| Tuesday, 21st October 2025, 11:10 pm

തമിഴില്‍ മാത്രം എന്തുകൊണ്ടാണ് ജാതിയെക്കുറിച്ചുള്ള സിനിമകള്‍ വരുന്നതെന്ന് റിപ്പോര്‍ട്ടര്‍, ഇപ്പോഴും നടക്കുന്ന കാര്യങ്ങളാണ് സിനിമയാക്കുന്നതെന്ന് ധ്രുവ് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍. ചിത്രത്തിന്റെ തെലുങ്ക് പ്രൊമോഷനിടെ മാധ്യമപ്രവര്‍ത്തകന്‍ ധ്രുവിനോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളെപ്പോലെ ജാതിയുടെ രാഷ്ട്രീയം ശക്തമായി തന്നെ ബൈസണില്‍ സംസാരിക്കുന്നുണ്ട്.

മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് തമിഴില്‍ മാത്രം അടിച്ചമര്‍ത്തപ്പെട്ട ജാതിയിലെ ആളുകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് കൂടുതല്‍ സിനിമകള്‍ വരുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഓരോ ഫിലിം മേക്കറിനും ഏത് കഥ തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം ഈ നാട്ടിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ധ്രുവ് തന്റെ റുപടി ആരംഭിച്ചത്.

‘ഓരോ സംവിധായകര്‍ക്കും അവരുടേതായ ആശയങ്ങളും രാഷ്ട്രീയവുമുണ്ട്. അതിനനുസരിച്ചാണ് അവര്‍ സിനിമ ചെയ്യുന്നത്. മാരി സാറിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന അനുഭവങ്ങളും ജീവിതത്തില്‍ കണ്ടറിഞ്ഞ കാര്യങ്ങളുമൊക്കെയാണ് സിനിമയില്‍ കാണിക്കുന്നത്. ഓരോ സംവിധായകര്‍ക്കും അവരുടെ ആര്‍ട്ട് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലുണ്ട്.

ഇന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ തെക്കന്‍ ഭാഗത്തും ഇപ്പോഴുമുള്ള സാമൂഹിക സാഹചര്യങ്ങളെല്ലാം ഈ സിനിമയില്‍ കാണിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് ഇത്തരം സിനിമകള്‍ വളരെ പ്രാധാന്യമുള്ളതാണ്. ഇപ്പോഴും നടന്നുകൊണ്ടിരുക്കുന്ന കാര്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ബൈസണ്‍ പോലുള്ള സിനിമകള്‍ സഹായിക്കുന്നുണ്ട്. സാധരണക്കാരെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഇതുപോലുള്ള സിനിമകള്‍ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു,’ ധ്രുവ് വിക്രം പറഞ്ഞു.

വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബൈസണ്‍. തമിഴ്‌നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമിലേക്കെത്തിയ വാനതി കിട്ടന്‍ എന്ന യുവാവിന്റെ കഥയാണ് ബൈസണ്‍ പറയുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈസണ്‍ ഒരുങ്ങിയത്.

രജിഷ വിജയനും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി, ലാല്‍, അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദീപാവലി റിലീസായെത്തിയ ബൈസണ്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ധ്രുവ് ബൈസണില്‍ കാഴ്ചവെച്ചത്.

Content Highlight: Dhruv Vikram’s reply to Telugu reporter viral

We use cookies to give you the best possible experience. Learn more