| Friday, 1st April 2016, 10:38 am

വിരമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ ഇരുത്തിക്കളഞ്ഞ ധോണിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ട്വന്റി20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോട് തോറ്റ് പുറത്തായ ഇന്ത്യന്‍ ടീം നായകനോട് വിരമിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ധോണി കൊടുത്തത് നല്ല ചിമിട്ടന്‍ പണി.

സെമിഫൈനലിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഏവരെയും ചിരിപ്പിച്ച പ്രകടനം.

ഒരുപാടു തവണ കേട്ടു തഴമ്പിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ധോണി തന്റെ അടുത്തേക്ക് ക്ഷണിച്ചു. “”വരൂ, നമുക്കല്‍പ്പം തമാശ പങ്കിടാം””. ചോദ്യം ധോണി മുന്നേ പ്രതീക്ഷിച്ചതാണെന്ന് വ്യക്തം. പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടിയ മാധ്യമപ്രവര്‍ത്തകനോട് ധോണി വീണ്ടും “”ഇവിടേക്ക് വരൂ ഞാന്‍ കാര്യമായി തന്നെ പറഞ്ഞതാണ്””. കൂടാതെ അദ്ദേഹത്തിനായി ക്യാപ്റ്റന്‍കൂള്‍ തന്റെ സമീപത്തു തന്നെ കസേരയും തയ്യാറാക്കി.

സംഗതി കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ഒടുവില്‍ ധോണിയുടെ അടുത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് സത്യത്തില്‍ ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് ഈ ചോദ്യം പ്രതീക്ഷിച്ചതെന്ന് ധോണി.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനോടായ്; ഞാന്‍ വിരമിക്കുകയാണോ നിങ്ങള്‍ക്ക് വേണ്ടത്? വിരമിക്കുകയല്ല, വിരമിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്ന് റിപ്പോര്‍ട്ടര്‍. ശരി, മത്സരം കണ്ടിട്ട് എന്റെ കായികക്ഷമത നഷ്ടമായതായി തോന്നുന്നുണ്ടോ എന്ന് ധോണി. ഇല്ലെന്ന് റിപ്പോര്‍ട്ടറുടെ മറുപടി. ക്രീസിലെ തന്റെ ഓട്ടം എങ്ങനെയുണ്ട്? നല്ല വേഗമെന്ന് റിപ്പോര്‍ട്ടര്‍. 2019ലെ ലോകകപ്പ് വരെ പിടിച്ചു നില്‍ക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ എന്നും ധോണി. ഉണ്ടെന്നും ഉറപ്പായും അതുവരെ തുടരണമെന്നും ചമ്മിയ മുഖത്തോടെ റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു.

എന്നാല്‍ താങ്കളുടെ ചോദ്യത്തിന് താങ്കള്‍ തന്നെ മറുപടി നല്‍കിക്കഴിഞ്ഞെന്ന് കുസൃതി ചിരിയോടെ ധോണി. ഈ സമയമത്രയും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഊറിച്ചിരിക്കുകയായിരുന്നു. സീറ്റില്‍ നിന്നും പെട്ടെന്ന് സ്ഥലം വിട്ട റിപ്പോര്‍ട്ടര്‍ മറന്നു വെച്ച അദ്ദേഹത്തിന്റെ മൈക്ക് തിരികെ നല്‍കി താങ്കള്‍ തെറ്റായ വെടി തെറ്റായ സമയത്താണ് വെച്ചതെന്നും ധോണി.

Latest Stories

We use cookies to give you the best possible experience. Learn more