ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചു. വെല്ലിങ്ടണ്ണിലെ ബാസിന്‍ റിസെര്‍വില്‍ നടന്ന മത്സരത്തിലെ അവസാന ദിവസം ന്യൂസിലാന്‍ഡിനെ പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനെ 368 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 720 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്‌കോറിലെത്തിയത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പന്ത് 153 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്.
രണ്ടാമിന്നിങ്‌സിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പതിയ ബാറ്റര്‍മാര്‍ ക്ഷമയോടെ ക്രീസില്‍ നിന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 233 റണ്‍സിന് പുറകിലായിരുന്നു കിവീസ്.
അവസാന ദിവസം കളി ആരംഭിക്കുമ്പോള്‍ ഇന്ത്യയുടെ ജയം എട്ട് വിക്കറ്റ് മാത്രം അകലെയായിരുന്നു. ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ പതിനേഴ് വര്‍ഷത്തിന് ശേഷം വിജയം നേടാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ഇതോടെ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡില്‍ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന നേട്ടം ധോണിയുടെ പേരില്‍ തുടരുകയാണ്.
2009ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഹാമില്‍ടണില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി അവരുടെ മണ്ണില്‍ വിജയം നേടിയത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറി മികവില്‍ ആദ്യ ഇന്നിങ്‌സില്‍ വന്‍ ലീഡ് നേടിയ ഇന്ത്യ പത്ത് വിക്കറ്റിനാണ് അന്ന് വിജയിച്ചത്.
ഇപ്പോഴത്തെ പരിശീലകന്‍ ഗൗതം ഗംഭീര്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 102 റണ്‍സ് നേടി വിജയം നേടിയ ടീമില്‍ ഉണ്ടായിരുന്നു. രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 445 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്‌കോററും. അന്ന് ശേഷിച്ച രണ്ട് ടെസ്റ്റുകള്‍ സമനിലയിലായതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
1976 ഫെബ്രുവരിയില്‍ ഓക്‌ലാന്‍ഡില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യ അതിന് മുമ്പ് ന്യൂസിലാന്‍ഡില്‍ ജയിച്ചത്. അന്ന് സുനില്‍ ഗവാസ്‌കറുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങിയത്.
ധോണിയ്ക്ക് ശേഷം ഇന്ത്യയെ വിജയിപ്പിക്കാന്‍ ഗില്ലിന് ഒരു അവസരം കൂടിയുണ്ട്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബര്‍ 27ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും.
Content Highlight: Dhoni remains the only captain to win a test in Newzealand in last 50 years.