| Wednesday, 25th February 2026, 5:00 pm

എന്നെ ജർമൻ ഷെപ്പേഡ് എന്ന് വിളിക്കുന്നവർക്ക് തന്നെയാണ് ആ പേര് ചേരുന്നത്; അഭിമുഖം: ധ്രുവ് റാഠി ‌| കാവ്യ ക‍ർണാടക്

ആദര്‍ശ് എം.കെ.

ചോദ്യം: എല്ലാവരും എന്റെ വീഡിയോകൾക്ക് താഴെ സ്ഥിരമായി എഴുതാറുള്ള ഒരു കമന്റുണ്ട്—ഞാൻ ‘ധ്രുവ് റാഠിയുടെ സഹോദരിയെപ്പോലെയുണ്ട്’ എന്ന്. അതുകൊണ്ട് ഇന്ന് ഞാൻ ഒരു സഹോദരനോട് എന്നപോലെയാണ് ധ്രുവിനോട് സംസാരിക്കാൻ പോകുന്നത്. കാരണം, ഒരു സഹോദരനിൽ നിന്നെന്നപോലെ ഒരുപാട് കാര്യങ്ങൾ എനിക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കേവലം അറിവ് നേടുന്നതിന് വേണ്ടി മാത്രമല്ല, ജീവിതത്തിലെ കഠിനാധ്വാനത്തെയും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തിനെയും കുറിച്ചാണ്

ആദ്യം തന്നെ പലരും പറയുന്ന, ചിലർ നിങ്ങൾക്ക് ചാർത്തി തന്നെ ഒരു ലേബൽ ഉണ്ട് ‘ധ്രുവ് റാഠി ഒരു ജർമൻ ഷെപ്പേഡ് ആണ്’ ആണെന്ന്. ജർമനിയിൽ നിന്നും ഇന്ത്യയെ കുറിച്ച് എങ്ങനെ സംസാരിക്കാൻ സാധിക്കും എന്നാണ് ഇത്തരക്കാരുടെ ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾ ജർമനിയിലേക്ക് പോയത്? ഈ ദൂരം ഒരു പ്രശ്‌നമാണോ?

ഉത്തരം: ഈ ചോദ്യം മറ്റൊരു രീതിയിലാണ് ചോദിക്കേണ്ടിയിരുന്നത്. കാരണം ഞാൻ ആദ്യം ജർമനിയിലേക്ക് പോയതാണ്, അതിന് ശേഷമാണ് യൂട്യൂബ് വരുന്നത്. എനിക്ക് 17 വയസുള്ളപ്പോൾ ഞാൻ പഠനത്തിനായി ജർമനിയിലേക്ക് പോയി, അവിടെയാണ് ഞാൻ ബാച്ചിലേഴ്‌സ് ചെയ്തത്. ഏകദേശം മൂന്ന് വർഷക്കാലം അവിടെ പഠിച്ചു.

ധ്രുവ് റാഠി. Photo: Dhruv Rathee. Youtube

പഠനകാലത്താണ് ഞാൻ എന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ എന്നെ സ്വാധീനിച്ച, എനിക്ക് അഭിനിവേശമുണ്ടാക്കിയ വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കാൻ തുടങ്ങിയതും. പിന്നീടെല്ലാം ഞാൻ അവിടെ താമസിച്ചുകൊണ്ടുതന്നെയാണ് ഞാൻ ചെയ്തതും.

അപ്പോൾ ചോദ്യം വരുന്നത് എന്തുകൊണ്ട് ഞാൻ ഇപ്പോഴും അവിടെ തന്നെ തുടരുന്നു എന്നാണ്. അത് എന്റെ പങ്കാളിയുമായി ബന്ധപ്പെട്ട ഒരു തീരുമാനം കൂടിയാണ്. അത് ഞാൻ മാത്രം എടുക്കുന്ന ഒരു വ്യക്തിഗത തീരുമാനം അല്ല. യൂലി (പങ്കാളി) എന്താണ് ആഗ്രഹിക്കുന്നത്, അവൾക്ക് എവിടെയാണ് കംഫർട്ട്, തുടങ്ങിയ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ചിലര്‍ക്ക് വിമര്‍ശിക്കാന്‍ വിഷയമൊന്നും കിട്ടാതെ വരുമ്പോഴാണ് അവര്‍ എന്നെ ‘ജര്‍മന്‍ ഷെപ്പേഡ്’ എന്ന് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കാണ് ആ പേര് കൂടുതല്‍ ചേരുന്നത് എന്ന് ഞാന്‍ പറയും

കാരണം ആർ.എസ്.എസ് എന്ന സംഘടനയുടെ മുഴുവൻ ഘടനയും ജർമനിയിൽ നിന്നും ഇറ്റലിയിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ടതാണ്. മുസോളിനിയുടെ കാലത്തെ പാരാമിലിട്ടറി സംഘടനകളുടെ ഡ്രസ്സിങ് സ്‌റ്റൈൽ മുതൽ ഡ്രില്ലുകൾ വരെ പല കാര്യങ്ങളും ആർ.എസ്.എ കോപ്പി ചെയ്തിട്ടുണ്ട്.

ആർ.എസ്.എസ്

അവരുടെ സംഘടനാ ഘടനയും ആശയധാരയും ജർമനിയിലും ഇറ്റലിയിലും ഉണ്ടായിരുന്ന 1920-30 കാലഘട്ടത്തിലെ സംവിധാനങ്ങളിൽ നിന്നും പ്രചോദനുമുൾക്കൊണ്ടവയാണ്. അതുകൊണ്ട് ആളുകൾ എന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.

ഒരു ദിവസം ഞാൻ ആർ.എസ്.എസ്സിനെക്കുറിച്ച് ഒരു വിശദമായ വീഡിയോ ഉണ്ടാക്കിയാൽ ഈ കാര്യങ്ങളെല്ലാം വിശദമായി പറയാം. യഥാർത്ഥത്തിൽ ജർമനിയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രചോദനം എടുത്തവർ ആരാണെന്ന് ഞാൻ പറയും. ഗോൾവാൾക്കർ സ്വന്തം പുസ്തകത്തിൽ പോലും ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ലഭിച്ചതായി എഴുതിയിട്ടുണ്ട്.

മാധവറാവു സദാശിവ ഗോൾവാൾക്കർ | അഡോള്‍ഫ് ഹിറ്റ്‌ലർ

ചോദ്യം: ജർമനിയിലുള്ള താമസം ഏതെങ്കിലും തരത്തിൽ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്കൊരു അഡ്വാന്റേഡ് അല്ലെങ്കിൽ ശക്തി നൽകുന്നുണ്ടോ?

ഉത്തരം: തീർച്ചയായും. എന്നാൽ ഇത് കേവലം ഒരു അഡ്വാന്റേജ് മാത്രമല്ല, ഡിസഡ്വാന്റേജ് കൂടിയാണ്. ഇതിലെ അഡ്വാന്റേജ് എന്തെന്നാൽ, എന്നെ ചുറ്റിപ്പറ്റിയുള്ള ദിവസേനയുള്ള പ്രഷർ കുറവാണ്. ഞാൻ ഇന്ത്യയിൽ താമസിച്ചിരുന്നെങ്കിൽ ആളുകൾ എപ്പോഴും കാണും, ഹൈപ്പ് ചെയ്യും, അത് മനസ്സിൽ കയറാൻ സാധ്യതയുണ്ട്.

പക്ഷേ ഞാൻ അതിൽ നിന്ന് അകന്നു നിൽക്കുന്നതിനാൽ കൂടുതൽ ഗ്രൗണ്ടഡ് ആയി നിൽക്കാൻ കഴിയും. ഇത് എന്നെ കൂടുതൽ എളിമയുള്ളവനായി തുടരാൻ സഹായിക്കുന്നു. ഞാനൊരിക്കലും ഫെയ്മസാണെന്ന് എനിക്ക് തോന്നാറില്ല, കാരണം അത്തരത്തിലൊരു ഹൈപ്പ് അന്തരീക്ഷത്തിലില്ല.

ധ്രുവ് റാഠി

ഡിസഡ്വാന്റേജ് എന്തെന്നാൽ, ഞാൻ ദൂരെയായതിനാൽ ചില വിഷയങ്ങൾ അത്ര ആഴത്തിൽ അനുഭവത്തിലൂടെ മനസിലാക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാം.

എങ്കിലും എന്റെ ടീം മുഴുവനും ഇന്ത്യയിലാണ്. ഞാൻ അവരുമായി സ്ഥിരമായി ചർച്ചകൾ നടത്തുന്നു. ചിലപ്പോൾ ഞാൻ വാർത്തകളിൽ വായിക്കുന്ന ഒരു വിഷയം, അതിന്റെ ഗ്രൗണ്ട് റിയാലിറ്റി എന്താണെന്ന് അവർ വിശദീകരിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്.

ഉദാഹരണത്തിന് എയർ പൊല്യൂഷൻ. ഞാൻ അത് ഇമാജിൻ ചെയ്യുന്ന രീതിയും, യഥാർത്ഥത്തിൽ ആളുകൾ അനുഭവിക്കുന്ന രീതിയും വ്യത്യസ്തമാണ്. ആ ഫീലിങ് പൂർണമായി മനസിലാക്കുന്നതിന് ഈ ദൂരം ഒരു ബുദ്ധിമുട്ട് തന്നെയാണ്.

ഒരു ഉദാഹരണം പറയാം, ഞാൻ എന്റെ മാതാപിതാക്കളുടെ വീട്ടിൽ (ദൽഹിയിൽ) പോയപ്പോൾ, എന്റെ വീട്ടിൽ ഉപയോഗിക്കുന്ന അതേ എയർ ക്വാളിറ്റി മോണിറ്റർ അവിടെ സ്ഥാപിച്ചു. ”ഇന്ന് വായു വളരെ ശുദ്ധമാണ്” എന്നാണ് അവർ പറഞ്ഞത്. പക്ഷേ മോണിറ്ററിൽ PM 2.5 80 ആയി കാണിച്ചു. ഇത് റെഡ് കാറ്റഗറിയിൽപ്പെടുന്ന അപകടകരമായ നിലയാണ്. 20-ൽ മുകളിലുള്ളതൊക്കെ തന്നെ അപകടകരമാണ്. എന്നാൽ അവർക്കത് നോർമൽ ആയി തോന്നുന്നു. ദൂരം ഒരു വ്യത്യസ്ത പേഴ്‌സ്‌പെക്ടീവ് നൽകുന്നു എന്നതിന്റെ ഉദാഹരണമാണ്.

ചോദ്യം: മാതാപിതാക്കൾ എങ്ങനെയാണ് നിങ്ങളുടെ കണ്ടന്റുകളെ നോക്കിക്കാണുന്നത്? അവർക്ക് പേടിയുണ്ടോ? പ്രത്യേകിച്ചും വിവാദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ?

ഉത്തരം: അവർ എന്റെ കണ്ടന്റിനെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. തുടക്കത്തിൽ അവർക്ക് കുറച്ച് ഭയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അവർക്ക് അത് ശീലമായി.

ഞാൻ എന്തെങ്കിലും പറയുമ്പോൾ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകുമെന്ന് അവർക്കറിയാം. അതുകൊണ്ട് ഇപ്പോൾ അവർ മാനസികമായി എല്ലാത്തിനും തയ്യാറാണ്.

ചോദ്യം: കണ്ടന്റ് ക്രിയേഷനിൽ പാർട്ണറുടെ സഹായമുണ്ടാകാറുണ്ടോ?

ഉത്തരം: ചില കാര്യങ്ങളിൽ അവളുടെ വലിയ സഹായമുണ്ടാകാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അങ്ങനെയല്ല.

ഉദാഹരണത്തിന്, ചിലപ്പോൾ ഷൂട്ടിങ്ങിലും പ്രത്യേകിച്ച് വ്‌ളോഗ്‌സിലും യൂലി വളരെ സഹായിക്കുന്നു. പക്ഷേ എന്റെ മെയിൻ ചാനൽ കണ്ടന്റിൽ അവൾ നേരിട്ട് കൂടുതലായി ഇൻവോൾവ് ചെയ്യുന്നില്ല.

ധ്രുവ് റാഠിയും പങ്കാളിയും. Photo: Dhruv Rathee Vlogs/ YouTube

അവൾ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് വളരെ അറിയുന്നവളാണ്, മനസ്സിലാക്കുന്നവളുമാണ്, പക്ഷേ ദിവസേന ഉള്ള കണ്ടന്റ് പ്രൊഡക്ഷനിൽ അവൾ സജീവമായി ഇടപെടുന്നില്ല.

ചോദ്യം: നിങ്ങൾ ‘ധുരന്ധർ’ എന്ന സിനിമയുടെ ഡയറക്ടറെ ബി.ജെ.പി പ്രൊപ്പഗണ്ടിസ്റ്റ് എന്ന് വിമർശിച്ചു. അതുപോലെ ‘ആനിമൽ’ സിനിമയെയും നിങ്ങൾ വിമർശിച്ചിരുന്നു. ആ വിമർശനത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?

ഉത്തരം:ആനിമലിനെ ഒരിക്കലും ഞാൻ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ചിട്ടില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ, വയലൻസിനെ അമിതമായി ഗ്ലോറിഫൈ ചെയ്യുന്ന സിനിമയെന്നാണ് ഞാൻ പറഞ്ഞത്.

അനിമല്‍ സിനിമയുടെ പോസ്റ്റര്‍

സിനിമ മുന്നോട്ട് വെക്കുന്ന, അത് പ്രമോട്ട് ചെയ്യുന്ന മൂല്യങ്ങൾ എന്നെ സംബന്ധിച്ച് പ്രശ്‌നം തന്നെയായിരുന്നു. ചിത്രത്തിലെ നായകൻ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നതു കാര്യങ്ങൾ പ്രശ്‌നകരമായി അവതരിപ്പിച്ചു.

സിനിമയിൽ ആ പ്രവൃത്തികൾക്ക് നെഗറ്റീവ് കോൺസീക്വൻസുകൾ കാണിച്ചിരുന്നെങ്കിൽ വലിയ പ്രശ്‌നമില്ലായിരുന്നു.
പക്ഷേ ഡയറക്ടർ പിന്നീട് നൽകിയ ഇന്റർവ്യൂകളിലും പ്രസ്താവനകളിലും ആ കഥാപാത്രത്തെ ഒരു ഹീറോയായി തന്നെയാണ് അവതരിപ്പിച്ചത്. ആ മനോഭാവം പ്രശ്‌നകരമാണെന്ന് തോന്നിയിരുന്നു.

എന്നാൽ ധുരന്ധറിലേക്ക് വരുമ്പോൾ, അതിനെ കുറിച്ചുള്ള വിമർശനം കൂടുതൽ രാഷ്ട്രീയ സ്വഭാവമുള്ളതാണ്.

ധുരന്ധർ

അതിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുകയും, പഴയ സർക്കാരുകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ലോഗൻ സിനിമയിൽ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഞാൻ പൂർണമായും രാഷ്ട്രീയ പ്രൊപ്പഗണ്ട എന്ന് തന്നെയാണ് കാണുന്നത്.

എന്നാൽ ആ സിനിമ ബഹിഷ്‌കരിക്കണമെന്നൊന്നും ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. സിനിമ പുറത്തിറങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് എന്റെ വീഡിയോ പുറത്തുവന്നത്.

സിനിമ കാണുന്നവർ അതിലെ സംഭവങ്ങളെ യഥാർത്ഥ സത്യമായി വിശ്വസിക്കരുത് , അതിനെ കേവലം എന്റർടെയിൻമെന്റ് ആയി മാത്രം കാണണം, എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം.

ചോദ്യം: ധുരന്ധറിനെ വിമർശിക്കുന്ന വീഡിയോ ചെയ്തപ്പോൾ ചിലർ പറഞ്ഞത് ‘ഇത് വെറും ഒരു സിനിമയാണ്, എന്റർടെയിൻമെന്റാണ്, ഇത്ര സീരിയസായി എടുക്കേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു. ഒരു സിനിമയെ ഇത്ര ഗൗരവമായി എടുത്ത് വിമർശിക്കേണ്ട ആവശ്യം എന്തായിരുന്നു?

ഉത്തരം: ഒരു സിനിമ വെറും എന്റർടെയിൻമെന്റ് മാത്രമാണെന്ന് പറയുന്നത് വളരെ ലളിതമായ സമീപനമാണ്. യാഥാർത്ഥ്യത്തിൽ സിനിമകൾ സമൂഹത്തെ സ്വാധീനിക്കുന്ന ശക്തമായ മാധ്യമങ്ങളാണ്. കാരണം ആളുകൾ സിനിമകളിൽ നിന്നും ആശയങ്ങൾ, ധാരണകൾ, നരേറ്റീവുകൾ എന്നിവ സ്വീകരിക്കുന്നുണ്ട്.

സിനിമ ഉണ്ടാക്കുന്നതിലല്ല, ഒരു സിനിമ തെറ്റായ നരേറ്റീവ് പ്രചരിപ്പിക്കപ്പെടുമ്പോഴാണ് പ്രശ്‌നം. പ്രത്യേകിച്ച് ചരിത്രം, രാഷ്ട്രീയം, സമൂഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. സിനിമകൾ ആളുകളുടെ ധാരണകളെ നേരിട്ട് ഷെയ്പ്പ് ചെയ്യാൻ കഴിയും.

ധുരന്ധർ സിനിമയുടെ പോസ്റ്റര്‍

ഒരു സിനിമയിൽ ഒരു സമൂഹത്തെ, ഒരു ചരിത്രസംഭവത്തെ, അല്ലെങ്കിൽ ഒരു ആശയത്തെ ഏകപക്ഷീയമായോ വസ്തുതാവിരുദ്ധമായോ അവതരിപ്പിച്ചാൽ, അത് പൊതുജനാഭിപ്രായത്തെ ബാധിക്കും. അതിനാൽ അത്തരത്തിലുള്ള കണ്ടന്റിനെ വിമർശിക്കുന്നത് സ്വാഭാവികവും ആവശ്യകവുമാണ്.

ചോദ്യം: നിങ്ങൾ ചില പ്രത്യേക തരത്തിലുള്ള സിനിമകളെ മാത്രമാണ് വിമർശിക്കുന്നത്, അത് ഒരു ഐഡിയോളജിക്കൽ സ്റ്റാൻഡ് ആണെന്ന വിമർശനം താങ്കൾക്കെതിരെ ഉയരുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: ഞാൻ വിമർശിക്കുന്നത് സിനിമയുടെ ഐഡിയോളജി മാത്രമല്ല; അതിൽ അവതരിപ്പിക്കുന്ന നരേറ്റീവ്, വിവരങ്ങളുടെ കൃത്യത, സമൂഹത്തിലേക്കുള്ള സ്വാധീനം എന്നിവ കൂടിയാണ്.

ഒരു സിനിമ പ്രോപ്പഗാണ്ട രീതിയിൽ ഒരു ആശയം മുന്നോട്ടുവയ്ക്കുന്നുവെന്ന് തോന്നുമ്പോൾ, അതിനെ ചോദ്യം ചെയ്യുന്നത് ഒരു കണ്ടന്റ് ക്രിയേറ്ററെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്.

എല്ലാ സിനിമകളും ഒരേ രീതിയിൽ സമൂഹത്തെ സ്വാധീനിക്കുന്നില്ല. ചില സിനിമകൾ പൂർണമായും എന്റർടെയിൻമെന്റിനായി ഉണ്ടാകാം. പക്ഷേ ചില സിനിമകൾ സാമൂഹികവും രാഷ്ട്രീയവുമായ സന്ദേശങ്ങൾ ശക്തമായി പ്രചരിപ്പിക്കും. അത്തരത്തിലുള്ള സിനിമകളെ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ചോദ്യം: ഇന്നത്തെ സാഹചര്യത്തിൽ ബോളിവുഡിനെക്കുറിച്ചുള്ള പ്രധാന നിരീക്ഷണം എന്താണ്?

ഉത്തരം: ബോളിവുഡ് ഇപ്പോൾ ഒരു വലിയ ട്രാൻസിഷൻ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു കാലത്ത് സിനിമകൾ കൂടുതൽ വൈവിധ്യമാർന്ന കഥകൾ അവതരിപ്പിച്ചിരുന്നതായി തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ചില സിനിമകൾ വ്യക്തമായ രാഷ്ട്രീയ നരേറ്റീവുകൾ ഉൾക്കൊള്ളുന്നതായി കാണാം.

ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രോപ്പഗാണ്ട ചിത്രങ്ങള്‍. Photo: Prashant Bhushan. Facebook.com

ഇത് ഒരു പൊതുവായ ട്രെൻഡായി മാറുകയാണ്. സിനിമകൾ വെറും കലാരൂപമല്ല; അവ രാഷ്ട്രീയ, സാംസ്‌കാരിക സ്വാധീനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ വ്യവസായമാണ്. അതിനാൽ, സിനിമകളെ വിമർശനാത്മകമായി വിലയിരുത്തുന്നത് ആരോഗ്യകരമായ സാംസ്‌കാരിക ചർച്ചയുടെ ഭാഗമാണ്.

ചോദ്യം: സെൻസർ ബോർഡിന്റെ പങ്കിനെ നിങ്ങൾ എങ്ങനെ കാണുന്നു? അവർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടോ?

ഉത്തരം: സെൻസർ ബോർഡിന്റെ പ്രധാന പങ്ക് ഒരു ബാലൻസ് നിലനിർത്തുന്നതാണ്. എന്നാൽ പ്രായോഗികമായി, ചിലപ്പോൾ അവർ രാഷ്ട്രീയ സമ്മർദങ്ങൾക്കോ പൊതുവായ നരേറ്റീവുകൾക്കോ അനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന വിമർശനങ്ങൾ ഉയരാറുണ്ട്.

സെൻസർ ബോർഡ്

ഒരു സിനിമയിൽ തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വിദ്വേഷപരമായ അവതരണങ്ങൾ ഉണ്ടെങ്കിൽ, അത് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുണ്ട്. പക്ഷേ ഒരേസമയം, സൃഷ്ടിപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഈ മേഖല വളരെ സങ്കീർണ്ണമാണ് പൂർണ നിയന്ത്രണവും പൂർണ സ്വാതന്ത്ര്യവും തമ്മിലുള്ള ഒരു ബാലൻസ് ആവശ്യമാണ്.

ചോദ്യം: ഷാരൂഖ് ഖാൻ പോലുള്ള താരങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ബഹിഷ്‌കരണ ട്രെൻഡുകളും ഓൺലൈൻ ക്യാമ്പെയിനുകളും നിങ്ങൾ എങ്ങനെ കാണുന്നു?

ഉത്തരം: ഓൺലൈൻ ബഹിഷ്‌കരണ ട്രെൻഡുകൾ പലപ്പോഴും സംഘടിതമായ നരേറ്റീവ് നിർമാണത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക ഹാഷ്ടാഗ് ട്രെൻഡ് ആക്കുക, ഒരു സിനിമയെയോ താരത്തെയോ ലക്ഷ്യമിട്ട് നെഗറ്റീവ് ക്യാമ്പെയിൻ നടത്തുക ഇവ എല്ലാം ഡിജിറ്റൽ കാലഘട്ടത്തിലെ പുതിയ പ്രതിഭാസങ്ങളാണ്.

ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ പോലുള്ള വലിയ താരങ്ങൾ പലപ്പോഴും ഈ തരത്തിലുള്ള ക്യാമ്പെയിനുകളുടെ കേന്ദ്രത്തിൽ എത്തിപ്പെടാറുണ്ട്. ഇത് വെറും സിനിമയെക്കുറിച്ചുള്ള വിമർശനം മാത്രമല്ല; പലപ്പോഴും രാഷ്ട്രീയ, ഐഡിയോളജിക്കൽ, സാമൂഹിക ഘടകങ്ങൾ ഇതിൽ ഇടപെടുന്നുണ്ട്.

ചോദ്യം: ഒരു സമൂഹത്തിലുണ്ടാകുന്ന മാറ്റത്തെ നിങ്ങൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? അത് രാഷ്ട്രീയത്തിലൂടെയോ, മറ്റേതെങ്കിലും രീതിയിലൂടെയോ വരുന്നതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉത്തരം: എന്റെ അഭിപ്രായത്തിൽ, ഒരു സമൂഹത്തിൽ യഥാർത്ഥ മാറ്റമുണ്ടാകുന്നത് വെറും രാഷ്ട്രീയ നേതാക്കളിലൂടെ മാത്രമല്ല. സമൂഹത്തിലെ സാധാരണ ആളുകൾ, സിവിൽ സൊസൈറ്റി, സാംസ്‌കാരിക ഇടപെടലുകൾ ഇവയൊക്കെയാണ് ദീർഘകാല മാറ്റങ്ങൾക്ക് അടിത്തറയൊരുക്കുന്നത്.

പലപ്പോഴും ആളുകൾ കരുതുന്നത്, രാഷ്ട്രീയ നേതാക്കൾ മാറിയാൽ സമൂഹം മാറും എന്നാണ്. പക്ഷേ യാഥാർത്ഥ്യം അതിന് വിപരീതമാണ്. ആദ്യം സമൂഹത്തിന്റെ ചിന്ത മാറും; തുടർന്ന് ആ ചിന്തകളുടെ പ്രതിഫലനമായി രാഷ്ട്രീയവും മാറും.

സിനിമകൾ, മാധ്യമങ്ങൾ, വിദ്യാഭ്യാസം, പൊതുചർച്ചകൾ ഇവ എല്ലാം ചേർന്നാണ് ഒരു സാമൂഹിക അന്തരീക്ഷം രൂപപ്പെടുന്നത്. ആ അന്തരീക്ഷമാണ് ആളുകളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത്. ഇതുകൊണ്ടാണ് കേവലം രാഷ്ട്രീയത്തിലൂടെ മാത്രമല്ല സമൂഹത്തിൽ മാറ്റമുണ്ടാകുന്നതെന്ന് ഞാൻ പറയുന്നത്.

ചോദ്യം: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നിങ്ങളോട് ആളുകൾ ചോദിക്കാറുണ്ടോ?

ഉത്തരം: അതെ, ഇത് എന്നോട് വളരെ സാധാരണയായി ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് ‘നിങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുമോ?” എന്ന്.

എന്നാൽ വ്യക്തിപരമായി ഞാൻ കരുതുന്നത്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, പുറത്തുനിന്ന് സമൂഹത്തെ സ്വാധീനിക്കുന്നതിലൂടെ എനിക്ക് കൂടുതൽ ശക്തമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും എന്നാണ്.

കാരണം, ഒരിക്കൽ ആളുകളുടെ ചിന്താഗതിയിൽ മാറ്റം സംഭവിച്ചാൽ, രാഷ്ട്രീയക്കാർക്ക് ഒരിക്കലും ആ മാറ്റത്തെ അവഗണിക്കാൻ കഴിയില്ല. അവർക്ക് ജനങ്ങളുടെ മനോഭാവത്തിന് അനുസരിച്ച് പ്രവർത്തിക്കേണ്ടി വരും.

ചോദ്യം: ഏപ്പോഴാണ് ആദ്യമായി രാഷ്ട്രീയത്തിൽ താത്പര്യം ഉടലെടുത്തത്?

ഉത്തരം: അണ്ണാ ഹസാരെയുടെ ആന്റി-കറപ്ഷൻ മൂവ്മെന്റിന്റെ സമയത്താണ് രാഷ്ട്രീയത്തെ കുറിച്ച് കൂടുതലായി മനസിലാക്കിത്തുടങ്ങിയത്. 2011ൽ ഞാൻ ദൽഹിയിൽ 12ാം ക്ലാസിൽ പഠിക്കുകയായിരുന്നു. പ്രതിഷേധങ്ങളിൽ നേരിട്ട് പങ്കെടുത്തില്ല, കാരണം എന്റെ മാതാപിതാക്കൾ അതിനെ ശക്തമായി എതിർത്തിരുന്നു. പക്ഷേ ഞാൻ മീഡിയ വഴി വളരെ പാഷനേറ്റ് ആയി തന്നെ ആ വിഷയങ്ങൾ ഫോളോ ചെയ്തു.

അണ്ണാ ഹസാരെ

ചോദ്യം: നിങ്ങൾ ലെഫ്റ്റിസ്റ്റ് ആണോ? ലിബറൽ ആണോ? കോൺഗ്രസ് സപ്പോർട്ടറാണോ?

ഉത്തരം: ഞാൻ ചില മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ഒന്ന്, റാഷണലിസം & സയന്റിഫിക് ടെംപർ. രണ്ട്, ലിബർട്ടി & ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ. മൂന്ന്, ഇൻക്ലൂസിവിറ്റി, ടോളറൻസ് & കോഎക്‌സിസ്റ്റൻസ്.

ഈ മൂല്യങ്ങൾ ചില രാഷ്ട്രീയ പാർട്ടികളുമായി കൂടുതൽ ചേർന്നുനിൽക്കുന്നുണ്ടാകും. പക്ഷേ അതുകൊണ്ട് ഞാൻ ഒരു പാർട്ടിയുടെ ബാക്കപ്പ് ലഭിക്കുന്ന, ഒരു പാർട്ടി ഫണ്ട് ചെയ്യുന്ന ആളാണെന്ന് പറയുന്നത് തെറ്റാണ്. എന്നെ ആരും ഫണ്ട് ചെയ്യുന്നില്ല. പലരും ജോർജ് സോറോസ് അല്ലെങ്കിൽ ചൈനീസ് പാർട്ടി ഫണ്ട് ചെയ്യുന്നു എന്ന് ആരോപിക്കുന്നു അത് അടിസ്ഥാനരഹിതമാണ്.

ചോദ്യം: ഇന്ത്യയിൽ ഒരു നിരീശ്വരവാദിയായ നേതാവിന് വിജയിക്കാൻ സാധിക്കുമോ?

ഉത്തരം: നിലവിലെ സാഹചര്യത്തിൽ ഇത് അത്യന്തം ബുദ്ധിമുട്ടാണ്. ഞാൻ സ്വയം ഒരു ഏത്തിസ്റ്റ് ആണ്. ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവ് ”ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല” എന്ന് തുറന്നു പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് പാർട്ടികൾ പറയുന്നത് ഒന്നും, ചെയ്യുന്നത് മറ്റൊന്നുമാകുന്നത്. കാരണം ജനങ്ങളിൽ ഈ മൂല്യങ്ങൾ അത്ര പ്രൊമിനന്റ് അല്ല.

ഇരുപതോ മുപ്പതോ വർഷങ്ങൾ കഴിഞ്ഞാൽ ഇതിൽ ഒരു മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്ന് ഒരുപക്ഷേ ഇന്ത്യയിൽ ഒരു ഏത്തിസ്റ്റായ നേതാവിന് തെരഞ്ഞെടുപ്പിൽ‌ വിജയിക്കാൻ സാധിച്ചേക്കും.

ചോദ്യം: ഇന്ത്യയെ എങ്ങനെ വൈവിധ്യമായി നിലനിർത്താനാകും?

ഉത്തരം: ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം അതിന്റെ വൈവിധ്യമാണ് ഭാഷ, സംസ്‌കാരം, ഭക്ഷണം, വസ്ത്രധാരണം, ജീവിതരീതി എല്ലാം വ്യത്യസ്തമാണ്. ഇത് ഒരു വെല്ലുവിളിയാണ്, എന്നാൽ ഇതിനെ മറ്റൊരു തലത്തിൽ നോക്കുകയാണെങ്കിൽ ഇത് വളരെ മികച്ച ഒരു വെല്ലുവിളായാണെന്നും കാണാനാകും. ഇതെല്ലാം കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Photo: ChatGPT

എനിക്ക് തോന്നുന്നത് സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ സിവിൽ സൊസൈറ്റിക്കും കണ്ടന്റ് ക്രിയേറ്റേഴ്‌സിനും രാഷ്ട്രീയക്കാരേക്കാൾ വലിയ പങ്കുണ്ടെന്നാണ്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനേക്കാൾ പുറത്തുനിന്ന് സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നത് കൂടുതൽ ശക്തമായ സ്വാധീനം ഉണ്ടാക്കും. ആളുകളിൽ മാറ്റം വന്നാൽ രാഷ്ട്രീയത്തിലും അത് സ്വാഭാവികമായി പ്രതിഫലിക്കും.

ചോദ്യം: ഇപ്പോൾ മാത്രമാണ് ഇന്ത്യൻ സമൂഹം ചില വിഷയങ്ങൾ തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നത് എന്ന് കരുതുന്നുണ്ടോ?

ഉത്തരം: തീർച്ചയായും, അത് ശരിയായ നിരീക്ഷണമാണ്, അതിനോട് ഞാൻ യോജിക്കുന്നു. ഇന്ത്യൻ സമൂഹം ചില വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ മാത്രമാണ് തുറന്ന ചർച്ചകൾക്ക് തയ്യാറാകുന്നത്.

ഉദാഹരണത്തിന്, സ്വവർഗാനുരാഗം, വ്യത്യസ്ത ജാതിയിൽ നിന്നുള്ള വിവാഹം, മറ്റ് മതത്തിൽ നിന്നുള്ള വിവാഹം ഇതെല്ലാം ഏറെ കാലം സമൂഹം നിഷിദ്ധമായി കണക്കാക്കിയിരുന്നതാണ്.

പക്ഷേ ഇന്ന്, ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ തുറന്നും സുതാര്യമായും സംസാരിക്കേണ്ട ആവശ്യകത ഉണ്ട്. ഒരു ആരോഗ്യകരമായ സമൂഹം ഉണ്ടാകാൻ, വ്യത്യസ്ത ജീവിതശൈലികളും ബന്ധങ്ങളും സംബന്ധിച്ച തുറന്ന സംവാദങ്ങൾ സാധാരണമാകണം.

ചോദ്യം: നിങ്ങളുടെ തലമുറയും, ഇപ്പോഴുള്ള മീഡിയയും ഇത്തരം ചർച്ചകളിൽ എന്ത് പങ്കാണ് വഹിക്കുന്നത്?

ഉത്തരം: നമ്മുടെ തലമുറയ്ക്ക് ഈ മേഖലയിൽ വളരെ വലിയ ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ച് മീഡിയ, കണ്ടന്റ് ക്രിയേറ്റേഴ്‌സ്, സിനിമാ, മാധ്യമപ്രവർത്തനം ഇവയ്‌ക്കെല്ലാം സമൂഹത്തിലേക്ക് ബദൽ ചർച്ചകൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.

എന്നാൽ മുഖ്യധാര മാധ്യമങ്ങൾ കാര്യങ്ങളെ ലളിതമാക്കുന്നതിന് പകരം അവയെ ഏകപക്ഷീയമായ നരേറ്റീവ് നൽകിയാണ് അവതരിപ്പിക്കാൻ ശ്രമിക്കാറുള്ളത്. ഇത് പലപ്പോഴും സമൂഹത്തിൽ തെറ്റായ ധാരണകൾക്കും പലപ്പോഴും വിഭജനങ്ങൾക്കും ഇടയാക്കുന്നു.

അതിനാൽ ബാലൻസ്ഡ് ആയ ചർച്ചകളും വിവരങ്ങളും സമൂഹത്തിലേക്ക് എത്തിക്കുന്നത് അത്യന്താപേക്ഷിതമാണ്.

ചോദ്യം: സിനിമ, മാധ്യമങ്ങൾ, സാമൂഹിക ഇടപെടലുകൾ ഇവ സമൂഹത്തെ എത്രത്തോളം സ്വാധീനിക്കുന്നു?

ഉത്തരം: സമൂഹത്തിൽ ഇവയുടെ സ്വാധീനം വളരെ ആഴമുള്ളതാണ്. സിനിമകൾക്ക് ആളുകളുടെ ധാരണകളെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. മീഡിയ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നു. സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുള്ള സംഭാഷണങ്ങൾ പോലും അവരുടെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഇവയെല്ലാം ചേർന്നാണ് ഒരു സാംസ്‌കാരികവും സാമൂഹികവുമായ അന്തരീക്ഷം രൂപപ്പെടുന്നത്. ആ അന്തരീക്ഷത്തിലാണ് ആളുകളുടെ മൂല്യങ്ങളും അഭിപ്രായങ്ങളും വളരുന്നത്. ഒടുവിൽ, ആ ചിന്തകളാണ് രാഷ്ട്രീയം, സമൂഹം, സംസ്‌കാരം എന്നിവയെ ഷെയ്പ്പ് ചെയ്യുന്നത്.

ചോദ്യം: സമൂഹത്തിൽ നടക്കുന്ന ചർച്ചകളും പൊതുവായ സംഭാഷണങ്ങളും രാഷ്ട്രീയത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നാണ് നിങ്ങൾ കരുതുന്നത്?

ഉത്തരം: എന്റെ കാഴ്ചപ്പാടിൽ, രാഷ്ട്രീയത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സമൂഹത്തിലെ പൊതുവായ ചിന്തകളും ചർച്ചകളുമാണ്. പലപ്പോഴും രാഷ്ട്രീയം സമൂഹത്തെ നയിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്, പക്ഷേ യാഥാർത്ഥ്യത്തിൽ സമൂഹത്തിന്റെ മനോഭാവമാണ് രാഷ്ട്രീയത്തെ നിർണയിക്കുന്നത്.

ഒരു വിഷയം സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ, ആ വിഷയം അവഗണിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സാധിക്കില്ല. അവർ ജനങ്ങളുടെ വികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് പ്രതികരിക്കേണ്ടി വരും.

അതിനാൽ, മീഡിയയിലെ ചർച്ചകൾ, സോഷ്യൽ മീഡിയയിലെ സംഭാഷണങ്ങൾ, വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന സംവാദങ്ങൾ, സാംസ്‌കാരിക അവതരണങ്ങൾ എല്ലാം ചേർന്നാണ് രാഷ്ട്രീയ ചർച്ചകളുടെ ദിശ നിർണ്ണയിക്കുന്നത്.

ചോദ്യം: മുഖ്യധാരാ മാധ്യമങ്ങളെ കുറിച്ചുള്ള പ്രധാന വിമർശനമമെന്താണ്?

ഉത്തരം: മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും കാര്യങ്ങൾ സമഗ്രമായി അവതരിപ്പിക്കാതെ സംഭവത്തെ ലളിതമാക്കുകയോ അല്ലെങ്കിൽ അതിനാടകീയമായി അവതരിപ്പിക്കാനോ ആണ് ശ്രമിച്ചിട്ടുള്ളത്. ഇതാണ് എന്റെ പ്രധാന ആശങ്ക.

ചില സന്ദർഭങ്ങളിൽ, ഒരു സങ്കീർണമായ വിഷയത്തെ നിക്ഷ്പക്ഷമായ രീതിയിൽ വിശകലനം ചെയ്യുന്നതിനുപകരം, അതിനെ ഒരു ഏകപക്ഷീയ നരേറ്റീവ് ആയി അവതരിപ്പിക്കപ്പെടുന്നത് കാണാം. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണകൾക്കും അനാവശ്യമായ ധ്രുവീകരണത്തിനും കാരണമാകുന്നു.

മീഡിയയുടെ പങ്ക് വെറും വാർത്ത കൈമാറുന്നതിലൊതുങ്ങുന്നില്ല; അത് സമൂഹത്തിന്റെ ചിന്താഗതിയെ സ്വാധീനിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അതിനാൽ ഉത്തരവാദിത്വത്തോടെ, വസ്തുനിഷ്ഠമായി, വിവിധ കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തി വിവരങ്ങൾ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ചോദ്യം: കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സ്വാധീനം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും കണ്ടന്റ് ക്രിയേറ്റേഴ്‌സും വളരെ വലിയ സ്വാധീനശക്തിയാണ് കൈവശം വച്ചിരിക്കുന്നത്. അവർ പരമ്പരാഗത മീഡിയ കൈകാര്യം ചെയ്യാത്ത വിഷയങ്ങളും മറ്റ് കാഴ്ചപ്പാടുകളും സമൂഹത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നു.

ഇത് ഒരു പോസിറ്റീവ് വികസനമായി ഞാൻ കാണുന്നു, കാരണം കൂടുതൽ വൈവിധ്യമാർന്ന ചർച്ചകൾ സമൂഹത്തിൽ സാധ്യമാകുന്നു.

എന്നാൽ ഇതിന് ഒരു മറുവശവും ഉണ്ട്. തെറ്റായ വിവരങ്ങൾ, അപൂർണമായ വിശകലനങ്ങൾ, പക്ഷാപാതപരമായ വ്യാഖ്യാനങ്ങൾ എന്നിവയും അതേ വേഗത്തിൽ പ്രചരിക്കാം. അതിനാൽ, ഈ വിവരങ്ങൾ കേൾക്കുന്ന ആളുകൾക്കും വിമർശനാത്മക ചിന്ത അത്യാവശ്യമാണ്.

ചോദ്യം: വിദ്യാഭ്യാസവും സാംസ്‌കാരിക പരിസരവും വ്യക്തികളുടെ ചിന്താഗതിയിൽ എന്ത് തരത്തിലുള്ള പങ്ക് വഹിക്കുന്നു?

ഉത്തരം: വിദ്യാഭ്യാസം, കുടുംബാന്തരീക്ഷം, സാംസ്‌കാരിക അനുഭവങ്ങൾ ഇവയാണ് വ്യക്തികളുടെ ചിന്താഗതിയുടെ അടിസ്ഥാനം രൂപപ്പെടുത്തുന്നത്.

ഒരു കുട്ടി വളരുന്ന സാമൂഹിക സാഹചര്യത്തിൽ കേൾക്കുന്ന സംഭാഷണങ്ങൾ, കാണുന്ന സിനിമകൾ, പഠിക്കുന്ന പാഠങ്ങൾ, അനുഭവിക്കുന്ന സാമൂഹിക ഇടപെടലുകൾ ഇവയെല്ലാം ചേർന്നാണ് അവന്റെ/അവളുടെ ലോകദർശനം രൂപപ്പെടുന്നത്.

അതുകൊണ്ടുതന്നെ, സമൂഹത്തിലെ സംസ്‌കാരികവും ബൗദ്ധികവുമായ അന്തരീക്ഷം വളരെ പ്രധാനമാണ്. ഈ അന്തരീക്ഷം പുരോഗമനപരവും ഉൾക്കൊള്ളുന്നതുമായിരിക്കുകയാണെങ്കിൽ, ഭാവിയിൽ സമൂഹത്തിന്റെ ചിന്താഗതിയും കൂടുതൽ തുറന്നതും സഹിഷ്ണുതയുള്ളതുമായിരിക്കും.

ചോദ്യം: മതവിരുദ്ധനാണ് എന്നതാണ് ധ്രുവിനെതിരെ ഉയരുന്ന മറ്റൊരു പ്രധാന വിമർശനം. നിങ്ങളുടെ വീഡിയോകളിൽ നിങ്ങൾ ”അന്ധ് ഭക്ത്” എന്ന വാക്ക് പലതവണ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്ക് നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു? ചില ഉദാഹരണങ്ങളോടെ വിശദീകരിക്കാമോ?

ഉത്തരം: മതങ്ങളുടെ കാര്യം പറയുന്നതിന് മുമ്പ് ഞാനൊരു നിരീശ്വരവാദിയാണെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. പക്ഷേ അതുകൊണ്ട് ഞാൻ മതവിശ്വാസികൾക്കും മതത്തിനും എതിരാണെന്നില്ല. നമ്മുടെ സംസ്‌കാരത്തിൽ മതത്തിന് ഒരു പ്രധാനപ്പെട്ട പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പല ഇടങ്ങളിലും സംസ്‌കാരം മതവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഞാനൊരിക്കലും മതത്തിനെതിരല്ല.

ഞാൻ വിമർശിക്കുന്ന വീഡിയോകൾ യഥാർത്ഥത്തിൽ മതത്തെ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നവരെക്കുറിച്ചാണ്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. അത്തരത്തിലുള്ള പല ബാബമാരും യഥാർത്ഥത്തിൽ ഒരു മതവുമായും ബന്ധപ്പെട്ടവരല്ല. അവർ മതത്തിന്റെ പേരിൽ സ്വന്തം ബിസിനസ് നടത്തുന്ന ഒന്നാം നമ്പർ വഞ്ചകരാണ്.

പല കമ്പനികളും ഇത് ചെയ്യുന്നു. രാഷ്ട്രീയക്കാരും ഇത് ചെയ്യുന്നു. മതത്തിന്റെ പേരിൽ ബിസിനസ് നടത്തുന്ന ആളുകളെയാണ് പലരും മതത്തെ സംരക്ഷിക്കുന്നവരായി തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ടാണ് ചിലർക്ക് ഈ രണ്ട് കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കാൻ കഴിയാത്തത്.

ജ്യോതിഷത്തെക്കുറിച്ചുള്ള വീഡിയോ എടുത്താലും, ജ്യോതിഷത്തിന് മതവുമായി വിദൂര ബന്ധം പോലുമില്ല. എങ്കിലും ചിലർ അതിനെ ഹിന്ദു വിരുദ്ധമെന്ന് വിളിക്കുന്നു. ഇന്ത്യയേക്കാൾ കൂടുതൽ പാശ്ചാത്യ രാജ്യങ്ങളിലും ജ്യോതിഷം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ അതും ഒരു വഞ്ചനയാണ്.

ഗ്രഹങ്ങൾ ശരിയായ നിലയിൽ എത്തിയതുകൊണ്ട് വിവാഹം കഴിക്കണം എന്നൊക്കെയുള്ള ആശയങ്ങൾ യുക്തിഹീനമാണ്. നിങ്ങൾ ആറാം ക്ലാസിലെയോ ഏഴാം ക്ലാസിലെയോ ഒരു കുട്ടിയോട് ചോദിച്ചാൽ, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം ഭൂമിയിലെ ചിലരെ മാത്രം ബാധിക്കുകയും ചിലരെ ബാധിക്കാതിരിക്കുകയും ചെയ്യും എന്നത് ലജ്ജാസ്പദമായ ആശയമാണെന്ന് അവർ പറയും.

എങ്കിലും പല മുതിർന്നവരും ഇതിൽ വിശ്വസിക്കുന്നു. വിദ്യാസമ്പന്നരായ ആളുകൾ പോലും ജീവിതത്തിൽ ഏതെങ്കിലും മാർഗനിർദേശം തേടുന്നതിനാലാണ് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നത്. ചിലർ ജ്യോതിഷത്തിന്റെ പിന്നാലെ പോകുന്നു, ചിലർ തട്ടിപ്പ് ബാബമാരുടെ പിന്നാലെ പോകുന്നു.

ഞാൻ തന്നെ ഇപ്പോൾ ഇതുപോലൊരു അനുഭവം നേരിടുന്നുണ്ട്. ഈ വർഷം ഞങ്ങൾ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്. ഞങ്ങൾ വിവാഹം തീരുമാനിച്ച തീയതി അശുഭകരമാണെന്ന് പറഞ്ഞുകൊണ്ട് അത് ഒഴിവാക്കണമെന്ന് ചിലർ നിർദേശിച്ചു. എന്നാൽ ഞങ്ങൾ നാല് വർഷമായി ഒരുമിച്ചാണ് ജീവിക്കുന്നത്, ഇപ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ജാതകങ്ങൾ ഒത്തുനോക്കുക എന്ന ചർച്ചകളും ഉണ്ടായി.

ഭാഗ്യവശാൽ എന്റെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ അധികം വിശ്വസിച്ചിരുന്നില്ല. ഞാൻ ജനിച്ച സമയത്ത് ഗ്രഹങ്ങൾ എവിടെയായിരുന്നുവെന്നത് ഒരു കുട്ടിയുടെ ജീവിതത്തെ നിർണയിക്കും എന്ന ആശയം എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

ചോദ്യം: പലരും നിങ്ങളെ ഹിന്ദു വിരുദ്ധനെന്നും മതവിരുദ്ധനെന്നും വിളിക്കുന്നു. എന്നാൽ ഒരു നിരീശ്വരവാദിയായിരിക്കുമ്പോഴും നിങ്ങൾ രാമായണം പോലുള്ള മതഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കാവുന്ന പാഠങ്ങളെക്കുറിച്ചുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇത് എങ്ങനെ നിരീശ്വരവാദവുമായി പൊരുത്തപ്പെടുന്നു?

ഉത്തരം: ഞാൻ ശക്തമായി വിശ്വസിക്കുന്നത്, മതം നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്നതാണ്. അത് ആഘോഷിക്കേണ്ട ഒന്നാണ്, ഒരു സാംസ്‌കാരിക ഘടകമായി സമൂഹത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്.

ഞാൻ ആളുകളോട് പറയുന്നത്, ഈ കാര്യങ്ങളെ അക്ഷരാർത്ഥത്തിൽ വിശ്വസിക്കേണ്ടതില്ല, പക്ഷേ അവയിൽ നിന്ന് പഠിക്കാം എന്നതാണ്. മതഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കാവുന്ന നൈതിക പാഠങ്ങൾ ഉണ്ടാകാം.

Photo: Dhruv Rathee/ YouTube.com

എന്റെ വീഡിയോകളുടെ ഉദ്ദേശം ബാബമാരും രാഷ്ട്രീയക്കാരും കമ്പനികളും മതത്തിന്റെ പേരിൽ നടത്തുന്ന ബിസിനസ്സ് ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. ആളുകൾ ഈ കാര്യങ്ങൾ ആഴത്തിൽ മനസിലാക്കിയാൽ അവർ എളുപ്പത്തിൽ വഞ്ചിക്കപ്പെടില്ല.

ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നത് സാംസ്‌കാരികമായ ഒരു അനുഭവമാണ്. നിരീശ്വരവാദിയായിരുന്നാലും ഒരാൾക്ക് മതത്തിന്റെ സാംസ്‌കാരിക വശങ്ങൾ പിന്തുടരാം.

വാസ്തുവിദ്യ പോലും നോക്കിയാൽ, ഇന്ത്യയുടെ ചരിത്ര വാസ്തുവിദ്യ മുഗളന്മാരിൽ നിന്നോ പുരാതന ഹിന്ദു രാജ്യങ്ങളിൽ നിന്നോ പ്രചോദനം ഉൾക്കൊണ്ടതാണ്. ഇവയെല്ലാം സംരക്ഷിക്കേണ്ടതാണ്.

എല്ലാ മതചിഹ്നങ്ങളും, ഉത്സവങ്ങളും, വസ്ത്രധാരണ രീതികളും ലോകത്തിൽ നിന്ന് ഇല്ലാതാക്കിയാൽ ലോകം ഒരു രുചിയില്ലാത്ത ഡിസ്റ്റോപ്പിയയായി മാറും.

എനിക്ക് വ്യക്തിപരമായി മതം സ്ത്രീകൾക്ക് എതിരാണോ എന്നൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ അമ്മയെയും മറ്റ് പല സ്ത്രീകളെയും ഞാൻ കാണുമ്പോൾ, അവർ മതത്തിലൂടെ ഒരു ആശ്വാസബോധം കണ്ടെത്തുന്നു എന്ന് മനസിലായി.

ഞാൻ വ്യക്തിപരമായി ധാർമികതയിൽ വിശ്വസിക്കുന്നവനാണ്. പക്ഷേ കുടുംബാംഗങ്ങൾ ദീപാവലിക്ക് ഒത്തുചേരുമ്പോൾ അത് എന്നെ സംബന്ധിച്ചും സന്തോഷകരമായ അനുഭവമാണ്. അതിനാൽ സംസ്‌കാരവും മതവും തമ്മിൽ ഇടകലർന്ന ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിലെ ചില വശങ്ങൾ നമുക്ക് കൈവശം വയ്ക്കാൻ കഴിയും.

ചോദ്യം: നിങ്ങളുടെ വീഡിയോകളിൽ ലോകത്തിലെ നിഗൂഢതകൾ, രഹസ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടുതലായി കാണാം. ഈ വിഷയങ്ങളിൽ എങ്ങനെയാണ് ആകൃഷ്ടനായത്.

ഉത്തരം: എന്റെ കുട്ടിക്കാലം മുതൽ തന്നെ ഇത്തരം വിഷയങ്ങളിൽ എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു. ഞാൻ നാഷണൽ ജ്യോഗ്രഫി, ഡിസ്‌കവറി പോലുള്ള ചാനലുകൾ സ്ഥിരമായി കാണാറുണ്ടായിരുന്നു.

ഇപ്പോൾ ‘മാൻ vs വൈൽഡ്’ പോലുള്ള ചില പരിപാടികൾ എനിക്ക് അല്പം അതിശയോക്തിയായി തോന്നുന്നുണ്ടെങ്കിലും, ഇത്തരം വീഡിയോകളിൽ പലതും പ്രചോദനാത്മകമാണെന്ന് ഞാൻ കരുതുന്നു.

ഉദാഹരണത്തിന് ഫ്‌ളൈറ്റ് 571 പോലുള്ള കഥകൾ മിസ്റ്ററി എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ കാണുമ്പോൾ അത് യഥാർത്ഥത്തിൽ പ്രചോദനം നൽകുന്ന യഥാർത്ഥ കഥയാണെന്ന് മനസിലാകും.

ഞാൻ തെരഞ്ഞെടുക്കുന്ന പല കഥകളും യഥാർത്ഥത്തിൽ പ്രചോദനാത്മകമാണ്.

എന്റെ ചാനലിന്റെ ടാഗ്‌ലൈൻ തന്നെ ‘Inspiring Explainers‘ എന്നതാണ്. അതിനാൽ ഏതെങ്കിലും രീതിയിൽ പ്രചോദനം നൽകുന്ന ഘടകം ഇല്ലെങ്കിൽ ഞാൻ ആ വീഡിയോ ചെയ്യാറില്ല.

ഒരു കഥ വളരെ നിരാശാജനകമായ അവസാനത്തോടെ അവസാനിക്കുന്നുവെങ്കിൽ ഞാൻ സാധാരണയായി അത് ഒഴിവാക്കും. കാരണം എന്റെ ഉദ്ദേശം ആളുകളെ സന്തോഷിപ്പിക്കുകയും അറിവ് നൽകുകയും ചെയ്യുന്നതാണ്, സങ്കടപ്പെടുത്തുകയല്ല.

അതേസമയം ശാസ്ത്രീയ വശങ്ങളും ഞാൻ പരിഗണിക്കുന്നു. ബെർമുഡ ട്രയാംഗിൾ ആയാലും അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങിയതിനെക്കുറിച്ചുള്ള കോൺസ്പിറസി തിയറികളായാലും, ഞാൻ അവയെ ശാസ്ത്രീയമായി വിശദീകരിക്കുകയും മിഥ്യാധാരണകൾ പൊളിച്ചെഴുതുകയും ചെയ്യുകയാണ് ചെയ്യുന്നത്.

ചോദ്യം: അപ്പോൾ, ഇത്തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും ആളുകളിൽ ഇങ്ങനെ വേഗത്തിൽ പടരാൻ കാരണം എന്താണ്?

ഉത്തരം: അതിനുള്ള പ്രധാന കാരണം മനുഷ്യരുടെ മനശ്ശാസ്ത്രമാണ്. ഒരു ലളിതമായ ശാസ്ത്രീയ വിശദീകരണത്തേക്കാൾ, ഒരു രഹസ്യവും സഞ്ചലനമുണർത്തുന്നതുമായ കഥ ആളുകൾക്ക് കൂടുതൽ ആകർഷകമായി തോന്നും. ”ഇത് ലോകം നിങ്ങളോട് മറച്ചുവെക്കുന്ന സത്യമാണ്” എന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ, അതിന് ഒരു പ്രത്യേക തീവ്രതയും വിശ്വാസ്യതയും ഉണ്ടെന്ന തോന്നൽ ആളുകളിലുണ്ടാകുന്നു.

സോഷ്യൽ മീഡിയയുടെ വളർച്ചയും ഇതിൽ വലിയ പങ്ക് വഹിക്കുന്നു. മുമ്പ് ഒരു തെറ്റായ വിവരമോ ഗൂഢാലോചനാ സിദ്ധാന്തമോ പരക്കാൻ സമയം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ, ഒരു വീഡിയോയോ ഒരു പോസ്റ്റോ വൈറലാകുന്നത് കൊണ്ട്, കോടിക്കണക്കിന് ആളുകളിലേക്ക് അത് വളരെ വേഗത്തിൽ എത്തുന്നു. അതും പലപ്പോഴും പരിശോധിക്കാത്ത വിവരങ്ങളാണ് കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത്.

ഇവിടെ മറ്റൊരു കാര്യം ”കൺഫർമേഷൻ ബയസ്” ആണ്. ആളുകൾക്ക് മുമ്പേ വിശ്വസിക്കാൻ തോന്നുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങൾ അവർ കൂടുതൽ എളുപ്പത്തിൽ അംഗീകരിക്കും. ഉദാഹരണത്തിന്, ആരെങ്കിലും ഒരു സിസ്റ്റം, ഒരു രാജ്യം, അല്ലെങ്കിൽ ഒരു ശാസ്ത്രീയ നേട്ടം എന്നിവയെ കുറിച്ച് സംശയം പുലർത്തുന്നുണ്ടെങ്കിൽ, അതിനെതിരെ വരുന്ന ഗൂഢാലോചനാ ഉള്ളടക്കങ്ങൾ അവർ കൂടുതൽ വിശ്വസിക്കാൻ തുടങ്ങും.

ചോദ്യം: അപ്പോൾ, ഒരു സാധാരണ പ്രേക്ഷകൻ എന്ത് ചെയ്യണം? ശരിയായ വിവരവും തെറ്റായ വിവരവും എങ്ങനെ തിരിച്ചറിയാനാകും?

ഉത്തരം: കണ്ട ഉടനെ, കേട്ട ഉടനെ അത് സത്യമാണ് എന്ന് കരുതാതിരിക്കുക എന്നതാണ് ഇതിൽ നമ്മൾ ആദ്യം ചെയ്യേണ്ടത്. പ്രത്യേകിച്ച് കോളിളക്കമുണ്ടാക്കുന്ന തലക്കെട്ടുകളും അതിശയോക്തി നിറഞ്ഞ അവകാശവാദങ്ങളും വന്നാൽ, അവിടെ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തണം.

രണ്ടാമതായി, ആ വിവരത്തിന്റെ ഉറവിടം പരിശോധിക്കണം. അത് വിശ്വസനീയമായ സോഴ്‌സ് ആണോ? ശാസ്ത്രീയ പഠനങ്ങളോ തെളിവുകളോ ഉണ്ടോ? അല്ലെങ്കിൽ വെറും അഭിപ്രായപ്രകടനമാണോ? എന്നിങ്ങനെ വിലയിരുത്തണം.

Photo: Gemini AI

മൂന്നാമതായി, ഒരേ വിഷയത്തെ കുറിച്ച് വിവിധ ഉറവിടങ്ങളിൽ നിന്ന് പരിശോധിക്കുക വളരെ പ്രധാനമാണ്. ഒരൊറ്റ വീഡിയോയോ ഒരൊറ്റ വ്യക്തിയോ പറയുന്ന കാര്യങ്ങളെ മാത്രം ആശ്രയിച്ചാൽ, നമുക്ക് ഭാഗികമായ വിവരങ്ങൾ മാത്രമേ ലഭിക്കൂ.

അവസാനമായി, വിമർശനാത്മക ചിന്ത അഥവാ ക്രിട്ടിക്കൽ തിങ്കിങ് വളർത്തുന്നത് അനിവാര്യമാണ്. എന്ത് വിവരമായാലും അത് ശാസ്ത്രവുമായി ബന്ധപ്പെട്ടതായാലും, ചരിത്രവുമായി ബന്ധപ്പെട്ടതായാലും, രാഷ്ട്രീയം ആയാലും ‘ഇത് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്’ എന്ന ചോദ്യം ചോദിക്കാൻ പഠിക്കണം.

ചോദ്യം: തെറ്റായ വിവിരങ്ങൾ പ്രചരിപ്പിക്കുന്നതും നരേറ്റീവ് ബിൽഡിങ്ങും തമ്മിലുള്ള ബന്ധം എങ്ങനെ കാണുന്നു?

ഉത്തരം: മിസ്ഇൻഫോർമേഷൻ പലപ്പോഴും വെറും തെറ്റായ വിവരം എന്നതിലുപരി, ഒരു നിശ്ചിത നരേറ്റീവ് നിർമിക്കാൻ ഉപയോഗിക്കപ്പെടുന്നതാണ്. ഒരു സംഭവത്തെ പൂർണമായ പശ്ചാത്തലത്തോടെ വിശദീകരിക്കുന്നതിനുപകരം, അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം എടുത്ത് അവതരിപ്പിക്കുമ്പോൾ, ആളുകൾക്ക് മുമ്പിൽ മറ്റൊരു ചിത്രമാണ് നിർമിക്കപ്പെടുന്നത്.

ഇത് വളരെ സൂക്ഷ്മമായ രീതിയിലാണ് നടക്കുന്നത്. നേരിട്ട് കള്ളം പറയേണ്ടതില്ല; പകരം, സത്യത്തിലെ ചെറിയ ഭാഗങ്ങൾ മാത്രം തെരഞ്ഞെടുക്കുകയും ബാക്കി സന്ദർഭങ്ങൾ ഒഴിവാക്കുകയും ചെയ്താൽ മതി. അപ്പോൾ അത് കാണുന്ന ആളുകൾക്ക് ആ അവതരണം തന്നെ പൂർണ സത്യമാണെന്ന് തോന്നും.

ചോദ്യം: അപ്പോൾ, ഒരു കണ്ടന്റ് ക്രിയേറ്റർ അല്ലെങ്കിൽ ഇൻഫ്‌ളുവൻസർ പറയുന്ന കാര്യങ്ങൾ ആളുകൾ എളുപ്പത്തിൽ വിശ്വസിക്കുന്നതെന്തുകൊണ്ടാണ്?

ഉത്തരം: ഡിജിറ്റൽ കാലഘട്ടത്തിൽ വിശ്വാസം പലപ്പോഴും വ്യക്തികളുടെ പേഴ്‌സണൽ ക്രെഡിബിലിറ്റിയുമായി ബന്ധിപ്പിക്കപ്പെടുന്നു. ഒരാൾ ആത്മവിശ്വാസത്തോടെ, ലളിതമായ ഭാഷയിൽ, തെളിവുകൾ കാണിക്കുന്ന പോലെ ഒരു പ്രെസന്റേഷൻ നൽകുകയാണെങ്കിൽ, പ്രേക്ഷകർക്ക് അത് കൂടുതൽ വിശ്വസനീയമായി തോന്നും.

അതിനൊപ്പം, വിഷ്വൽസ്, ഗ്രാഫിക്‌സ്, എഡിറ്റിങ് സ്‌റ്റൈൽ എന്നിവയും വലിയ സ്വാധീനം ചെലുത്തുന്നു. ഒരു വീഡിയോ പ്രൊഫഷണൽ രീതിയിൽ നിർമിച്ചിരിക്കുകയാണെങ്കിൽ, അതിലെ ഉള്ളടക്കം പോലും കൂടുതൽ വിശ്വസനീമാണെന്ന് ആണെന്ന് കരുതാൻ സാധ്യതയുണ്ട്.

ചോദ്യം: ഇത്തരം സാഹചര്യത്തിൽ പ്രേക്ഷകർക്ക് മാനിപ്പുലേഷൻ തിരിച്ചറിയാൻ എന്താണ് ശ്രദ്ധിക്കേണ്ടത്?

ഉത്തരം: ആദ്യം ശ്രദ്ധിക്കേണ്ടത് അവതരണത്തിന്റെ ടോൺ ആണ്. ഒരാൾ ഒരു വിഷയം വളരെ ഏകപക്ഷീയമായി അവതരിപ്പിക്കുന്നുണ്ടോ, വ്യത്യസ്ത കാഴ്ചപ്പാടുകൾ അവഗണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

രണ്ടാമതായി, ഉപയോഗിക്കുന്ന ഡാറ്റയും ഉദാഹരണങ്ങളും പരിശോധിക്കണം. അവ പൂർണ പഠനങ്ങളിൽ നിന്നാണോ, അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ചില ഉദാഹരണങ്ങളാണോ എന്നത് നിർണായകമാണ്. പലപ്പോഴും ”ചെറി-പിക്കിങ്” വഴി ഒരു ശക്തമായ നരേറ്റീവ് സൃഷ്ടിക്കപ്പെടുന്നു.

Photo: Gemini AI

മൂന്നാമതായി, പ്രേക്ഷകർ തങ്ങളുടെ വികാരപ്രതികരണവും ശ്രദ്ധിക്കണം. ഒരു കണ്ടന്റ് നിങ്ങളെ അത്യധികം ദേഷ്യം പിടിപ്പിക്കുകയോ ഭയപ്പെടുത്തുകയോ അതിശയിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ, അത് പലപ്പോഴും എൻഗേജ്‌മെന്റ് കൂട്ടാൻ രൂപകൽപ്പന ചെയ്തതാകാം. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഒരു നിമിഷം നിൽക്കുകയും വിവരത്തിന്റെ യാഥാർത്ഥ്യം വീണ്ടും പരിശോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അവസാനമായി, വിവരങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന ശീലം വളർത്തുന്നത് ദീർഘകാലമായി ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു ശക്തമായ നരേറ്റീവ് കേൾക്കുമ്പോൾ തന്നെ അത് സത്യമാണെന്ന് കരുതാതെ, തെളിവുകളും കോൺടെക്സ്റ്റും ഉറവിടങ്ങളും പരിശോധിക്കുന്ന സമീപനം സമൂഹത്തെ മിസ്ഇൻഫോർമേഷനിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ചോദ്യം: മിസ്ഇൻഫോർമേഷൻ കുറയ്ക്കുന്നതിൽ വിദ്യാഭ്യാസത്തിനും മീഡിയ ലിറ്ററസിക്കും എന്ത് പങ്കാണ് ഉള്ളത്?

ഉത്തരം: വിദ്യാഭ്യാസം എന്നത് വെറും വിവരങ്ങൾ മനപ്പാഠമാക്കുന്നതല്ല; വിവരങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള കഴിവ് വികസിപ്പിക്കലാണ് അതിന്റെ യഥാർത്ഥ ലക്ഷ്യം. മീഡിയ ലിറ്ററസി അതിൽ നിർണായകമാണ്, കാരണം ഇന്ന് ആളുകൾക്ക് ലഭിക്കുന്ന ഭൂരിഭാഗം വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്.

Photo: Gemini AI

ഒരു വാർത്തയെയോ വീഡിയോയെയോ കണ്ടാൽ, അത് ആരാണ് നിർമിച്ചത്, എന്ത് ഉദ്ദേശത്തോടെ ആണ് അവതരിപ്പിച്ചത്, ഏത് ഉറവിടങ്ങളെ ആശ്രയിച്ചാണ് വിവരങ്ങൾ നൽകിയിരിക്കുന്നത് ഇവയെല്ലാം പരിശോധിക്കുന്ന ശീലം വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. ഇത് ഇല്ലാത്തപ്പോൾ, ആളുകൾ കണ്ടന്റിന്റെ അവതരണത്തിലുള്ള ക്വാളിറ്റിയെ തന്നെ സത്യത്തിന്റെ തെളിവായി തെറ്റിദ്ധരിക്കാൻ തുടങ്ങും.

ചോദ്യം: പലരും പറയുന്നത്, നിങ്ങളുടെ വീഡിയോകളിൽ ഡാറ്റയും മറ്റും കുറവും വ്യക്തിപരമായ അഭിപ്രായങ്ങൾ കൂടുതലാണ് എന്നുമാണ്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: എന്റെ വീഡിയോയുടെ 90% വസ്തുതാപരമാണ്. ചിലപ്പോൾ, രാഷ്ട്രീയ-വ്യക്തിപരമായ ഘടകങ്ങൾ മാത്രം ചേർക്കാറില്ല. ഞാൻ നിശ്ചയിക്കുന്ന വിഷയങ്ങൾ പ്രധാനമാണ്, അത് മാധ്യമങ്ങളിൽ പ്രചാരമുള്ളവ അല്ല, പൊതുസംസാരത്തിലെ വിഷയങ്ങളായിരിക്കും അവയെല്ലാം.

ധ്രുവ് റാഠി

ഞാനൊരിക്കലും മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുന്നില്ല. മികച്ച വിവരമേഖലയും പ്രചോദനാത്മകമായ കഥകളും മാത്രം പ്രേക്ഷകർക്കു എത്തിക്കാനാണ് ശ്രമിക്കുന്നത്. കുറച്ചുകൂടി വിശദമായ അനുഭവങ്ങൾ കൂടി കാണിക്കാൻ ശ്രമിക്കുന്നു.

ചോദ്യം: ഇന്ത്യയിലെ മാധ്യമങ്ങളുടെ നിലപാടുകളെ നിങ്ങൾ പലപ്പോഴായും വിമർശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.

ഉത്തരം: ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളുടെ വലിയൊരു വിഭാഗം അധികാരകേന്ദ്രങ്ങളോട് വളരെ അടുത്ത് പ്രവർത്തിക്കുന്നതായാണ് ഞാൻ മനസിലാക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത് കൂടുതൽ വ്യക്തമായി കാണാം. യഥാർത്ഥ പ്രശ്‌നങ്ങളായ തൊഴിൽ, വിലക്കയറ്റം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയ്ക്ക് പകരം വികാരപരമായ വിഷയങ്ങൾക്കും ധ്രുവീകരണ വിഷയങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നത്.

ചർച്ചകളുടെ ദിശ തന്നെ പലപ്പോഴും പൊതുജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിനായാണ് ക്രമീകരിക്കപ്പെടുന്നത്. അതിലൂടെ ഭരണകൂടം മറുപടി പറയേണ്ട ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോകുന്നു. ഇത് ഒരു സംവിധാനത്തിന്റെ പ്രശ്നമാണ്. ഇവിടെ കേവലം മാധ്യമപ്രവർത്തകരെ ഒരിക്കലും വ്യക്തിപരമായി കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇങ്ങനെ കുറ്റപ്പെടുന്നതിലൂടെ ഒരു പരിഹാരവും കാണാൻ സാധിക്കില്ല.

ചോദ്യം: ബി.ജെ.പിയുടെ ഐ.ടി സെല്ലുകൾ സോഷ്യൽ മീഡിയയിലെ ചർച്ചകളെ സ്വാധീനിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പലരും ഇത് ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: സോഷ്യൽ മീഡിയ രാഷ്ട്രീയ രംഗത്ത് വലിയൊരു ആയുധമായി മാറിയിട്ടുണ്ട്. സംഘടിതമായ ഐ.ടി സെല്ലുകൾ, പ്രത്യേകിച്ചും ബി.ജെ.പിയുടെ ഐ.ടി സെല്ലുകൾ തങ്ങൾക്കാവശ്യമായ നരേറ്റീവുകൾ നിർമിക്കുന്നതിൽ സജീവമായി തന്നെ ഇടപെടുന്നുണ്ട്. തങ്ങൾക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാനും അവർക്ക് ഇതിലൂടെ സാധിക്കുന്നു.

Photo: Dhruv Rathee/ YouTube.com

ട്രോളുകൾ നിർമിക്കുന്നത്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്, ട്രെൻഡ് മാനിപ്പുലേഷൻ ഇതെല്ലാം ഇവരുടെ രീതിയാണ്.

എന്നാൽ ഇത് കേവലം ബി.ജെ.പിയിലേക്കോ മറ്റേതെങ്കിലും പ്രത്യേക പാർട്ടിയിലേക്കും മാത്രം ചുരുങ്ങുന്ന ഒരു വിഷയമല്ല. ഡിജിറ്റൽ പ്രൊപ്പഗാണ്ട ആധുനിക രാഷട്രീയത്തിൽ ഒഴിച്ചുകൂടാത്ത ഒന്നായി തീർന്നിരിക്കുകയാണ്. ഇക്കാരണം കൊണ്ടുതന്നെ മീഡിയ ലിറ്ററസിയും വിമർശനാത്മക ചിന്തയും പൊതുജനങ്ങൾക്ക് അത്യാവശ്യമാണ്.

ചോദ്യം: ഇന്നത്തെ രാഷ്ട്രീയത്തിൽ മാധ്യമങ്ങളും, തെരഞ്ഞെടുപ്പ് നരേറ്റീവ് നിർമാണവും, പ്രത്യേകിച്ച് ഐ.ടി സെല്ലുകളുടെ സ്വാധീനവും നിങ്ങൾ എങ്ങനെ കാണുന്നു?

ഉത്തരം: ഇന്നത്തെ രാഷ്ട്രീയത്തിൽ മീഡിയയുടെ പങ്ക് വളരെ വലിയതാണ്, പക്ഷേ അത് കേവലം പരമ്പരാഗത മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇപ്പോൾ പൊതുജന അഭിപ്രായത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്.

ഒരു വിഷയത്തെ ആളുകൾ എങ്ങനെ കാണുന്നു എന്ന് നിശ്ചയിക്കുന്നത് പലപ്പോഴും അതിനെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്താണ് ട്രെൻഡ് ചെയ്യുന്നത്, എന്താണ് വൈറലാകുന്നത്, എന്താണ് തുടർച്ചയായി ആളുകൾക്ക് മുന്നിൽ എത്തുന്നത് ഇവയൊക്കെ ചേർന്നാണ് ഒരു നരേറ്റീവ് രൂപപ്പെടുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് ഇത് കൂടുതൽ ശക്തമാകുന്നു. അന്ന് രാഷ്ട്രീയ പാർട്ടികൾ സംഘടിതമായ ഡിജിറ്റൽ ക്യാമ്പെയ്‌നുകൾ നടത്തുന്നത് സാധാരണ കാര്യമാണ്. ഹാഷ്ടാഗ് ട്രെൻഡുകൾ, ഷോർട്ട് വീഡിയോകൾ, മീമുകൾ, ടാർഗെറ്റഡ് മെസേജിങ് എന്നിവ വഴി വോട്ടർമാരുടെ മനോഭാവത്തെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ഇത് സ്വാഭാവികമായ ഒരു ഓൺലൈൻ ചർച്ച മാത്രമല്ല; പലപ്പോഴും സ്റ്റ്രാറ്റജിക് ആയി പ്ലാൻ ചെയ്ത കമ്മ്യൂണിക്കേഷൻ ആണെന്നാണ് ഞാൻ കാണുന്നത്.

Photo: Gemini

ഐ.ടി സെല്ലുകളുടെ കാര്യത്തിൽ പറഞ്ഞാൽ, അവയുടെ പ്രവർത്തനം ഓൺലൈൻ രാഷ്ട്രീയ ചർച്ചകളെ കൂടുതൽ വിഭജിക്കുന്ന ഘടകമാണ്. ഒരേ തരത്തിലുള്ള നരേറ്റീവ് വലിയ തോതിൽ പ്രമോട്ട് ചെയ്യുകയും, വിമർശന ശബ്ദങ്ങളെ ട്രോളുകളിലൂടെയോ സംഘടിത പ്രതികരണങ്ങളിലൂടെയോ ഇല്ലാതാരക്കാൻ‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത നമുക്ക് പലപ്പോഴും കാണാം. ഇതിലൂടെ ഒരു ആർട്ടിഫിഷ്യൽ കോൺസെൻസസ് ഉണ്ടാക്കുന്നതുപോലെ തോന്നിപ്പിക്കാൻ കഴിയുന്നു.

അൽഗോരിതങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. വികാരങ്ങളുണർത്തുന്നതോ വിവാദപരമായതോ ആയ കണ്ടന്റുകൾ കൂടുതൽ എൻഗേജ്മെന്റ് നേടുന്നതിനാൽ, അവയാണ് കൂടുതൽ ആളുകൾക്ക് മുന്നിൽ എത്തുന്നത്.

അതുകൊണ്ട് തന്നെ, മീഡിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാതെ രാഷ്ട്രീയ വിവരങ്ങളെ വിമർശനാത്മകമായി വിലയിരുത്താൻ സാധിക്കില്ല. ജനാധിപത്യത്തിൽ ഇൻഫോർമ്ഡ് സിറ്റിസൺഷിപ്പ് നിലനിർത്താൻ ഫാക്റ്റ്-ചെക്കിങ്ങും മീഡിയ ലിറ്ററസിയും വളരെ നിർണായകമാണ്.

ചോദ്യം: രാഷ്ട്രീയ പ്രൊപ്പഗാണ്ടയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഇന്നത്തെ ഡിജിറ്റൽ കാലത്ത് എത്രത്തോളം വലിയ പ്രശ്‌നമാണ്?

ഉത്തരം: ഡിജിറ്റൽ കാലത്ത് പ്രൊപ്പഗാണ്ടയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും വളരെ വേഗത്തിൽ പടരുന്ന ഒന്നായി മാറിയിട്ടുണ്ട്. മുമ്പ് ഒരു തെറ്റായ വാർത്ത പ്രചരിക്കാൻ സമയം എടുത്തിരുന്നുവെങ്കിൽ, ഇപ്പോൾ അത് മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലെത്തുന്നു.

പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ ഹെഡ് ലെെന്‍ മാത്രം കണ്ടോ, ഒരു ക്ലിപ്പ് മാത്രം കണ്ടോ ആ വിഷയത്തിൽ അഭിപ്രായം രൂപപ്പെടുന്നതോ തീരുമാനത്തിലേക്കെത്തുന്നതോ ആയ പ്രവണതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ, സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്ന വിവരങ്ങൾക്ക് വലിയ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കഴിയും.

രാഷ്ട്രീയ പ്രൊപ്പഗാണ്ടയുടെ പ്രധാന രീതി നരേറ്റീവ് സൃഷ്ടിക്കലും അത് നിയന്ത്രിക്കലുമാണ്. ഒരേ സന്ദേശം വീണ്ടും വീണ്ടും വ്യത്യസ്ത ഫോർമാറ്റുകളിൽ ആളുകളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ, അത് സത്യമാണെന്ന് അവർക്ക് തോന്നാൻ തുടങ്ങും.

മീമുകൾ, ഷോർട്ട് വീഡിയോകൾ, കട്ട് ചെയ്ത ക്ലിപ്പുകൾ, സിംപ്ലിഫൈ ചെയ്ത സ്ലോഗനുകൾ — ഇവയൊക്കെ ഉപയോഗിച്ച് സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങളെ വളരെ ഏകപക്ഷീയമായി അവതരിപ്പിക്കുന്നതാണ് പതിവ്. ഇത് ഒരു ഇൻഫോർമേഷൻ വാർഫെയർ പോലെയാണ് പ്രവർത്തിക്കുന്നത്.

മറ്റൊരു പ്രധാന പ്രശ്നം എക്കോ ചേംബറുകളാണ്. ആളുകൾ കൂടുതലായി തങ്ങൾക്ക് യോജിക്കുന്ന ആശയങ്ങളുള്ള കണ്ടന്റുകളേ കാണുന്നുള്ളു, കാരണം അൽഗോരിതങ്ങൾ അതാണ് പ്രമോട്ട് ചെയ്യുന്നത്. ഇതിലൂടെ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാനുള്ള സാധ്യത കുറയുകയും, പോളറൈസേഷൻ വർധിക്കുകയും ചെയ്യുന്നു. ആളുകൾ തങ്ങൾ വിശ്വസിക്കുന്ന നരേറ്റീവിനോട് വിരുദ്ധമായ വിവരങ്ങളെ പൂർണമായും നിരസിക്കുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുന്നു.

അതുകൊണ്ടാണ് മീഡിയ ലിറ്ററസി വളരെ പ്രധാനമെന്ന് ഞാൻ എപ്പോഴും പറയുന്നത്. ഒരു വാർത്ത കണ്ടാൽ അതിന്റെ ഉറവിടം പരിശോധിക്കുക, ഫാക്റ്റ്-ചെക്ക് ചെയ്യുക, എഡിറ്റ് ചെയ്ത ക്ലിപ്പുകൾക്ക് പകരം മുഴുവൻ കോൺടെക്സ്റ്റ് മനസ്സിലാക്കാൻ ശ്രമിക്കുക – ഇവ അനിവാര്യമാണ്.

ഇല്ലെങ്കിൽ, ജനാധിപത്യ ചർച്ചകൾ യഥാർത്ഥ വിവരങ്ങളെ അടിസ്ഥാനമാക്കി നടക്കാതെ, പ്രൊപ്പഗാണ്ടയും തെറ്റായ വിവരങ്ങളും നയിക്കുന്ന ദിശയിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.

ചോദ്യം: സോഷ്യൽ മീഡിയ അൽഗോരിതങ്ങളും കണ്ടന്റ് കൺസംപ്ഷൻ ഹാബിറ്റ്സും രാഷ്ട്രീയ നരേറ്റീവുകളെ എങ്ങനെ സ്വാധീനിക്കുന്നു?

ഉത്തരം: സോഷ്യൽ മീഡിയയിൽ ആളുകൾ കാണുന്ന കണ്ടന്റ് കൂടുതലായും അൽഗോരിതങ്ങൾ തീരുമാനിക്കുന്നതാണ്. നിങ്ങൾ എന്താണ് ലൈക്ക് ചെയ്യുന്നത്, എന്താണ് കൂടുതൽ സമയം കണ്ടത്, എന്ത് തരത്തിലുള്ള വീഡിയോകളുമായി എൻഗേജ് ചെയ്യുന്നു — ഇതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ എന്ത് കാണണമെന്ന് പ്ലാറ്റ്ഫോം തീരുമാനിക്കുന്നത്. ഇതിന്റെ ഫലമായി പതുക്കെ ഒരേ തരത്തിലുള്ള ആശയങ്ങൾ മാത്രമുള്ള ഒരു ഇൻഫർമേഷൻ ബബിൾ രൂപപ്പെടുകയാണ്.

Photo: Gemini AI

ഇത് രാഷ്ട്രീയ ചർച്ചകളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാരണം ആളുകൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ കാണാനുള്ള അവസരം ഇതിലൂടെ കുറയുകയാണ്. നിങ്ങൾ ഒരു പ്രത്യേക നരേറ്റീവ് ഉള്ള കണ്ടന്റ് ഒരിക്കൽ കണ്ടാൽ, അൽഗോരിതം അതിനോട് സാമ്യമുള്ള കൂടുതൽ കണ്ടന്റ് നിങ്ങളിലേക്ക് തള്ളാൻ തുടങ്ങും.

അതുകൊണ്ട് തന്നെ, ഒരു രാഷ്ട്രീയ വിഷയത്തെക്കുറിച്ചുള്ള ധാരണ പലപ്പോഴും ബാലൻസ്ഡ് ഇൻഫർമേഷനിലൂടെ അല്ല, മറിച്ച് ആവർത്തിച്ച് കാണുന്ന ഒരേ ആംഗിളിലൂടെ ആണ് രൂപപ്പെടുന്നത്.

ഷോർട്ട്-ഫോം കണ്ടന്റിന്റെ വളർച്ചയും ഇതിനെ കൂടുതൽ ശക്തമാക്കുന്നു. വളരെ സങ്കീർണമായ വിഷയങ്ങൾ 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റ് ക്ലിപ്പുകളാക്കി ലളിതമാക്കുമ്പോൾ, അതിന്റെ യഥാർത്ഥ സന്ദർഭവും സാഹചര്യങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നു. ഇതിലൂടെ മുഴുവൻ സംഭവങ്ങളറിയാതെ ആളുകളിൽ ഈ വിഷയത്തിൽ ഒരു അഭിപ്രായത്തിലെത്തുന്നു.

അതുകൊണ്ടാണ് വിവിധ ഇൻഫർമേഷനുകൾ സ്വീകരിക്കുക എന്നത് ഒരു ആക്ടീവ് പ്രോസസ് ആകണമെന്ന് ഞാൻ പറയുന്നത്. ഒരൊറ്റ വൈറൽ ക്ലിപ്പ് കണ്ട് നിഗമനത്തിൽ എത്തുന്നതിന് പകരം, ഫുൾ കോൺടെക്സ്റ്റ് പരിശോധിക്കുക, വ്യത്യസ്ത ഉറവിടങ്ങൾ കാണുക, ഒരു വിഷയം പല ആംഗിളുകളിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുക — ഇവ വളരെ പ്രധാനമാണ്. അല്ലെങ്കിൽ, അൽഗോരിതം നിർണയിക്കുന്ന ഇൻഫർമേഷൻ ഫീഡാണ് നമ്മുടെ രാഷ്ട്രീയ ധാരണയെ നിയന്ത്രിക്കാൻ തുടങ്ങുക.

ചോദ്യം: ലോങ്-ഫോം കണ്ടന്റും ഷോർട്ട്-ഫോം കണ്ടന്റും തമ്മിലുള്ള വ്യത്യാസം പൊതുജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ എങ്ങനെ ബാധിക്കുന്നു?

ഉത്തരം: ഇന്ന് നമ്മൾ കാണുന്ന ഒരു വലിയ മാറ്റം ഇൻഫർമേഷൻ കൺസംപ്ഷൻ പാറ്റേണിലാണ്. ആളുകൾ കൂടുതൽ ഷോർട്ട്-ഫോം കണ്ടന്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു — റീലുകൾ, ഷോർട്ട് ക്ലിപ്പുകൾ, ചെറിയ എഡിറ്റഡ് വീഡിയോകൾ എന്നിവ.

പ്രശ്നം എന്തെന്നാൽ, ഏറെ സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങളെ ഇങ്ങനെ വളരെ ചുരുങ്ങിയ ഫോർമാറ്റിൽ അവതരിപ്പിക്കുമ്പോൾ, ഒരു വലിയ വിഷയത്തെ പൂർണ്ണ കോൺടെക്സ്റ്റോടെ വിശദീകരിക്കുക എന്നത് പ്രായോഗികമായി അസാധ്യമാണ്.

ഇതിനാൽ ആളുകൾക്ക് ലഭിക്കുന്ന വിവരം പലപ്പോഴും ഫ്രാഗ്മെന്റഡ് ആകുന്നു. ഒരു പ്രസം​ഗത്തിലെ ചെറിയ ഭാഗം മാത്രം, ഒരു ഡിബേറ്റിലെ ഒരു ക്ലിപ്പ് മാത്രം, അല്ലെങ്കിൽ ഒരു സ്റ്റേറ്റ്മെന്റിന്റെ കട്ട് ചെയ്ത വേർഷൻ മാത്രം വൈറൽ ആകുന്നു.

അത് മുഴുവൻ കോൺടെക്സ്റ്റിൽ നിന്നും വേർതിരിച്ചെടുത്തതായതിനാൽ, ആളുകൾക്ക് സംഭവത്തിന്റെ പൂർണ ചിത്രം മനസ്സിലാകാതെ തന്നെ ശക്തമായ അഭിപ്രായങ്ങൾ രൂപപ്പെടുന്നു. ഇത് രാഷ്ട്രീയ പോളറൈസേഷനെയും തെറ്റിദ്ധാരണകളെയും വർധിപ്പിക്കുന്നു.

ലോങ്-ഫോം കണ്ടന്റ് ഇതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അതിൽ വിഷയങ്ങളെ ലെയർ ബൈ ലെയർ ആയി വിശദീകരിക്കാൻ സമയം ലഭിക്കുന്നു. ഡാറ്റ, കോൺടെക്സ്റ്റ്, വ്യത്യസ്ത കാഴ്ചപ്പാടുകൾ — ഇവയെല്ലാം ഉൾപ്പെടുത്തി ഒരു സമഗ്രമായ ചിത്രം അവതരിപ്പിക്കാൻ കഴിയും. എന്നാൽ ലോങ്-ഫോം കണ്ടന്റ് കാണാൻ കൂടുതൽ സമയവും ശ്രദ്ധയും ആവശ്യമാണ്, അതുകൊണ്ട് തന്നെ അത് എല്ലായ്പ്പോഴും വൈറൽ ആകണമെന്നില്ല.

ഇവിടെ പ്രശ്നം ഷോർട്ട്-ഫോം കണ്ടന്റുകളല്ല, മറിച്ച് അത് മാത്രം ആളുകളുടെ ഇൻഫർമേഷൻ സോഴ്‌സായി മാറുന്നു എന്ന പ്രവണതയാണ് പ്രശ്നമായി നിലനിൽക്കുന്നത്. ആളുകൾ ഒരു വിഷയം ഗൗരവമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഷോർട്ട് ക്ലിപ്പുകൾക്ക് പുറമെ പൂർണ വിശദീകരണവും ഫുൾ കോൺടെക്സ്റ്റും കാണേണ്ടത് അനിവാര്യമാണ്.

അല്ലെങ്കിൽ, വളരെ സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങൾ പോലും ഓവർ സിംപ്ലിഫൈ ചെയ്ത നരേറ്റീവുകളായി മാറാനുള്ള സാധ്യത കൂടുതലാണ്.

ചോദ്യം: ഇന്നത്തെ ഇൻഫർമേഷൻ ഇക്കോസിസ്റ്റത്തിൽ ഓഡിയൻസ് സൈക്കോളജി എത്രത്തോളം നിർണായകമാണ്?

ഉത്തരം: പൊതുജനങ്ങൾ വിവരങ്ങൾ സ്വീകരിക്കുന്ന രീതി ശരിക്കും പറഞ്ഞാൽ ഇമോഷനുകൾ ആധാരമാക്കിയുള്ളതാണ്. ആളുകൾ പൂർണ ഡാറ്റ പരിശോധിച്ച് തീരുമാനം എടുക്കുന്നതിലേക്കാൾ, അവരുടെ മുൻകൂർ വിശ്വാസങ്ങളോട് പൊരുത്തപ്പെടുന്ന കാര്യങ്ങൾ എളുപ്പത്തിൽ അംഗീകരിക്കുന്ന പ്രവണത കാണാം.

ഇത് “കൺഫർമേഷൻ ബയസ്” എന്ന സൈക്കോളജിക്കൽ ഫാക്ടറുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് ഒരേ സംഭവം രണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾ രണ്ടുതരം സത്യമായി കാണുന്നത്.

രാഷ്ട്രീയ കണ്ടന്റിൽ ഇത് കൂടുതൽ ശക്തമാകുന്നു. ഭയം, കോപം, ദേശീയത, മതാഭിമാനം പോലുള്ള ശക്തമായ വികാരങ്ങൾ ഉപയോഗിച്ചുള്ള മെസേജുകൾ കൂടുതൽ വേഗത്തിൽ പടരുന്നു. കാരണം അത്തരം കണ്ടന്റ് ആളുകളെ റിയാക്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു — ലൈക്ക് ചെയ്യാൻ, ഷെയർ ചെയ്യാൻ, കമന്റ് ചെയ്യാൻ. അൽഗോരിതങ്ങൾക്കും ഇതാണ് വേണ്ടത്: കൂടുതൽ എംഗേജ്മെന്റ്.

അതുകൊണ്ട് ഇൻഫർമേഷൻ വാർഫെയർ വിജയിക്കുന്നത് സാങ്കേതിക വിദ്യ കൊണ്ടുമാത്രമല്ല, മനുഷ്യ മനസിന്റെ സ്വഭാവം കൊണ്ടുമാണ്. ഒരു നരേറ്റീവ് സത്യമായതിനാൽ അല്ല, അത് ശക്തമായ ഇമോഷൻ ഉളവാക്കുന്നതിനാലാണ് പലപ്പോഴും വൈറൽ ആകുന്നത്. ഈ സൈക്കോളജിക്കൽ ഘടകം മനസ്സിലാക്കാതെ ഇന്നത്തെ രാഷ്ട്രീയ ഡിജിറ്റൽ ഡൈനാമിക്സ് മനസ്സിലാക്കാൻ കഴിയില്ല.

ചോദ്യം: ഇൻഫർമേഷൻ ഓവർലോഡ് എന്ന പ്രശ്നം ജനങ്ങളുടെ രാഷ്ട്രീയ ധാരണയെ എങ്ങനെ ബാധിക്കുന്നു?

ഉത്തരം: ഇന്ന് നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഇൻഫർമേഷനുകളുടെ കുറവ് അല്ല, മറിച്ച് ഇൻഫർമേഷൻ ഓവർലോഡാണ്. ഒരേ വിഷയത്തെക്കുറിച്ച് നൂറുകണക്കിന് അഭിപ്രായങ്ങൾ‌ പോസ്റ്റുകളും വീഡിയോകളുമായി ഒരേ സമയം മുന്നിലേക്ക് വരുമ്പോൾ, ആളുകൾക്ക് എന്താണ് വിശ്വസിക്കേണ്ടത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്നു.

ഈ സാഹചര്യത്തിൽ, ഏറ്റവും ലളിതമായി അവതരിപ്പിക്കുന്ന നരേറ്റീവുകളാണ് പലപ്പോഴും കൂടുതൽ സ്വാധീനം ചെലുത്തുന്നത്, കാരണം ആളുകൾക്ക് ഓരോ വിവരവും വിശദമായി പരിശോധിക്കാൻ സമയം ഉണ്ടാകണമെന്നില്ല.

ഇതിന്റെ ഫലമായി, സർഫേസ്-ലെവൽ അണ്ടർസ്റ്റാൻഡിങ് കൂടുതലായി രൂപപ്പെടുന്നു. ആളുകൾ ഹെഡ്ലൈനുകൾ, ക്ലിപ്പുകൾ, അല്ലെങ്കിൽ വൈറൽ പോസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പൂർണ കോൺടെക്സ്റ്റ് പരിശോധിക്കാതെ അഭിപ്രായം രൂപപ്പെടുത്തുന്നു. ഇതിലൂടെ സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങൾ ഓവർസിംപ്ലിഫൈ ചെയ്യപ്പെടുകയും, ബ്ലാക്ക്-അന്റ്-വൈറ്റ് നറേറ്റീവുകളായി മാറുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു ഇൻഫർമേഷൻ അന്തരീക്ഷത്തിൽ ക്രിറ്റിക്കൽ ഫിൽറ്ററിങ് വളരെ പ്രധാനമാണ്. ഏത് വിവരം പ്രധാനമാണ്, ഏത് മിസ്‌ലീഡിങ് ആണ്, ഏത് കോൺടെക്സ്റ്റ് നഷ്ടപ്പെട്ടതാണ് — ഇത് തിരിച്ചറിയാനുള്ള കഴിവില്ലെങ്കിൽ, ഇൻഫർമേഷൻ ഓവർലോഡ് ആളുകളെ കൂടുതൽ ഇൻഫോം ചെയ്യുന്നതിന് പകരം കൂടുതൽ കൺഫ്യൂസ് ചെയ്യാൻ തന്നെ സാധ്യത കൂടുതലാണ്.

ചോദ്യം: ഈ സാഹചര്യത്തിൽ സ്വതന്ത്ര ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്?

ഉത്തരം:ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ക്രിയേറ്റർമാർക്ക് വലിയ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനൊപ്പം വലിയ ഉത്തരവാദിത്തവും. നിങ്ങൾക്ക് ലക്ഷണക്കണക്കിന് ആളുകളിലേക്ക് നേരിട്ട് എത്താനുള്ള കഴിവുണ്ടെങ്കിൽ, നിങ്ങൾ പറയുന്ന ഓരോ കാര്യവും ഒരു സ്വാധീനം ചെലുത്തും.

അതുകൊണ്ട് തന്നെ, ഫാക്റ്റ്-ചെക്കിങ്, കൃത്യമായ സോഴ്സുകൾ, കോൺടെക്സ്റ്റ് വ്യക്തമാക്കൽ — ഇവ അനിവാര്യമാണ്. “വൈറൽ ആകണം” എന്ന ലക്ഷ്യം മാത്രം കൊണ്ടു കണ്ടന്റ് നിർമിക്കുന്നത് അപകടകരമാണ്.

Photo: Gemini

മറ്റൊരു പ്രധാന കാര്യം ട്രാൻസ്‌പാരൻസിയാണ്. ഒരു വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം പറയുമ്പോൾ അത് ഒപ്പീനിയൻ ആണെന്ന് വ്യക്തമാക്കണം; ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പറയുമ്പോൾ അവയുടെ ഉറവിടങ്ങൾ വ്യക്തമാക്കണം.

പ്രേക്ഷകർക്ക് ഒരു ബാലൻസ്ഡ് ചിത്രം നൽകാനുള്ള ശ്രമം വേണം, അല്ലാതെ ഒരേ നരേറ്റീവ് മാത്രം ആവർത്തിക്കുന്നത് ഡിജിറ്റൽ പ്രൊപ്പഗാണ്ടയുമായി വലിയ വ്യത്യാസമുണ്ടാക്കില്ല.

അവസാനമായി, ക്രിയേറ്റർമാർക്കും അൽഗോരിതം പ്രഷർ ഉണ്ടെങ്കിലും, എൻഗേജ്മെന്റിനേക്കാൾ വിശ്വാസ്യത പ്രാധാന്യമാക്കേണ്ടതാണ്. ദീർഘകാലത്തിൽ വിശ്വാസ്യതയാണ് ഒരു പ്ലാറ്റ്ഫോമിന്റെ ഏറ്റവും വലിയ ആസ്തി. അല്ലെങ്കിൽ, ഡിജിറ്റൽ സ്പേസും പരമ്പരാഗത രാഷ്ട്രീയ പ്രചാരണങ്ങളുടെ മറ്റൊരു ഉപകരണമായി മാറാൻ സാധ്യത കൂടുതലാണ്.

ചോദ്യം: ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും രാഷ്ട്രീയ കണ്ടന്റിൽ അവതരിപ്പിക്കുമ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ഉത്തരം: ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും വളരെ ശക്തമായ ടൂളുകളാണ്, പക്ഷേ അവയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് മുഴുവൻ കാര്യവും ആശ്രയിക്കുന്നത്. ഒരേ ഡാറ്റ വ്യത്യസ്ത രീതിയിൽ ഫ്രെയിം ചെയ്യാൻ കഴിയും.

ചില നമ്പറുകൾ ഹൈലൈറ്റ് ചെയ്യുക, ചിലത് ഒഴിവാക്കുക, അല്ലെങ്കിൽ കോൺടെക്സ്റ്റ് നൽകാതിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ ടെക്നിക്കലി തെറ്റായ വിവരമല്ലെങ്കിലും, തെറ്റിദ്ധരിപ്പിക്കുന്ന നറേറ്റീവ് സൃഷ്ടിക്കാൻ സാധിക്കും.

പൊതുവേ ആളുകൾ ഗ്രാഫുകളും നമ്പറുകളും കണ്ടാൽ അതിനെ ഒബ്ജക്റ്റീവ് സത്യമായി കാണുന്ന പ്രവണതയുണ്ട്. പക്ഷേ ഡാറ്റയുടെ സോഴ്‌സ് എന്താണ്, സാംപിൾ സൈസ് എത്രയാണ്, സമയം ഏത് കാലയളവാണ്, കമ്പാരിസൺ എന്തിനോടാണ് — ഇവ പരിശോധിക്കാതെ നിഗമനത്തിൽ എത്തുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് കാരണമാകും. പ്രത്യേകിച്ച് രാഷ്ട്രീയ ഡിബേറ്റുകളിൽ സെലക്ടീവ് ഡാറ്റ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്.

അതുകൊണ്ട് ഡാറ്റ കൺസ്യൂം ചെയ്യുമ്പോൾ നമ്പറുകൾ മാത്രം നോക്കുന്നത് മാത്രം മതിയാകില്ല, അതിന്റെ കോൺടെക്സ്റ്റും മെത്തഡോളജിയും മനസ്സിലാക്കണം. ഒരു സ്റ്റാറ്റിസ്റ്റിക് ശരിയായിരിക്കാം, പക്ഷേ അത് വലിയ ചിത്രത്തിന്റെ ചെറിയ ഭാഗം മാത്രമായിരിക്കും. ആ മുഴുവൻ ചിത്രം കാണാതെ ഡാറ്റയെ അടിസ്ഥാനമാക്കി അഭിപ്രായം രൂപപ്പെടുത്തുമ്പോൾ, അതും ഒരു തരത്തിലുള്ള ഇൻഫർമേഷൻ മിസ്‌ഇന്റർപ്രിറ്റേഷൻ ആയി മാറും.

ചോദ്യം: സർക്കാരുകൾ ഡിജിറ്റൽ സ്പേസിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പ്രവണതയെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

ഉത്തരം: ഡിജിറ്റൽ സ്പേസ് ഇന്ന് ചർച്ചകളുടെ പ്രധാന വേദിയായതിനാൽ, സർക്കാരുകൾ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. “ഫേക്ക് ന്യൂസ് തടയണം”, “ദേശീയ സുരക്ഷ സംരക്ഷിക്കണം” എന്നുള്ള കാരണങ്ങളാണ് ഇതിന് അവർ സാധാരണയായി പറയാറുള്ളത്.

പക്ഷേ പ്രശ്നം അതിന്റെ നടപ്പിലാക്കലിലാണ്. നിയന്ത്രണം കർശനമായാൽ, അത് വിമർശന സ്വരങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായി മാറാനുള്ള സാധ്യതയുണ്ട്.

ഫേക്ക് ന്യൂസ് തടയേണ്ടത് തീർച്ചയായും ആവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ അമിത നിയന്ത്രണവും സെൻസർഷിപ്പും കൊണ്ടുവരുമ്പോൾ, അത് ജനാധിപത്യ ചർച്ചകളെ തന്നെ ദുർബലമാക്കും.

ഒരു നയത്തെ വിമർശിക്കുന്നത് രാജ്യവിരുദ്ധതയല്ല; അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് റെഗുലേഷൻ എന്നത് ബാലൻസ്ഡ് ആയിരിക്കണം — ഉത്തരവാദിത്വവും സ്വാതന്ത്ര്യവും തമ്മിൽ ഒരു സമതുലിതാവസ്ഥ വേണം.

ചോദ്യം: മുഖ്യധാരാ മാധ്യമങ്ങളും സ്വതന്ത്ര ഡിജിറ്റൽ ക്രിയേറ്റർമാരും തമ്മിലുള്ള വിശ്വാസ്യതയിലെ വ്യത്യാസം നിങ്ങൾ എങ്ങനെ കാണുന്നു?

ഉത്തരം: മുഖ്യധാരാ മാധ്യമങ്ങളോട് ഉണ്ടായിരുന്ന പാരമ്പര്യ വിശ്വാസത്തെ ഇന്നത്തെ കാലത്ത് ആളുകൾ കുറച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങി എന്നാണ് ഞാൻ മനസിലാക്കുന്നത്. കാരണം, പലപ്പോഴും അവർ വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന രീതി, ചർച്ചകളുടെ ഫ്രെയിമിങ്, ചില വിഷയങ്ങൾക്ക് നൽകുന്ന അനാവശ്യ പ്രാധാന്യം എന്നിവ കാണുമ്പോൾ ഒരു എഡിറ്റോറിയൽ ബയസ് ഉണ്ടെന്ന തോന്നൽ ആളുകൾക്ക് വരുന്നു.

അതേസമയം, ഡിജിറ്റൽ ക്രിയേറ്റർമാർ കൂടുതൽ വിശദമായ എക്സ്പ്ലെയ്നർ കണ്ടന്റ് നിർമ്മിക്കുന്നതിനാൽ, അവർക്ക് വിഷയങ്ങളെ കോൺടെക്സ്റ്റോടെ അവതരിപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു.

എന്നാൽ ഇതുകൊണ്ട് ഡിജിറ്റൽ ക്രിയേറ്റർമാർ എല്ലായ്പ്പോഴും കൂടുതൽ വിശ്വസനീയരാണ് എന്നർത്ഥമില്ല. അവർക്കും സ്വന്തം ബയസ് ഉണ്ടാകും, അവരുടെ ഉറവിടങ്ങൾ സെക്കൻഡറി ആയിരിക്കും, ഗ്രൗണ്ട് റിപ്പോർട്ടിങ് കുറവായിരിക്കും.

അതുകൊണ്ട് എന്റെ കാഴ്ചപ്പാടിൽ, ഒരു ഡിജിറ്റൽ ക്രിയേറ്ററെ ഒരു പത്രപ്രവർത്തകനായി പൂർണമായി കാണുന്നത് ശരിയായ താരതമ്യം അല്ല; അവർ കൂടുതൽ ഒരു എജ്യുക്കേറ്റർ അല്ലെങ്കിൽ എക്സ്പ്ലെയ്നർ എന്ന റോളിലാണ്.

ഒടുവിൽ, വിശ്വാസ്യത എന്നത് പ്ലാറ്റ്ഫോം ആശ്രയിച്ചല്ല, മറിച്ച് ട്രാൻസ്പാരൻസി, സോഴ്സ് വെരിഫിക്കേഷൻ, തെറ്റുകൾ തിരുത്താനുള്ള തയ്യാറെടുപ്പ് എന്നിവ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്.

ചോദ്യം: തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ വിഷയങ്ങളും ഉൾപ്പെടുന്ന കണ്ടന്റ് നിർമിക്കുമ്പോൾ നിങ്ങൾ വിഷയങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നു?

ഉത്തരം: ഞാൻ സാധാരണയായി ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയ വിഷയങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കാറില്ല. കാരണം, മുഖ്യധാരാ മാധ്യമങ്ങൾ ഇതിനകം തന്നെ അത്യധികം ചർച്ച ചെയ്യുന്ന വിഷയങ്ങളെ വീണ്ടും ആവർത്തിക്കുന്നത് പ്രേക്ഷകർക്ക് പുതിയ അറിവ് നൽകില്ല.

അതിന് പകരം, കുറച്ച് മാത്രമേ ചർച്ച ചെയ്യപ്പെടുന്ന, പക്ഷേ പൊതുജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിഷയങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്. ഒരു ആഴ്ചയിൽ നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടാകാം, എന്നാൽ എനിക്ക് പരിമിതമായ സമയം മാത്രമുള്ളതിനാൽ, ആളുകൾക്ക് പഠിക്കാൻ കഴിയുന്ന വിഷയങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.

സത്യം പറഞ്ഞാൽ, ഞാൻ എന്റെ ഇമേജ് മാത്രം ശ്രദ്ധിക്കണമെങ്കിൽ, ഓരോ മാസവും ബാലൻസ്ഡ് ആയി പ്രോ-ഗവൺമെന്റ്, ആന്റി-ഗവൺമെന്റ് വിഷയങ്ങൾ തുല്യമായി എടുക്കാം.

പക്ഷേ അത് ഒരു കൃത്രിമ ബാലൻസ് ആയിരിക്കും. യഥാർത്ഥ പ്രശ്നങ്ങൾ എവിടെയാണോ, പൊതുചർച്ച കുറവുള്ള വിഷയങ്ങൾ എവിടെയാണോ, അവയെ എടുത്ത് വിശദീകരിക്കുന്നത് രാജ്യത്തിനും പ്രേക്ഷകർക്കും കൂടുതൽ പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചോദ്യം: വീഡിയോയുടെ കമന്റ് സെക്ഷനിൽ വലിയ വിമർശനങ്ങളും മറ്റും വന്നാൽ അത് നിങ്ങളെ മോശമായി ബാധിക്കാറുണ്ടോ?

ഉത്തരം: ആദ്യകാലത്ത് ഇത് കണ്ടപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കാനുള്ള ഒരു കൗതുകമായിരുന്നു എനിക്ക്. പെട്ടെന്ന് ആയിരക്കണക്കിന് നെഗറ്റീവ് കമന്റുകൾ വരുന്നത് വ്യക്തിപരമായ ആക്രമണമെന്നതിനേക്കാൾ ഒരു പാറ്റേൺ എന്ന നിലയിൽ ഞാൻ കാണാൻ തുടങ്ങി. പലപ്പോഴും, ആ കമന്റ് ചെയ്യുന്ന ആളുകൾ വീഡിയോ മുഴുവനായി കണ്ടിട്ടില്ലെന്നു തന്നെ തോന്നും, കാരണം അവർ ഒരേ ലൈനുകൾ മാത്രം ആവർത്തിക്കും.

കാലക്രമേണ, ഞാൻ ഇതിനെ വ്യക്തിപരമായി എടുക്കാതിരിക്കാൻ പഠിച്ചു. വിമർശനങ്ങളിൽ യഥാർത്ഥ ഫീഡ്ബാക്ക് ഉണ്ടെങ്കിൽ അത് ഞാൻ പരിഗണിക്കും, പക്ഷേ കോർഡിനേറ്റഡ് ട്രോളിംഗ് ആയാൽ അത് ഒരു ഡിജിറ്റൽ പരിസ്ഥിതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകും.

ഒടുവിൽ, നിങ്ങളുടെ പ്രേക്ഷകർ നിങ്ങളുടെ ജോലി മനസ്സിലാക്കുന്നുണ്ടെങ്കിൽ, താത്കാലിക നെഗറ്റിവിറ്റികൾ നിങ്ങളുടെ കണ്ടന്റിന്റെ ദീർഘകാല വിശ്വാസ്യതയെ ബാധിക്കില്ല.

ചോദ്യം: നിങ്ങൾ ഒരു പക്ഷം ചേർന്ന് മാത്രം സംസാരിക്കുന്നു, പൊളിറ്റിക്കലി ബയസ്ഡ് ആണ് എന്ന വിമർശനങ്ങളോട് എന്താണ് പറയാനുള്ളത്?

ഉത്തരം: എനിക്ക് നേരെ വരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്നാണ് “ബയസ്” അഥവാ പക്ഷാപാതിയെന്ന ആരോപണം. പക്ഷേ ഞാൻ എപ്പോഴും പറയുന്നത്, ക്രിട്ടിക്കൽ ആയാൽ അത് ബയസ് ആകുന്നില്ല എന്നതാണ്. ഒരു സർക്കാർ അല്ലെങ്കിൽ ഒരു നയം സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണ്.

ഞാൻ ​സർക്കാരിന് അനുകൂലമായ വിഷയങ്ങൾ എടുത്താൽ ആളുകൾ അതിനെ ന്യൂട്രൽ ആയി കാണും, എന്നാൽ വിമർശനാത്മക സ്വഭാവമുള്ള വിഷയങ്ങൾ എടുത്താൽ അത് ബയസ് ആയി ലേബൽ ചെയ്യപ്പെടുന്നു — ഈ ഇരട്ടത്താപ്പ് തന്നെ ഒരു പ്രശ്നമാണ്.

എന്നാൽ ഞാൻ പൂർണ്ണമായി ഒബ്ജക്റ്റീവ് ആണെന്ന് പറയില്ല, കാരണം ഓരോ മനുഷ്യനും സ്വന്തം വീക്ഷണങ്ങളോടെയാണ് ലോകത്തെ കാണുന്നത്. അതുകൊണ്ട് പ്രേക്ഷകർക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന രീതിയിൽ ഡാറ്റയും ഉറവിടങ്ങളും വ്യക്തമാക്കാനാണ് തന്നെ ഞാൻ ശ്രമിക്കുന്നത്.

വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണ്; പക്ഷേ അത് കണ്ടന്റ് അടിസ്ഥാനമാക്കിയുള്ളതാണോ, അല്ലെങ്കിൽ ഒരു ചാപ്പയടിക്കാനുള്ള ശ്രമമാണോ എന്നതാണ് പ്രധാന വ്യത്യാസം.

ചോദ്യം: നിങ്ങൾ വീഡിയോകൾക്കുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡമെന്താണ്? ട്രെൻഡിങ് ടോപ്പിക്കുകളോ, അല്ലെങ്കിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളാണോ നിങ്ങൾ ആളുകളുടെ മുമ്പിലെത്തിക്കാൻ ശ്രമിക്കുന്നത്?

ഉത്തരം: പൂർണമായും ട്രെൻഡിങ് ടോപ്പിക്കുകളോ അടിസ്ഥാനമാക്കിയല്ല വിഷയങ്ങൾ തെരഞ്ഞെടുക്കുന്നത്. ഒരു ആഴ്ചയിൽ രാജ്യത്ത് പത്ത് വലിയ വിഷയങ്ങൾ നടന്നാലും, മീഡിയ ഇതിനകം തന്നെ അധികമായി ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലെന്ന് കരുതുന്നു.

ഇതിന് പകരം, ആളുകൾ അധികം ശ്രദ്ധിക്കാത്തതോ, അല്ലെങ്കിൽ ഉപരിതലമായി മാത്രം ചർച്ച ചെയ്യുന്ന വിഷയങ്ങളിലേക്കാണ് ഞാൻ കൂടുതലായി പോകാൻ ശ്രമിക്കുന്നത്, കാരണം അവയിൽ ആളുകൾക്ക് പുതിയ അറിവ് നൽകാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം, ഞാൻ പൂർണമായും അപ്രസക്തമായ വിഷയങ്ങൾ മാത്രം എടുക്കുന്നില്ല; ഒരു ബാലൻസ് നിലനിർത്താൻ ശ്രമിക്കുന്നു. ഒരു വിഷയം വൈറലാണെങ്കിലും അതിന് പിന്നിലെ ആഴത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ആ വലിയ കോൺടെക്സ്റ്റ് വിശദീകരിക്കുന്ന രീതിയിലാണ് വീഡിയോ നിർമിക്കുന്നത്. എന്റെ ലക്ഷ്യം ട്രെൻഡിനെ പിന്തുടരുക അല്ല, മറിച്ച് പ്രേക്ഷകർക്ക് വിഷയം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ്.

ചോദ്യം: വീഡിയോകളിൽ നെഗറ്റീവ് വിഷയങ്ങൾ കൂടുതലാണെന്ന വിമർശനത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

ഉത്തരം: ഈ വിമർശനം ഞാൻ പലപ്പോഴും കേൾക്കാറുണ്ട്, പക്ഷേ അതിന്റെ ഒരു പ്രധാന കാരണം കണ്ടന്റ് സ്വഭാവമാണ്. പൊതുവേ, ഒരു രാജ്യത്തിന്റെ പ്രശ്നങ്ങൾ, നയത്തിലെ പോരായ്മകൾ, അല്ലെങ്കിൽ സംവിധാനത്തിലെ വീഴ്ചകൾ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് സ്വാഭാവികമായി “നെഗറ്റീവ്” ആയി തോന്നാം.

എന്നാൽ അതിന്റെ ഉദ്ദേശം നെഗറ്റിവിറ്റി സൃഷ്ടിക്കുന്നത് അല്ല, മറിച്ച് അവബോധം സൃഷ്ടിക്കലാണ്. ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാതെ അതിന്റെ പരിഹാരം ചർച്ച ചെയ്യാൻ കഴിയില്ല, അതിനാൽ വിമർശനാത്മകമായ വിഷയങ്ങൾ ഒഴിവാക്കുന്നത് ശരിയായ സമീപനം ആകില്ല.

Photo: Dhruv Rathee/YouTube.com

അതേസമയം, ആളുകളെ നിരാശരാക്കുന്ന രീതിയിൽ മാത്രം കണ്ടന്റ് ഉണ്ടാക്കുന്നത് ആരോഗ്യകരമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, പ്രചോദനാത്മക കഥകൾ, പോസിറ്റീവ് വികസനങ്ങൾ, നല്ല നയങ്ങളുടെയോ വിജയകരമായ മാതൃകകളുടെയോ വിശകലനവും ഇടയ്ക്കിടെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു.

ദീർഘകാലമായി നോക്കുമ്പോൾ, പ്രേക്ഷകർക്ക് യാഥാർത്ഥ്യത്തിന്റെ സമഗ്ര ചിത്രം നൽകുക — അതിൽ പ്രശ്നങ്ങളും നേട്ടങ്ങളും ഒരുപോലെ ഉൾപ്പെടണം — എന്നതാണ് കൂടുതൽ ഉത്തരവാദിത്തമുള്ള കണ്ടന്റ് സമീപനം.

ചോദ്യം: ഒരു വിഭാ​ഗത്തിന്റെ ഐ.ടി സെല്ലിൽ നിന്നും സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നു എന്ന് എപ്പോഴാണ് മനസിലായത്?

ഉത്തരം: പലപ്പോഴായി അക്കാര്യം എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ പെട്ടെന്ന് കമന്റുകളുടെ സ്വഭാവം മാറുമ്പോൾ. സാധാരണ പ്രേക്ഷകരുടെ കമന്റുകൾ വൈവിധ്യമുള്ളതായിരിക്കും — പലരും ആ വിഷയത്തെ അനുകൂലിക്കും, ചിലർ വിമർശിക്കും, മറ്റുചിലർ ചോദ്യങ്ങൾ ചോദിക്കും.

പക്ഷേ ചില വീഡിയോകളിൽ ഒരേ വാക്യങ്ങൾ, ഒരേ നരേറ്റീവ്, ഒരേ രീതിയിലുള്ള കമന്റുകൾ വലിയ തോതിൽ ഒരേസമയം വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് സ്വാഭാവികമായ ഒരു പ്രേക്ഷക പ്രതികരണം പോലെ തോന്നാറില്ല, മറിച്ച് ഏകോപിതമായ ഒരു പാറ്റേൺ പോലെ കാണപ്പെടുന്നു.

അത്തരക്കാരുടെ പ്രൊഫെെലുകൾ പരിശോധിക്കുമ്പോഴാണ് ഇത് കൂടുതൽ വ്യക്തമാവുക. പല അക്കൗണ്ടുകളിലും യാതൊരു പോസ്റ്റുകളും ഇല്ല, അവരെ കുറിച്ചുള്ള വിവരങ്ങൾ‌ തീർത്തും ശൂന്യമാണ്, ചിലപ്പോൾ പേരിനൊപ്പം റാൻഡം അക്ഷരങ്ങൾ ചേർത്തിട്ടുള്ള യൂസർനെയിമുകൾ കാണാം.

വീഡിയോയിൽ നിന്നും ചെറിയ ക്ലിപ്പുകൾ കോൺടെക്സ്റ്റിൽ നിന്നും അടർ‌ത്തി മാറ്റി വിവിധ പേജുകളിൽ ഒരേ സമയം ഷെയർ ചെയ്യുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഇത് സ്വാഭാവിക വിമർശനത്തേക്കാൾ സംഘടിതമായ ഒരു ഡിജിറ്റൽ നരേറ്റീവ് പുഷ് ചെയ്യാനുള്ള ശ്രമമാണെന്ന് തിരിച്ചറിയാൻ എളുപ്പമാണ്.

ചോദ്യം: മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻ പേജുകളും ഒരേ ക്ലിപ്പുകൾ ഉപയോഗിച്ച് ഒരു പ്രത്യേക നരേറ്റീവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

ഉണ്ട്, ചില സന്ദർഭങ്ങളിൽ അത് വ്യക്തമായി കാണാം. ഒരു നീണ്ട വീഡിയോയിൽ നിന്ന് ചെറിയൊരു ക്ലിപ്പ് കോൺടെക്സ്റ്റിൽ നിന്ന് അടർത്തി മാറ്റി, അതിനെ സ്വതന്ത്രമായ ഒരു പ്രസ്താവനയായി പ്രചരിപ്പിക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. തുടർന്ന് ആ ക്ലിപ്പ് വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഒരേ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും, എല്ലാത്തിലും ഒരേ ക്യാപ്ഷനുകളും ഒരേ വിമർശനങ്ങളും ആവർത്തിക്കുകയും ചെയ്യും.

അതിനുശേഷം ആ ക്ലിപ്പുകൾ തന്നെ ചില മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചാവിഷയമാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ മുഴുവൻ വീഡിയോയുടെ കോൺടെക്സ്റ്റ്, ഡാറ്റ, വിശദീകരണം എന്നിവ പലപ്പോഴും അവഗണിക്കപ്പെടുന്നു.

ഇതുകൊണ്ട് ഒരു സങ്കീർണ്ണ വിഷയത്തെ വളരെ ലളിതമായ ഒരു വിവാദമായി ചുരുക്കാനുള്ള പ്രവണത ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ, പ്രേക്ഷകർ മുഴുവൻ ഉള്ളടക്കം കാണുകയും പിന്നീട് അഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ നിരന്തരം പറയുന്നു.

ചോദ്യം: നിങ്ങൾക്ക് നേരിട്ട് ഭീഷണികൾ ലഭിച്ചിട്ടുണ്ടോ, അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ നിങ്ങളെ സമീപിച്ചിട്ടുണ്ടോ?

ഉത്തരം: ഓൺലൈൻ സ്പേസിൽ ഭീഷണികൾ എന്നത് പൂർണമായും ഇല്ല എന്ന് പറയാനാകില്ല, പക്ഷേ അവയെ ഞാൻ അധികമായി വായിക്കുകയോ പ്രാധാന്യം നൽകുകയോ ചെയ്യുന്നില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഏത് സ്രഷ്ടാവിനും ഇത്തരം സന്ദേശങ്ങൾ വരുന്നത് അസാധാരണമല്ല. എന്നാൽ അവയിൽ ഭൂരിഭാഗവും ഗൗരവമുള്ളവയല്ല, മറിച്ച് വികാരത്തിന് പുറത്തുള്ള പ്രതികരണങ്ങൾ മാത്രമാണ്.

“ഞങ്ങൾക്ക് വേണ്ടി വീഡിയോകൾ ചെയ്യൂ” എന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികൾ നേരിട്ട് സമീപിച്ചിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം, എന്റെ ഉള്ളടക്കം ഒരു പാർട്ടിയെ പ്രമോട്ട് ചെയ്യുന്നതിലേക്കല്ല, വിഷയങ്ങളെ വിശദീകരിക്കുന്നതിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതുതന്നെയാകാം.

ഒരു കണ്ടന്റ് ക്രിയേറ്റർ എന്റെ വിശ്വാസ്യത നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ടത് എഡിറ്റോറിയൽ സ്വാതന്ത്ര്യമാണ്, അതിനാൽ ഏതെങ്കിലും രാഷ്ട്രീയ ഘടകവുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകുന്നത് ആ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നു.

ചോദ്യം: നിങ്ങളുടെ വീഡിയോകൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നു എന്നണ് ചിലർ പറയുന്നത്. ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്?

ഉത്തരം:  ഒരു തെരഞ്ഞെടുപ്പിന്റെ ഫലത്തെ ഒരൊറ്റ കണ്ടന്റ് ക്രിയേറ്ററോ ഒരു യൂട്യൂബ് ചാനലോ നിർണയിക്കുന്നു എന്ന് പറയുന്നത് യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനമല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ നിരവധി ഘടകങ്ങളെ ആശ്രയിരിക്കുന്നതാണ്.

സാമ്പത്തിക സാഹചര്യം, പ്രാദേശിക രാഷ്ട്രീയം, പാർട്ടി സംഘടന, മീഡിയ നരേറ്റീവ്, ജനങ്ങളുടെ ദൈനംദിന അനുഭവങ്ങൾ തുടങ്ങിയവ. ഒരു വീഡിയോ അതിൽ ഒരു ചെറിയ ഘടകമായിരിക്കാം, പക്ഷേ അത് നിർണായക ഘടകമാണെന്ന് അവകാശപ്പെടുന്നത് കടന്ന കയ്യാണ്.

എന്റെ ലക്ഷ്യം രാഷ്ട്രീയ ഫലങ്ങളെ നിയന്ത്രിക്കുക അല്ല, മറിച്ച് പൊതുപ്രശ്നങ്ങളെ ഡാറ്റയും കോൺടെക്സ്റ്റും ഉപയോഗിച്ച് വിശദീകരിക്കുകയാണ്. ആളുകൾക്ക് വിവരങ്ങൾ ലഭിക്കുമ്പോൾ അവർ സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു.

ഇന്ത്യ പോലെയുള്ള ഒരു വലിയ ജനാധിപത്യത്തിൽ വോട്ടർമാരുടെ തീരുമാനം വളരെ സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഒരു കണ്ടന്റ് ക്രിയേറ്ററെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കേന്ദ്രകാരണമെന്നായി ചിത്രീകരിക്കുന്നത് യാഥാർത്ഥ്യത്തേക്കാൾ നരേറ്റീവ് നിർമാണത്തോടാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.

ചോദ്യം: ഒരു വീഡിയോ തയ്യാറാക്കാൻ എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്യാറുണ്ട്? വിഷയത്തെ കുറിച്ചുള്ള റിസേർച്ചുകളും മറ്റും എപ്രകാരമാണ്?

ഉത്തരം: ഒരു വീഡിയോയ്ക്ക് പിന്നിൽ രാഴ്ചക്കാർ കാണാത്ത വലിയ റിസേർച്ച് പ്രൊസസ് ഉണ്ടാകും. വിഷയത്തെ ആശ്രയിച്ച് വിവിധ റിപ്പോർട്ടുകൾ, ഔദ്യോഗിക ഡാറ്റകൾ, വാർത്താ സോഴ്സുകൾ, അക്കാദമിക് പഠനങ്ങൾ എന്നിവ പരിശോധിക്കാറുണ്ട്.

പലപ്പോഴും ഒരു വിഷയം ലളിതമായി വിശദീകരിക്കാൻ പോലും മണിക്കൂറുകളോ ദിവസങ്ങളോ വേണ്ടിവരും, കാരണം വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നത് വളരെ പ്രധാനമാണ്. തെറ്റായ വിവരങ്ങൾ ഒരിക്കൽ പുറത്തുപോയാൽ അത് തിരുത്താൻ വളരെ ബുദ്ധിമുട്ടാണ്.

അതേസമയം, ഞാൻ എല്ലാ സ്രോതസുകളും പരമാവധി സുതാര്യമാക്കാനും ശ്രമിക്കാറുണ്ട്. അതുവഴി പ്രേക്ഷകർക്ക് സ്വയം പരിശോധിക്കാൻ കഴിയണം.

ചോദ്യം: ഇന്ത്യയിലെ യുവാക്കളുടെ രാഷ്ട്രീയ അവബോധത്തിൽ ഡിജിറ്റൽ കണ്ടന്റിന് എത്രത്തോളം പങ്കുണ്ട് എന്ന് നിങ്ങൾ കരുതുന്നു?

ഉത്തരം: ഇന്ന് വലിയൊരു ശതമാനം യുവാക്കൾ അവരുടെ രാഷ്ട്രീയ വിവരങ്ങൾ ടെലിവിഷനിൽ നിന്നല്ല, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ നിന്നാണ് നേടുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് വളരെ വലിയ ഉത്തരവാദിത്വം സ്വാഭാവികമായി ലഭിച്ചിട്ടുണ്ട്.

ഒരു ലളിതമായ എക്സ്പ്ലെയിനർ വീഡിയോ പോലും, പ്രത്യേകിച്ച് അവർ വിഷയത്തെ കുറിച്ച് ആദ്യമായി കേൾക്കാനോ മനസിലാക്കാനോ ശ്രമിക്കുകയാണെങ്കിൽ ഇത് തീർച്ചയായും ഒരാളുടെ രാഷ്ട്രീയ ധാരണയെ സ്വാധീനിക്കാം.

പക്ഷേ ഇതിന് ഒരു റിസ്‌ക്കും ഉണ്ട്. ഷോർട്ട് ഫോം കണ്ടന്റിന്റെ വളർച്ച കാരണം cസങ്കീർമായ രാഷ്ട്രീയ വിഷയങ്ങൾ വളരെ ലളിതമാക്കി അവതരിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വിഷയങ്ങളെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴും അതിന്റെ സങ്കീർണത നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

യുവാക്കളിൽ രാഷ്ട്രീയ അവബോധം വളരുന്നത് ഒരു നല്ല കാര്യമാണ്, പക്ഷേ അത് വിവരങ്ങൾ എത്രത്തോളം സത്യമാണ് എന്ന് മനസിലാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ചോദ്യം: നിങ്ങൾക്ക് “ഇൻഫ്ലുവൻസർ” എന്ന ലേബലിനെക്കാൾ “എജ്യൂക്കേറ്റർ” എന്ന ലേബലാണ് ചേരുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

ഉത്തരം: ഇൻഫ്ലുവൻസർ എന്ന വാക്ക് പലപ്പോഴും തെറ്റായി മനസിലാക്കപ്പെടുന്നു, കാരണം അത് ഒപ്പീനിയൻ മേക്കിങ് എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ എന്റെ കണ്ടന്റ് ശൈലി നോക്കിയാൽ, ഞാൻ കൂടുതൽ ഒരു എക്സ്പ്ലെയിനർ അല്ലെങ്കിൽ എഡ്യൂക്കേഷണൽ ക്രിയേറ്റർ എന്ന നിലയിലാണ് എന്നെ കാണുന്നത്. ഞാൻ ഒരു വിഷയത്തെ കൂടുതലായി വിശദീകരിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, ഒരു വലിയ ഓഡിയൻസ് ഉണ്ടാകുമ്പോൾ അവരിൽ ഒരു സ്വാധീനം സ്വാഭാവികമായി ഉണ്ടാകും എന്നത് ഞാൻ നിഷേധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭാഷ, ടോൺ, ഡാറ്റ പ്രെസന്റേഷൻ എന്നിവയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ആളുകൾ കണ്ണുമടച്ച് വിശ്വസിക്കാതെ, സ്വയം ചിന്തിക്കണമെന്നതാണ് എനിക്ക് പ്രധാനം.

ചോദ്യം: ഭാവിയിൽ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ സ്വഭാവം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എങ്ങനെ മാറുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു?

ഉത്തരം: ഭാവിയിൽ രാഷ്ട്രീയ ഉള്ളടക്കം കൂടുതൽ ഡിജിറ്റൽ-ഫസ്റ്റ് ആകുമെന്ന് വ്യക്തമാണ്. പരമ്പരാഗത മീഡിയയുടെ സ്വാധീനം തുടരുമ്പോഴും, ഒരു നരേറ്റീവ് വളർത്തിയെടുക്കുന്നത് വലിയ രീതിയിൽ ഓൺലൈൻ സ്പേസിലേക്കാണ് മാറുന്നത്. പ്രത്യേകിച്ച് എ.ഐ അടക്കമുള്ളവയുടെ വള‍ച്ച എന്നിവയുടെ വളർച്ച കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

അതോടൊപ്പം തെറ്റായ വിവരങ്ങളും ഡീപ്ഫേക്കും പോലുള്ള വെല്ലുവിളികളും കൂടി ഉയരും. അതിനാൽ ഭാവിയിൽ കണ്ടന്റ് ക്രിയേറ്റർമാരും പ്ലാറ്റ്ഫോമുകളും ഓഡിയൻസും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും.

ചോദ്യം: ഫ്രീ സ്പീച്ചും പ്ലാറ്റ്‌ഫോം റെഗുലേഷനും തമ്മിലുള്ള ബാലൻസിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: ഫ്രീ സ്പീച്ച് ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്, പക്ഷേ അതിനൊപ്പം തെറ്റായ വിവിരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു എന്ന വെല്ലുവിളിയും നമുക്ക് പരിഗണിക്കേണ്ടതുണ്ട്.

പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കാം, എന്നാൽ യാതൊരു റെഗുലേഷനും ഇല്ലാത്ത അവസ്ഥ തെറ്റായ വിവിരങ്ങളെ നിയന്ത്രിക്കാനാവാത്ത രീതിയിൽ വ്യാപിപ്പിക്കാനും ഇടയാക്കും. അതിനാൽ ഇത് ഒരു ലളിതമായി യെസ് എന്നോ നോ എന്നോ പറയാവുന്ന ഒരു വിഷയമല്ല. സൂക്ഷ്മമായ ബാലൻസിങ് ഇവിടെ ആവശ്യമാണ്.

പ്ലാറ്റ്‌ഫോമുകൾ അവരുടെ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, കണ്ടന്റ് മോഡറേഷൻ എങ്ങനെ നടക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകണം. അതേസമയം, ഓഡിയൻസിനും മീഡിയ ലിറ്ററസിയുണ്ടാകണം. കാരണം അവസാനമായി ഒരു കാര്യത്തെ വിശ്വസിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ്.

ചോദ്യം: AIയും ഡീപ്‌ഫേക്ക് ടെക്നോളജിയും ഇതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്?

ഉത്തരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷനെ കൂടുതൽ സങ്കീർണമാക്കുമെന്നുറപ്പാണ്. പ്രത്യേകിച്ചും ഡീപ്പ്ഫേക്ക് അടക്കമുള്ള ടൂളുകളുടെ സഹായത്തോടെ വളരെ വിശ്വസനീയമായി തോന്നുന്ന തെറ്റായ വിവരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന കാലഘട്ടത്തിലേക്ക് നാം കടക്കുകയാണ്. സാധാരണ പ്രേക്ഷകർക്ക് യഥാർത്ഥവും കൃത്രിമവുമായ ഉള്ളടക്കങ്ങളെ വേർതിരിച്ച് തിരിച്ചറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാകും.

അതുകൊണ്ട് തന്നെ ഭാവിയിൽ ഒരു കാര്യം വിശ്വസിക്കുന്നതിന് മുമ്പ് ഫാക്ട് ചെക്കിങ് ചെയ്യുന്ന രീതി കൂടുതലായി ഉണ്ടാകും. ടെക്നോളജി മുന്നോട്ട് പോകുമ്പോൾ വിമർശനാത്മക ചിന്തകളും ഡിജിറ്റൽ അവബോധവും അതിനൊപ്പം തന്നെ വളരേണ്ടതുണ്ട്, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ഇവരിൽ‌ ചെലുത്തുന്ന സ്വാധീനം വളരെ വലുതായിരിക്കും.

ചോദ്യം: ഇത്രയും രാഷ്ട്രീയ വിഷയങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നത് വ്യക്തിപരമായി ക്ഷീണം ഉണ്ടാക്കുന്നുണ്ടോ?

ഉത്തരം: അതെ, രാഷ്ട്രീയ ഉള്ളടക്കം സ്ഥിരമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് പലപ്പോഴും ചാലഞ്ചിങ്ങായി തോന്നാറുണ്ട്. കാരണം ഓരോ വിഷയവും ഡാറ്റ, കോൺടെക്സ്റ്റ്, പബ്ലിക് റിയാക്ഷൻ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ ഇൻഫർമേഷൻ ലോഡാണ്.

ചിലപ്പോൾ നെ​ഗറ്റീവ് ന്യൂസ് സെെക്കിളുകൾ തുടർച്ചയായി കാണുന്നത് വെെകാരികമായി തളർന്നുപോകുന്ന അനുഭവവുമാകാം. അതുകൊണ്ട് തന്നെ വർക്-ലെെഫ് ബാലൻസ് നിലനിർത്താൻ ഞാൻ ജാഗ്രത പുലർത്താൻ ശ്രമിക്കുന്നു.

ചോദ്യം: അവസാനമായി, നിങ്ങളുടെ പ്രേക്ഷകർക്ക് നൽകാൻ ആഗ്രഹിക്കുന്ന പ്രധാന സന്ദേശം എന്താണ്?

ഉത്തരം: എന്റെ പ്രധാന സന്ദേശം വളരെ ലളിതമാണ്: എന്ത് വിവരവും കണ്ണുമടച്ച് വിശ്വസിക്കരുത്. അത് എന്റെ വീഡിയോ ആയാലും, മറ്റാരുടേതായാലും. എപ്പോഴും സോഴ്സുകൾ പരിശോധിക്കുക്കയും സന്ദർഭം മനസിലാക്കുകയും ചെയ്യണം. വിവിധ കാഴ്ചപ്പാടുകൾ തേടണം.

ഉത്തരവാദിത്തബോധമുള്ള, കാര്യങ്ങൾ മനസിലാക്കുന്ന പൗരനാകുന്നത് തുടർച്ചയായി കാര്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്ന പ്രൊസസ് ആണ്. ഒരിക്കൽ നേടിയാൽ അത് അവസാനിക്കുന്ന ഒന്നല്ല, തുടർച്ചയായി കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും ശ്രമിക്കണം.

ജനാധിപത്യത്തിൽ വിവരബോധമുള്ള പൗരന്മാർ അത്യന്താപേക്ഷിതമാണ്. നിങ്ങൾ സ്വീകരിക്കുന്ന ഉള്ളടക്കങ്ങൾ, അത് നേരിട്ട് നിങ്ങളുടെ രാഷ്ട്രീയ ധാരണയെ സ്വാധീനിക്കും. അതിനാൽ വെെകാരികമായി ചിന്തിക്കുന്നതിന് പകരം, വസ്തുതയുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ മനസിലാക്കുക.

Content Highlight: Dhruv Rathee Interview

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more