരിലാക്കി. കഴിഞ്ഞമാസം തിയേറ്ററുകളിലെത്തിയ ധുരന്ധര്‍ 2 ബോക്‌സ് ഓഫീസില്‍ നിന്ന് 1700 കോടിയിലേറെ ഇതിനോടകം സ്വന്തമാക്കി. ഇപ്പോഴിതാ ബാഹുബലി 2ന്റെ വേള്‍ഡ്‌വൈഡ് കളക്ഷനും ധുരന്ധര്‍ 2 തങ്ങളുടെ പേരിലാക്കി.

ബോളിവുഡ് തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ പോകുന്നു എന്നാണ് ധുരന്ധറിന്റെ വിജയത്തിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത മേക്കിങ്ങും അഭിനേതാക്കളുടെ പെര്‍ഫോമന്‍സുമെല്ലാമാണ് ധുരന്ധറിന്റെ ഹൈലൈറ്റ്. എന്നാല്‍ ധുരന്ധറിന്റെ രണ്ട് ഭാഗങ്ങള്‍ വിചാരിച്ചിട്ട് പോലും തകര്‍ക്കാനാകാത്ത മറ്റൊരു റെക്കോഡാണ് സിനിമാപേജുകളിലെ ചര്‍ച്ച.

ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയുടെ റെക്കോഡ് ധുരന്ധറിന് സ്വന്തമാക്കാനായിട്ടില്ല. ആമിര്‍ ഖാന്‍ നായകാനയെത്തിയ ദംഗലാണ് ഇപ്പോള്‍ ഈ റെക്കോഡ് കൈയില്‍ വെച്ചിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം 2000 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. പത്ത് വര്‍ഷത്തിനിപ്പുറവും ഈ നേട്ടം മറികടക്കാന്‍ മറ്റൊരു സിനിമക്കും സാധിച്ചിട്ടില്ല.

ഇന്ത്യയില്‍ നിന്നും ഓവര്‍സീസില്‍ നിന്നുമെല്ലാം 700 കോടിയോളമായിരുന്നു ചിത്രം നേടിയത്. ചൈനയില്‍ നിന്ന് മാത്രം 1300 കോടിയിലധികം നേടിയാണ് ദംഗല്‍ സിനിമാലോകത്തെ ഞെട്ടിച്ചത്. ഇത്രയും വര്‍ഷമായിട്ടും മറ്റൊരു സിനിമക്കും ഈ നേട്ടം മറികടക്കാനാകാത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും സ്വന്തമാക്കിയ ധുരന്ധറിന്റെ രണ്ട് ഭാഗത്തിനും ദംഗലിന് മറികടക്കാനാകാത്തതോടെ ഈ നേട്ടം ആര് തകര്‍ക്കുമെന്നാണ് പലരും ചോദിക്കുന്നത്.

രണ്ട് ഭാഗത്തിനും ‘A’ സര്‍ട്ടിഫിക്കറ്റും ആറോളം രാജ്യങ്ങളിലും വിലക്കുമുണ്ടായിരുന്നു. എന്നിട്ടും വന്‍ കളക്ഷന്‍ നേടി ധുരന്ധര്‍ ചരിത്രം രചിച്ചു. എന്നാല്‍ ധുരന്ധറിന്റെ രണ്ടാം ഭാഗത്തില്‍ മോദി ഗവണ്മെന്റിനെ മനപൂര്‍വം വെളുപ്പിച്ചതോടെ ചിത്രം പ്രൊപ്പഗണ്ട ഒളിച്ചുകടത്തുന്നു എന്ന് പലരും വിമര്‍ശിച്ചു. രണ്‍വീര്‍ സിങ്ങിന്റെ പ്രകടനമാണ് ധുരന്ധറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Content Highlight: Dhurandhar 2 cannot cross the worldwide collection of Dangal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more