| Sunday, 6th July 2025, 2:37 pm

വിന്റേജ് താരങ്ങൾക്കൊപ്പം ന്യൂജെൻ താരങ്ങളും ഒത്തുചേ‍ർന്ന ധീരൻ, അരങ്ങേറ്റം പാളാത്ത ദേവദത്ത്; ചിരിപ്പിക്കും ഈ സിനിമ

ശരണ്യ ശശിധരൻ

വിന്റേജ് താരങ്ങളുടെ റീയൂണിയനൊപ്പം കുറച്ച് കോമഡിയും ആക്ഷനും പ്രണയവും ചേർന്ന സിനിമയാണ് ധീരൻ. ദേവദത്ത് ഷാജിയുടെ സംവിധാന അരങ്ങേറ്റമാണ് ധീരൻ. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവഹിച്ചത്.

കൊവിഡ് സമയത്ത് തിയേറ്റർ ഇളക്കി മറിച്ച അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്ത് ആണ് ദേവദത്ത് ഷാജി. സിനിമ കാണാൻ തിയേറ്ററിൽ എത്തുന്ന പ്രേക്ഷകരെ തെല്ലും മടുപ്പിക്കാതെ കണ്ടിരിക്കാവുന്ന സിനിമയാണ് ധീരൻ.

മനോജ് കെ. ജയൻ, അശോകൻ, സുധീഷ്, വിനീത്, ജഗദീഷ്, അരുൺ ചെറുകാവിൽ എന്നിവർക്കൊപ്പം രാജേഷ് മാധവൻ, അശ്വതി മനോഹരൻ, സിദ്ധാർഥ് ഭരതൻ, ശബരീഷ് വർമ, അഭിറാം രാധാകൃഷ്ണൻ, ഉണ്ണിമായ നാലപ്പാടം എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്.

മലയാറ്റൂരിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജേഷ് മാധവനാണ് ചിത്രത്തിൽ ധീരനായി എത്തിയത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ എൽദോസ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. എന്നാൽ പിന്നീട് നടക്കുന്ന ചില സംഭവവികാസങ്ങൾ നാട്ടുകാരുടെ പൊതുശത്രുവാക്കി മാറ്റുകയും അയാൾ നാടുവിടുകയും ചെയ്യുന്നു.

എന്നാൽ അവിടെ നിന്നും അയാൾ എത്തിപ്പെടുന്നത് ഒരു അത്തർ വിൽപ്പനക്കാരന്റെ അടുത്തേക്കാണ്. പിന്നീട് അയാളുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിനൊപ്പം തന്നെ മലയാറ്റൂരിലെ സാധാരണ ജനങ്ങൾക്കിടയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. വിന്റേജ് താരങ്ങളുടെ അഴിഞ്ഞാട്ടം തന്നെ സിനിമയിൽ കാണാൻ സാധിക്കും.

എൽദോസ് എന്ന വേഷം രാജേഷ് അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ന്നാ താൻ കേസ് കൊട്, മരണമാസ്സ് എന്നീചിത്രങ്ങളിലെ പ്രകടനം നമ്മൾ കണ്ടതാണ്. ഏതുവേഷവും ഏൽപ്പിക്കാൻ സാധിക്കുന്നൊരു മികച്ച നടനാണ് അദ്ദേഹം. അതുപോലെ തന്നെ എടുത്തുപറയേണ്ട ഒന്നാണ് വില്ലൻ വേഷം അവതരിപ്പിച്ച ശ്രീകൃഷ്ണ ദയാലിന്റെ പെർഫോമൻസ്. വില്ലനായി അദ്ദേഹം തന്റെ ഭാഗം മനോഹരമാക്കി.

കുടിയനായിട്ട് വരുന്ന മനോജ് കെ. ജയൻ നമ്മെ ചില കാര്യങ്ങൾ ചിന്തിപ്പിക്കും. പറ്റിപ്പോയ തെറ്റിനെയോർത്ത് പശ്ചാത്തപിക്കുമ്പോൾ നമ്മളുംകൂടെ അതിനൊപ്പം പോകും. സഹോദരങ്ങളായ അശോകനും, സുധീഷും നമ്മെ ചിരിപ്പിക്കും.

എന്നാൽ ഈയടുത്ത പതിവുപോലെ സീരിയസ് ആയിട്ടുള്ള കഥാപാത്രമാണ് ജഗദീഷ് ചെയ്തിട്ടുള്ളത്. നാട്ടിലെ ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. തീരുമാനം എടുക്കേണ്ട സമയത്ത് അതെടുക്കുന്ന ശാസിക്കേണ്ട സമയത്ത് ശാസിക്കുന്ന ജഗദീഷിന്റെ ചില മറുപടികൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതുവരെ കാണാത്ത രീതിയിലുള്ള ലുക്കിലാണ് വിനീത് എത്തിയത്. ചിത്രത്തിലെ വില്ലൻ വേഷം കൊള്ളാമായിരുന്നു. ആംബുലൻസ് ഡ്രൈവറായി എത്തിയ ശബരീഷ്, എൽദോയുടെ സഹോദരിയായി എത്തിയ ഉണ്ണിമായ, അളിയനായി എത്തിയ അഭിറാം എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ചെറിയ സീനുകളിലാണെങ്കിലും സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച കഥാപാത്രം നന്നായിരുന്നു. ചിത്രത്തിലെ ചെറുകഥാപാത്രങ്ങളിൽ എത്തുന്ന ഓരോരുത്തരും തന്റേതായ ഭാഗങ്ങൾ മനോഹരമായി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ച മുജീബ് മജീദ് അദ്ദേഹത്തിന്റെ ജോലി വളരെ വൃത്തിയായി ചെയ്തു. പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുന്നുണ്ട്. വസ്ത്രാലങ്കാരം നിർവഹിച്ച സമീറ സനീഷ് നാട്ടിൻപുറത്തുകാരുടെ ശൈലി അതുപോലെ തന്നെ പകർത്തിയിട്ടുണ്ട്. അരങ്ങേറ്റം പാളാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദേവദത്തിന് സാധിച്ചിട്ടുണ്ട്. മൊത്തത്തിൽ സിനിമ അടിപൊളിയാണ്.

Content Highlight: Dheeran Malayalam Movie Review

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more