തമിഴിലെ താരകുടുംബങ്ങളില്‍ ഏറ്റവും ആരാധകരുള്ള കുടുംബമാണ് വിക്രമിന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന സിനിമയിലേക്കെത്തിയ ധ്രുവ് വിക്രം ഓരോ സിനിമ കഴിയുന്തോറും മികച്ച നടനെന്ന പേര് നിലനിര്‍ത്തുന്നുണ്ട്. അച്ഛനുമൊത്തുള്ള രസകരമായി അനുഭവങ്ങള്‍ ധ്രുവ് പങ്കുവെക്കുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.
അടുത്തിടെ ബൈസണ്‍ സിനിമയുടെ പ്രൊമോഷന്‍ സമയത്ത് വിക്രമിന്റെ കൈയില്‍ നിന്ന് അടി കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് ധ്രുവ് വിക്രം. ജീവിതത്തില്‍ വളരെ കുറച്ച് മാത്രമേ അച്ഛന്‍ തന്നെ തല്ലിയുട്ടുള്ളൂവെന്ന് ധ്രുവ് പറഞ്ഞു. അതില്‍ ഒരിക്കലും മറക്കാനാകാത്തത് പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നെന്നും താരം പറഞ്ഞു. വിജയ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.
‘ഐ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ആ പടത്തിന്റെ ലുക്കോ മറ്റ് കാര്യങ്ങളോ പുറത്താരും കാണരുതെന്ന് ഷങ്കര്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ പടത്തിലെ ‘മെറസലായിട്ടേന്‍ എന്ന പാട്ടിന്റെ ഷൂട്ടും കമ്പോസിങ്ങുമെല്ലാം കഴിഞ്ഞ് അച്ഛന്റെ കൈയില്‍ അതിന്റെ ഫയല്‍ ഷങ്കര്‍ സാര്‍ കൊടുത്തുവിട്ടു. അച്ഛന് കാണാന്‍ വേണ്ടിയായിരുന്നു കൊടുത്തത്.
സ്‌കൂളില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ അത് പെന്‍ ഡ്രൈവിലാക്കി കൊണ്ടുപോയി. എന്നിട്ട് ക്ലാസിലെ എല്ലാ പിള്ളേര്‍ക്കും കാണിച്ചുകൊടുത്തു. ഇതുവരെ ഒരു ഡീറ്റെയിലും വരാത്ത പടത്തിലെ പാട്ട് എല്ലാവര്‍ക്കും കാണിച്ചതോടെ ക്ലാസിലെ മെയിന്‍ പുള്ളി ഞാനായി. ക്ലാസില്‍ വല്ലാത്തൊരു ഹീറോ ഇമേജായിരുന്നു എനിക്കന്ന് കിട്ടിയത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ നല്ല ദേഷ്യത്തില്‍ നില്‍ക്കുന്നതായിരുന്നു കണ്ടത്. ബോഡി ബില്‍ഡറിന്റെ ഗെറ്റപ്പിലായിരുന്നു ആ സമയത്ത് പുള്ളി. അടുത്തേക്ക് ചെന്നപ്പോള്‍ പുറത്ത് നല്ലൊരു അടി തന്നു. അഞ്ച് വിരലിന്റെയും പാട് കറക്ടായി പുറത്ത് പതിഞ്ഞു. അത് മാറാന്‍ ഒരാഴ്ച സമയമെടുത്തു. നല്ല വേദനയായിരുന്നു’ ധ്രുവ് വിക്രം പറയുന്നു.
ക്ലാസില്‍ ചെയ്ത കാര്യം വീട്ടിലെങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിനും ധ്രുവ് മറുപടി നല്കി. അതേ സ്‌കൂളില്‍ തന്നെയായിരുന്നു തന്റെ സഹോദരി പഠിച്ചതെന്നും താന്‍ എല്ലാവര്‍ക്കും പാട്ട് കാണിച്ചുകൊടുത്ത കാര്യം അച്ഛനോട് പറഞ്ഞത് ചേച്ചിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ബൈസണ്‍ സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ടാണ് താരം വിജയ് ടി.വിയോട് സംസാരിച്ചത്.
Content Highlight: Dhruv Vikram shares his memories with Vikram