സൂപ്പർ ലീഗ് കേരളയിൽ മലബാർ ഡെർബിയിൽ ഒരിക്കൽ കൂടി ആധിപത്യം തുടർന്നിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി. കഴിഞ്ഞ ദിവസം നടന്ന മലബാർ പോരിൽ മലപ്പുറം എഫ്.സിയെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് പയ്യനാടിന്റെ മണ്ണിൽ കാലിക്കറ്റ് വിജയക്കൊടി പാറിച്ചത്.
ടൂർണമെന്റിൽ ഇതുവരെ മലപ്പുറത്തിനോട് അടിയറവ് പറഞ്ഞിട്ടില്ലെന്ന റെക്കോഡും സുരക്ഷിതമായി കൈപ്പിടിയിലാക്കിയാണ് സന്ദർശകർ മടങ്ങിയത്. സ്വന്തം തട്ടകത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിലും വമ്പൻ വിജയം നേടിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ മലപ്പുറത്തിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.
കാലിക്കറ്റിനായി ഫെഡറിക്കോ ബോസോ, ലിയോ ഡേവിഡ് എന്നിവർ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ കെൽവിൻ തോമസ്, അലക്സ് സോസ എന്നിവരുടെ ഗോളുകളുടെ കാലിക്കറ്റിന് വമ്പൻ ജയം സമ്മാനിച്ചു. സൊകൂനയും നദീം ഹാദ്സിച്ചുമാണ് മലപ്പുറത്തിനായി ആശ്വാസ ഗോളുകൾ നേടിയത്.
പയ്യനാട്ടിൽ കാലിക്കറ്റിന്റെ ഗോൾ മഴയിൽ വീണത് മലപ്പുറം മാത്രമായിരുന്നില്ല, ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഗോൾകീപ്പർ ധീരജ് സിങ് കൂടിയായിരുന്നു. മലപ്പുറത്തിനൊപ്പമുള്ള അരങ്ങേറ്റ മത്സരം തന്നെ ധീരജിന് ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത മത്സരമായി മാറുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് ധീരജ് വഴങ്ങിയത്. രണ്ടാം പകുതിയിൽ ബോസോയുടെയും ലിയോ ഡേവിഡിന്റേയും മിന്നൽ ഷോട്ടുകളിൽ ഗോൾ പോസ്റ്റിൽ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമാണ് ധീരജിനായത്.
ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ വല കാത്ത ധീരജ് മലപ്പുറത്തിന്റെ ഗോൾ മുഖത്തെത്തിയപ്പോൾ ആരാധകർക്കും വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം ആദ്യ മത്സരത്തിൽ തന്നെ അസ്തമിക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, എഫ്.സി ഗോവ തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ച താരമായിരുന്നു 26കാരനായ ധീരജ്. ഇതിൽ ബ്ലാസ്റ്റേഴ്സിൽ മാത്രമായിരുന്നു താരത്തിന് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സ്ഥാനമുണ്ടായിരുന്നത്. ബാക്കിയുള്ള ക്ലബ്ബുകളിൽ ബെഞ്ചിലായിരുന്നു ധീരജിന്റെ സ്ഥാനം.
തുടർന്ന് താരം ഐ.എഫ്.എൽ ക്ലബ്ബ് ഡയമണ്ട് ഹാർബർ എഫ്.സിയിലേക്ക് കൂടുമാറുകയായിരുന്നു. എന്നാൽ ഡയമണ്ട് ഹാർബർ എഫ്.സി സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ധീരജ് പുതിയ ക്ലബ്ബിനെ തേടാൻ നിർബന്ധിതനാവുകയായിരുന്നു.
ഒടുവിൽ സൂപ്പർ ലീഗ് കേരള സീസണിന്റെ പകുതിയിലെത്തി നിൽക്കെ ധീരജിനെ മലപ്പുറം സ്വന്തമാക്കുകയായിരുന്നു. മലപ്പുറം താരത്തെ ടീമിലെത്തിച്ചതിന് ശേഷം ആദ്യ മത്സരത്തിൽ തന്നെ മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചെരിഫ ധീരജിൽ വിശ്വാസമർപ്പിച്ചെങ്കിലും എല്ലാം ഒറ്റ രാത്രി കൊണ്ടാണ് നഷ്ടമായത്.
ആദ്യ മത്സരത്തിൽ തന്നെ കനത്ത തിരിച്ചടി നേരിട്ടതോടെ അടുത്ത മത്സരത്തിൽ താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
നവംബർ ആറിന് ഫോഴ്സ കൊച്ചിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. പയ്യനാട്ടിൽ നടക്കുന്ന മത്സരത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ വമ്പൻ തിരിച്ചുവരവ് നടത്താനാവും മലപ്പുറം ലക്ഷ്യം വെക്കുക.
Content Highlight: Dheeraj Singh’s poor performance in his debut match for Malappuram FC in the Super League Kerala