തമിഴിലെ താരപുത്രന്മാരില്‍ ഏറ്റവും ആരാധകരുള്ള നടന്മാരിലൊരാളാണ് ധ്രുവ് വിക്രം. തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ധ്രുവ് ആദ്യചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. തെലുങ്കിലും ഹിന്ദിയിലും സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് താരം അരങ്ങേറിയത്.
പിന്നാലെ വിക്രമിനൊപ്പം പ്രധാനവേഷത്തിലെത്തിയ മഹാനിലും ഗംഭീര പ്രകടനമായിരുന്നു ധ്രുവ് കാഴ്ചവെച്ചത്. മഹാന് ശേഷം ധ്രുവ് നായകനായെത്തുന്ന ചിത്രമാണ് ബൈസണ്‍: കാളമാടന്‍. വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ് വിക്രം.
‘എന്റെ പേര് ധ്രുവ് വിക്രം. ഞാന്‍ ഇതിന് മുമ്പ് രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് രണ്ടും നിങ്ങളില്‍ ആരും കണ്ടിട്ടില്ലെങ്കില്‍ പോലും കുഴപ്പമില്ല. അത് കാണണമെന്ന് നിങ്ങളെ നിര്‍ബന്ധിക്കുകയുമില്ല. ഇപ്പോള്‍ ചെയ്ത് തീര്‍ത്ത ബൈസണ്‍ എന്റെ ആദ്യസിനിമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. എന്റെ 100 ശതമാനം എഫര്‍ട്ടും ഞാന്‍ ഈ പടത്തില്‍ ഇട്ടിട്ടുണ്ട്.
മാരി സെല്‍വരാജ് സാര്‍ ‘ഇറങ്ങി പണിയെടുത്തിട്ടുണ്ട്’ എന്ന് തന്നെ പറയാം. ഈ പടം നിങ്ങള്‍ക്ക് ഒറ്റക്കോ കുടുംബത്തോടോ ഗേള്‍ ഫ്രണ്ടുമായോ പോയിക്കാണാന്‍ സാധിക്കുന്ന പടമാണിത്. പക്ഷേ, എല്ലാവരും ഈ സിനിമ തീര്‍ച്ചയായും കാണണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം ഗംഭീര സിനിമയാണിത്,’ ധ്രുവ് വിക്രം പറയുന്നു.
തമിഴ്‌നാട്ടിലെ കബഡി കളിക്കാരനായ മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി സെല്‍വരാജ് ബൈസണ്‍ ഒരുക്കിയത്. 2021 മുതല്‍ തന്റെ മനസിലുണ്ടായിരുന്ന കഥയാണ് ഇതെന്ന് മാരി സെല്‍വരാജ് മാധ്യമങ്ങളോട് അറിയിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി ശാരീരികമായി വലിയ രീതിയിലുള്ള തയാറെടുപ്പുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.
അനുപമ പരമേശ്വരനും രജിഷ വിജയനുമാണ് ബൈസണിലെ നായികമാര്‍. മലയാളി താരം ലാലും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പശുപതി, അഴകം പെരുമാള്‍, കലൈയരസന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസായ അപ്ലോസ് എന്റര്‍ടൈന്മെന്റ്‌സുമാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 17ന് ബൈസണ്‍ തിയേറ്ററുകളിലെത്തും.
Content Highlight: Dhruv Vikram saying he put his all effort for Bison movie