| Friday, 24th October 2025, 8:58 am

അതുവരെ സൗഹൃദത്തിലായിരുന്നു, ആ സിനിമക്ക് ശേഷം കുറച്ചുകാലം എനിക്ക് അച്ഛനോട് അടുക്കാന്‍ സാധിച്ചില്ല: ധ്രുവ് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പം മുതല്‍ താന്‍ കണ്ടുവളര്‍ന്ന താരം തന്റെ അച്ഛനാണെന്ന് പറയുകയാണ് ധ്രുവ് വിക്രം. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹീറോ അച്ഛന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്നും ധ്രുവ് പറഞ്ഞു. സിനിമയിലേക്ക് വരാന്‍ തനിക്ക് ഏറ്റവും പ്രചോദനം തന്നത് വിക്രമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മഹാന്‍ എന്ന ചിത്രം തങ്ങള്‍ക്കിടയില്‍ വലിയൊരു അകലം സൃഷ്ടിച്ചെന്നും താരം പറയുന്നു. ആ സിനിമ തിയേറ്ററില്‍ കാണാന്‍ കഴിയാത്തത് തന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ഛനുമൊത്ത് അഭിനയിക്കാന്‍ കഴിഞ്ഞതാണ് മഹാന്‍ എന്ന സിനിമ കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണമെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.

‘മഹാനിലെ എന്റെ ക്യാരക്ടറിനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. ആ പടം ചെയ്തു കഴിഞ്ഞ ശേഷം ഞാന്‍ അച്ഛനുമായി ചെറിയ രീതിയില്‍ അകന്നു. അത് ആ സിനിമയുടെ ഇംപാക്ടാണ്. റിയല്‍ ലൈഫില്‍ ഒരിക്കലും ഞങ്ങള്‍ അങ്ങനെയല്ല. അച്ഛനും മകനും എന്നതിനപ്പുറത്ത് നല്ല ഫ്രണ്ട്‌സിനെപ്പോലെയാണ് ഞങ്ങള്‍. എപ്പോഴും ജോളിയായി നടക്കാനാണ് ഇഷ്ടം.

അവിടുന്ന് മഹാനിലേക്ക് എത്തിയപ്പോള്‍ ഞാന്‍ അച്ഛന്റെ വില്ലനായി. അതിനായി നല്ല രീതിയില്‍ തയാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സിനിമക്ക് പ്രശ്‌നമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയൊരു രീതിയിലാണ് ഞാന്‍ ദാദാ എന്ന കഥാപാത്രത്തെ സമീപിച്ചത്. സിനിമയില്‍ അതിന്റെ റിസല്‍ട്ട് കാണാന്‍ സാധിച്ചു,’ ധ്രുവ് വിക്രം പറയുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹാന്‍. ഗാന്ധി മഹാന്‍ എന്ന സ്‌കൂള്‍ അധ്യാപകന്‍ മദ്യ സമ്രാജ്യത്തിന്റെ അധിപനാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. വിക്രമും ധ്രുവും തങ്ങളുടെ പ്രകടനം കൊണ്ട് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

അതേസമയം ധ്രുവിന്റെ ഏറ്റവും പുതിയ ചിത്രം ബൈസണ്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രം 30 കോടിക്കടുത്ത് സ്വന്തമാക്കി കഴിഞ്ഞു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ധ്രുവ് കാഴ്ചവെച്ചത്. ധ്രുവിനെ അഭിനന്ദിച്ചുകൊണ്ട് വിക്രം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

Content Highlight: Dhruv Vikram about the experience of acted with Chiyaan Vikram

We use cookies to give you the best possible experience. Learn more