| Thursday, 21st August 2025, 7:28 pm

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ ധീരന്‍ ഒ.ടി.ടിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദേവദത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ധീരന്‍. മലയാള സിനിമയിലെ വിന്റേജ് താരങ്ങളുടെ റീയൂണിയന്‍ എന്ന പോലെ ഒരുക്കിയ സിനിമയായിരുന്നു ഇത്.

രാജേഷ് മാധവന്‍ ആയിരുന്നു മുഖ്യകഥാപാത്രമെങ്കിലും ചിത്രത്തില്‍ സ്‌കോര്‍ ചെയ്തത് ഈ വിന്റേജ് താരങ്ങളായിരുന്നു. മനോജ് കെ. ജയന്‍, അശോകന്‍, സുധീഷ്, വിനീത്, ജഗദീഷ്, അരുണ്‍ ചെറുകാവില്‍, അശ്വതി മനോഹരന്‍, സിദ്ധാര്‍ഥ് ഭരതന്‍, ശബരീഷ് വര്‍മ, അഭിറാം രാധാകൃഷ്ണന്‍, ഉണ്ണിമായ നാലപ്പാടം എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ധീരനില്‍ അണിനിരന്നിരുന്നു. ജൂലൈ നാലിനായിരുന്നു ധീരന്‍ തിയേറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ധീരന്റെ ഡിജിറ്റല്‍ സ്ട്രീമിങ് തീയ്യതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നടന്‍ രാജേഷ് മാധവനാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ തീയ്യതി അറിയിച്ചത്. ഓഗസ്റ്റ് 22ന് സണ്‍ എന്‍.എക്സ്.ടിയിലൂടെ ധീരന്‍ ഒ.ടി.ടിയിലെത്തും.

കോമഡിയും ആക്ഷനും പ്രണയവും ചേര്‍ന്ന സിനിമയാണ് ധീരന്‍. തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്രാഭിപ്രായമായിരുന്നു ലഭിച്ചത്. മലയാറ്റൂരില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. രാജേഷ് മാധവനാണ് ചിത്രത്തില്‍ ധീരനായി എത്തിയത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ എല്‍ദോസ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. എന്നാല്‍ പിന്നീട് നടക്കുന്ന ചില സംഭവവികാസങ്ങള്‍ നാട്ടുകാരുടെ പൊതുശത്രുവാക്കി മാറ്റുകയും അയാള്‍ നാടുവിടുകയും ചെയ്യുന്നു. എന്നാല്‍ അവിടെ നിന്നും അയാള്‍ എത്തിപ്പെടുന്നത് ഒരു അത്തര്‍ വില്‍പ്പനക്കാരന്റെ അടുത്തേക്കാണ്. പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹരികൃഷ്ണന്‍ ലോഹിതദാസാണ് ധീരന്റെ ഛായാഗ്രാഹകന്‍. മുജീബ് മജീദ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ് ആയിരുന്നു. വികൃതി, ജാന്‍ ഇ മന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പേരുകേട്ട ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നായിരുന്നു ധീരന്‍ നിര്‍മിച്ചത്.

Content Highlight: Dheeran Movie OTT Streaming Date Is Out

We use cookies to give you the best possible experience. Learn more