| Monday, 24th August 2026, 9:05 pm

ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍; ലങ്കയില്‍ അപൂര്‍വ സെഞ്ച്വറി തൂക്കി ജുറെല്‍

സുദേവ് എ

ഇന്ത്യശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയിലാണ്.

ദേവദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 193 പന്തില്‍ 117 റണ്‍സ് നേടിയാണ് പടിക്കല്‍ തിളങ്ങിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജുറെല്‍ 177 പന്തില്‍ പുറത്താവാതെ 115 റണ്‍സും സ്വന്തമാക്കി. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് താരം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ മണ്ണില്‍ ഏഴാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജുറെല്‍. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എട്ടാം പൊസിഷനില്‍ കളത്തിലിറങ്ങി ലങ്കന്‍ മണ്ണില്‍ സെഞ്ച്വറി നേടിയിരുന്നു.

20107ല്‍ പല്ലെകെലെയിലായിരുന്നു ഹര്‍ദിക്കിനെ സെഞ്ച്വറി നേട്ടം. 108 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. ലങ്കന്‍ മണ്ണില്‍ ടെസ്റ്റില്‍ ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ജുറെല്‍ നേടിയത്.

രണ്ട് സെഞ്ച്വറിക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളില്‍ നിന്നും 63 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 108 പന്തില്‍ നിന്നും ആറ് ഫോറുകള്‍ അടക്കം 50 റണ്‍സാണ് താരം ഗില്‍ നേടിയത്.

ലങ്കന്‍ ബൗളിങ്ങില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ, കേഷാര നുവന്ത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി തിളങ്ങി. ലഹിരു കുമാര ഒരു വിക്കറ്റും നേടി.

Content Highlight: Dhruv Jurel create a rare record in Sri Lankan soil test cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more