| Tuesday, 25th August 2026, 12:39 pm

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ നമുക്കെല്ലാം അറിയാം: ജുറെല്‍

സുദേവ് എ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെച്ച് ധ്രുവ് ജുറെല്‍. പന്ത് വളരെയധികം അനുഭവസമ്പത്തുള്ള താരമാണെന്നും പല സാഹചര്യങ്ങളിലും താന്‍ പന്തിനോട് ഉപദേശം തേടാറുണ്ടെന്നുമാണ് ജുറെല്‍ പറഞ്ഞത്.

‘പന്ത് വളരെ മികച്ച താരമാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ നമുക്കെല്ലാം അറിയാം. അതിനാല്‍ അദ്ദേഹം ടീമില്‍ ഉണ്ടാകുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്. അദ്ദേഹത്തിന് ധാരാളം അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് ചില പ്രത്യേക സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ട്,’ ജുറെല്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. ജുറെല്‍ 177 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ മണ്ണില്‍ ഏഴാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജുറെല്‍.

പന്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 89 പന്തുകളില്‍ നിന്നും 63 റണ്‍സാണ് പന്ത് നേടിയത്. ഈ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും പന്ത് മാറി. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്ലിനെ മറികടന്നാണ് പന്ത് ഒന്നാമനായത്. 2948 റണ്‍സുമായാണ് പന്തിന്റെ കുതിപ്പ്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിനാണ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യക്കായി ജുറെലിന് പുറമെ ദേവദത്ത് പടിക്കലും സെഞ്ച്വറി  നേടി.

ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരം രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുകയായിരുന്നു. 193 പന്തില്‍ 117 റണ്‍സ് നേടിയാണ് പടിക്കല്‍ തിളങ്ങിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഗില്ലും അര്‍ധ സെഞ്ച്വറി നേടി. 108 പന്തില്‍ നിന്നും ആറ് ഫോറുകള്‍ അടക്കം 50 റണ്‍സാണ് താരം ഗില്‍ നേടിയത്.

ലങ്കന്‍ ബൗളിങ്ങില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ, കേഷാര നുവന്ത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി തിളങ്ങി. ലഹിരു കുമാര ഒരു വിക്കറ്റും നേടി.

Content Highlight: Dhruv Jurel talks about Rishabh Pant

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more