| Friday, 24th July 2026, 6:05 pm

ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രി; പെല്ലറ്റ് ആക്രമണമേറ്റ യുവാവിനെ പരിചയപ്പെടുത്തി രാഹുല്‍

റെന്വര്‍ പി

ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണെന്നും അയാളെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയുടെ പ്രതീകമാണെന്നും രാഹുല്‍ പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണ്. അയാള്‍ പുറത്താക്കപ്പെടണം. അയാള്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകര്‍ച്ചയുടെ പ്രതീകമാണ്. അയാളാണ് ആയിരക്കണക്കിന് പേര്‍ പുറത്ത് കഴിയാന്‍ കാരണം,’ രാഹുല്‍ പറഞ്ഞു.

മൂന്ന് ആവശ്യങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഈ രാജ്യത്തിന്റെ ഭാവിയെ മോദി സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, വിദ്യാര്‍ത്ഥികളോട് ക്രൂരത ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, നരേന്ദ്ര മോദി രാജ്യത്തെ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികളുന്നയിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്ക് പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ അവകാശവാദത്തെയും ചോദ്യം ചെയ്തു. ശരീരത്തില്‍ പെല്ലറ്റ് ആക്രമണമേറ്റ മുറിവുകളുള്ള സാഹില്‍ എന്ന യുവാവിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു രാഹുല്‍ കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത്.

ജൂലൈ 20 ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച 19 വയസ്സുള്ള സാഹില്‍ എന്ന യുവാവിന്റെ മുഖത്ത് ഡല്‍ഹി പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് രാഹുല്‍ പറഞ്ഞു.

‘ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് സാഹില്‍, പക്ഷേ കുടുംബം പോറ്റാന്‍ അദ്ദേഹം പാര്‍ട്ട് ടൈം ഡ്രൈവറായും ജോലി ചെയ്യുന്നു. 2025 ലെ എസ്.എസ്.സി ഡല്‍ഹി കോണ്‍സ്റ്റബിള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഇരയായിരുന്നു അദ്ദേഹം. ഇപ്പോള്‍, എസ്.എസ്.സി വീണ്ടും അതേ ഏജന്‍സിക്ക് കരാര്‍ നല്‍കിയെന്നും, ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നുപോകുമെന്നും അദ്ദേഹം ഭയപ്പെടുന്നു.

ഭേദപ്പെട്ട ഭാവിക്ക് വേണ്ടിയും നീതിക്ക് വേണ്ടിയുമായി അദ്ദേഹം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍, അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തി,’ രാഹുല്‍ പറഞ്ഞു.

‘പ്രതിഷേധ പ്രകടനങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു, പക്ഷേ സത്യം നിങ്ങളുടെ മുന്നിലുണ്ട്. ഈ വ്യക്തികളെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇത് അവരുടെ കണ്ണുകളെ ബാധിച്ചു. അവരെ അന്ധരാക്കി. ഇതുപോലുള്ള ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരെ അവര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിച്ചതിനും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണിത്. സാഹിലിനൊപ്പമാണ് തങ്ങള്‍. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഒപ്പമാണ് തങ്ങളെന്നും രാഹുല്‍ പറഞ്ഞു.

‘മോദി ജി, നിങ്ങളുടെ ഈ പാപത്തിന് രാജ്യത്തെ കുട്ടികളോട് ക്ഷമ ചോദിക്കുക. അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക. ധര്‍മ്മേന്ദ്ര പ്രധാനെ ഉടന്‍ പുറത്താക്കുക,’ രാഹുല്‍ പറഞ്ഞു.

Content highlight: Dharmendra Pradhan is a criminal Education Minister, Says Rahul- Questions Center on Pellet Attack

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more