ചിയാന്‍ വിക്രമിന്റെ മകന്‍ എന്ന പേരില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് ധ്രുവ് വിക്രം. എന്നാല്‍ ആദ്യ സിനിമയിലെ പെര്‍ഫോമന്‍സ് കൊണ്ടുതന്നെ ധ്രുവ് സിനിമാപ്രേമികളെ ഞെട്ടിച്ചു. ഏറ്റവും പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമഷനിടയില്‍ ധ്രുവ് പറഞ്ഞ വാക്കുകള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താന്‍ മുമ്പ് ചെയ്ത മൂന്ന് സിനിമകള്‍ക്ക് പകരം ബൈസണ്‍ തന്റെ ആദ്യ ചിത്രമായി കണക്കാക്കണമെന്നായിരുന്നു താരം പറഞ്ഞത്.
ഇപ്പോഴിതാ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധ്രുവ് വിക്രം. താന്‍ ആദ്യമായി ചെയ്ത മൂന്ന് സിനിമകളിലും തനിക്ക് സ്വതന്ത്രമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞു. ആദിത്യ വര്‍മ, വര്‍മ എന്നീ സിനിമകള്‍ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായിരുന്നെന്നും അതിന് ആദ്യമേ ഒരു റഫറന്‍സ് ഉണ്ടായിരുന്നെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.
‘പിന്നീട് ചെയ്ത മഹാന്‍ മാര്‍ക്കറ്റ് ചെയ്തത് ചിയാന്‍ സിനിമ എന്ന പേരിലാണ്. അതില്‍ ചെറിയൊരു വേഷം ഞാന്‍ ചെയ്‌തെന്ന് മാത്രം. പക്ഷേ, നല്ല വേഷമായിരുന്നു എനിക്ക് കിട്ടിയത്. കാര്‍ത്തിക് സുബ്ബരാജ് സാറിന്റെ സിനിമകളെല്ലാം മിസ്സാക്കാതെ കാണാറുണ്ടായിരുന്നു. പിസ്സ എന്ന പടം ആദ്യദിവസം രാത്രിയിലെ ഷോ കണ്ടിരുന്നു. എനിക്കത് വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. ഇക്കാര്യം ഞാന്‍ കാര്‍ത്തിക് സാറിനോട് പറഞ്ഞിട്ടുണ്ട്.
മഹാനിലും എനിക്ക് എന്റേതായ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് ആ സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ അടുത്തത് എന്റേതായിട്ടുള്ള ഒരു പടമാകണമെന്ന് തീരുമാനിച്ചു. ബൈസണിന്റെ കഥ കേള്‍ക്കുന്നതിന് മുമ്പായിരുന്നു ഈ തീരുമാനമെടുത്തത്. അങ്ങനെ കാത്തിരുന്ന് കേട്ട കഥയാണ് ബൈസണിന്റേത്. അതില്‍ എനിക്ക് ഒരുപാട് ചെയ്യാനുണ്ടെന്ന് മനസിലായി’ ധ്രുവ് വിക്രം പറയുന്നു.
ആ കഥാപാത്രത്തിലേക്ക് താന്‍ മാറുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടെന്നും അതിനിടയില്‍ തന്നെത്തെന്നെ മറന്നെന്നും ധ്രുവ് പറഞ്ഞു. സിനിമക്ക് അത് ഗുണം ചെയ്‌തെന്നും കഥാപാത്രത്തിന് തന്റേതായ ഒരു ഐഡന്റിറ്റി സമ്മാനിക്കാനായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം കൊണ്ടാണ് ബൈസണ്‍ തന്റെ ആദ്യ സിനിമയെന്ന് പറയാന്‍ കാരണമെന്നും ധ്രുവ് പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ധ്രുവ് വിക്രം.
വാഴൈക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് ബൈസണ്‍. തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ ടീമിനായി കബഡി കളിച്ച മാനതി ഗണേശന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മാരി സെല്‍വരാജ് ബൈസണ്‍ ഒരുക്കിയത്. പശുപതി, ലാല്‍, അമീര്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Dhruv Vikram explains why he considering Bison as his debut film