| Wednesday, 13th August 2025, 5:15 pm

'അദാനിയെ സംരക്ഷിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തൂ' മോദിയോട് ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഇൻഫ്ലുവൻസർ ധ്രുവ് റാഠി. അദാനിയെ സംരക്ഷിക്കുന്നത് മോദി ഇനിയെങ്കിലും നിർത്തണമെന്ന് ധ്രുവ് റാഠി പറഞ്ഞു. മോദിയുടെ ഇത്തരത്തിലുള്ള നിലപാട് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും ധ്രുവ് പ്രതികരിച്ചു. എക്സിലൂടെയാണ് ധ്രുവിന്റെ പ്രതികരണം.

‘ദയവായി അദാനിയെ സംരക്ഷിക്കുന്നത് നിര്‍ത്തൂ. ഇത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണ്. നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രത്തിന് പ്രാധാന്യം നല്‍കുക,’ ധ്രുവ് റാഠി കുറിച്ചു. ഗൗതം അദാനിക്കെതിരെ യു.എസ് ചുമത്തിയ കൈക്കൂലി കേസിനെ അടിസ്ഥാനമാക്കിയാണ് ധ്രുവിന്റെ എക്‌സ് പോസ്റ്റ്.

ജൂണില്‍, അദാനിക്കെതിരായ സമന്‍സ് ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ കേസിലെ പ്രതികളായ അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും സമന്‍സ് കൈമാറിയിട്ടില്ലെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ അറിയിച്ചിരുന്നു.

സമന്‍സ് കൈമാറാത്തതില്‍ ഇന്ത്യന്‍ അധികൃതരെ യു.എസ് റെഗുലേഷന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും സമാനമായി ഇന്ത്യക്കെതിരെ യു.എസ് റെഗുലേഷന്‍ രംഗത്തെത്തുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്രുവ് റാഠി മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.

സൗരോര്‍ജ പദ്ധതികള്‍ക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അദാനി കൈക്കൂലി നല്‍കിയ കേസിലാണ് സമന്‍സ്. എന്നാല്‍ പ്രസ്തുത ആരോപണങ്ങള്‍ എല്ലാം തന്നെ അദാനിയും അദാനി ഗ്രൂപ്പും നിഷേധിക്കുകയാണ് ഉണ്ടായത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ പണം ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. 250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

അതേസമയം കൈക്കൂലി കേസിലെ സമന്‍സ് അദാനിയുടെ വിലാസത്തില്‍ അയക്കാന്‍ അഹമ്മദാബാദ് ജില്ലാ സെഷന്‍ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 25ന് യു.എസ് സമന്‍സ് കോടതിക്ക് കൈമാറിയതായി നിയമ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച് യു.എസ് പുറപ്പെടുവിച്ച സമന്‍സ് കൈമാറേണ്ടതുണ്ടെന്നും ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങളിലെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. 1965ലെ ‘ഹേഗ് കണ്‍വെന്‍ഷന്‍ ഫോര്‍ സര്‍വീസ് ഓഫ് ജുഡീഷ്യല്‍ ആന്‍ഡ് എക്‌സ്ട്രാജുഡീഷ്യല്‍ ഡോക്യുമെന്റ്‌സ് ഇന്‍ സിവില്‍ ആന്‍ഡ് കൊമേഴ്സ്യല്‍ മാറ്റേഴ്സ്’ പ്രകാരമായിരുന്നു കേന്ദ്രം ആവശ്യമുന്നയിച്ചത്.

Content Highlight: ‘Stop protecting Adani’: Dhruv Rathee tells Modi

We use cookies to give you the best possible experience. Learn more