| Wednesday, 17th December 2025, 9:50 pm

കളങ്കാവല്‍ തിയേറ്ററില്‍ നിന്ന് കണ്ട് അന്തം വിട്ടു, എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയത് ആ ഒരു കാര്യം: ധ്രുവ് വിക്രം

അമര്‍നാഥ് എം.

പെര്‍ഫോമര്‍ എന്ന നിലയില്‍ ഈ വര്‍ഷം സിനിമാലോകത്തെ ഞെട്ടിച്ച നടനാണ് ധ്രുവ് വിക്രം. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബൈസണ്‍ ധ്രുവിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അര്‍ജുന അവാര്‍ഡ് ജേതാവായ മാനതി ഗണേശന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ബൈസണ്‍ ഒരുക്കിയത്.

ധ്രുവ് വിക്രം Photo: Screen Grab/ Hollywood Reporter India

കഥാപാത്രത്തിന് വേണ്ടി നൂറ് ശതമാനം എഫര്‍ട്ടും നല്‍കിയ ധ്രുവിനെ സിനിമാലോകം വാനോളം പ്രശംസിച്ചു. തമിഴ് സിനിമക്ക് അടുത്ത സ്റ്റാര്‍ മെറ്റീരിയലിനെ ലഭിച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഈ വര്‍ഷം തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമേതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ധ്രുവ് വിക്രം. മമ്മൂട്ടി നായകനായ കളങ്കാവലാണ് തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ ചിത്രമെന്ന് ധ്രുവ് പറഞ്ഞു.

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവം കളങ്കാവല്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. തിയേറ്ററില്‍ നിന്ന് അടുത്തിടെയാണ് ഞാന്‍ ആ സിനിമ കണ്ടത്. മമ്മൂട്ടി സാര്‍ ഏതാണ്ട് ഒറ്റക്ക് തന്നെയാണ് ആ സിനിമയെ തോളിലേറ്റിയത്. എന്നെ ഏറ്റവും ഞെട്ടിച്ചത് മമ്മൂട്ടി സാറിന്റെ കഥാപാത്രമാണ്. അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ തയാറായത് എങ്ങനെയാണെന്ന് എനിക്ക് മനസിലായിട്ടില്ല.

ഇത്രയും എസ്റ്റാബ്ലിഷ്ഡായി നില്‍ക്കുന്ന ഒരു സ്റ്റാര്‍ എങ്ങനെയാണ് ഈ കഥാപാത്രത്തിന് ഓക്കെ പറഞ്ഞതെന്ന് ഞാന്‍ ആലോചിച്ചു. സൂപ്പര്‍സ്റ്റാര്‍ പദവിയുടെ ഭാരമൊന്നുമില്ലാതെ ഈ കഥാപാത്രം ചെയ്യാന്‍ തയാറായത് പാഠ്യവിഷയമാക്കേണ്ട കാര്യമാണ്. ഇങ്ങനെയുള്ള തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുന്നത് കാണാന്‍ തന്നെ ഇന്‍ട്രസ്റ്റിങ്ങാണ്,’ ധ്രുവ് വിക്രം പറഞ്ഞു.

ബൈസണ്‍ എന്ന ചിത്രത്തിനായി താന്‍ നേരിടേണ്ടി വന്ന തടസങ്ങളെക്കുറിച്ചും ധ്രുവ് സംസാരിച്ചു. പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെ എസ്റ്റാബ്ലിഷ് ചെയ്യാനാണ് താന്‍ ബൈസണ്‍ എന്ന സിനിമക്ക് ഓക്കെ പറഞ്ഞതെന്ന് താരം കൂട്ടിച്ചേര്‍ത്തു. തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ബൈസണ്‍ പൂര്‍ത്തിയാക്കിയതെന്നും ധ്രുവ് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ധ്രുവ് വിക്രം.

‘ഇന്‍ഡസ്ട്രിയില്‍ എനിക്ക് വേണ്ടി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ഈ സിനിമ സഹായിച്ചു. ബൈസണ് വേണ്ടി ഞാനെടുത്ത തയാറെടുപ്പുകള്‍ക്കിടയില്‍ ഒരുപാട് പരിക്കുകള്‍ നേരിടേണ്ടി വന്നു. ഇത്തരമൊരു കായികയിനത്തെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ പരിക്കുകളുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത് അറിഞ്ഞുകൊണ്ടാണ് ബൈസണ് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയത്,’ ധ്രുവ് വിക്രം പറഞ്ഞു.

Content Highlight: Dhruv Vikram saying he wondered after watching Kalamkaval movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more