| Wednesday, 19th June 2019, 5:35 pm

പരിക്ക് വില്ലനായി; ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്ത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്‌മെന്റ് മൂന്നു മത്സരങ്ങള്‍ക്കുശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

സ്റ്റാന്‍ഡ് ബൈ താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയിരുന്നെങ്കിലും പകരക്കാരനായുള്ള പ്രഖ്യാപനം നടത്തിയിരുന്നില്ല. ഈ തീരുമാനത്തോടെ പന്ത് ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

നേരത്തേ ലോകകപ്പ് പുരോഗമിക്കുമ്പോള്‍ സെമിയില്‍ എങ്കിലും ധവാന് കളിക്കാനാകുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് പൂര്‍ണവിശ്രമം എന്ന തീരുമാനത്തിലേക്കെത്തിയത്.

പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ് ധവാനു പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി. എന്നാല്‍, പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെ സ്‌കാനിംഗിന് വിധേയനാക്കിയപ്പോഴാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. പിന്നീട് ധവാന്‍ ജിമ്മില്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവന്നതോടെ താരം ലോകകപ്പില്‍ വീണ്ടും കളിക്കുമെന്ന തോന്നല്‍ വന്നിരുന്നു. ധവാന് പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ കെ.എല്‍ രാഹുല്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more