| Wednesday, 30th July 2025, 2:03 pm

ധര്‍മസ്ഥല അന്വേഷണം; പ്രണബ് മൊഹന്തിയെ മാറ്റണമെന്ന ആവശ്യങ്ങള്‍ക്ക് പിന്നിലെ ചരിത്രം

രാഗേന്ദു. പി.ആര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ ഡി.വൈ.എസ്.പിയായിരുന്ന എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രണബ് മൊഹന്തി വിവാദത്തിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ അനുപമ ഷേണായി അടക്കമുള്ളവർ രംഗത്തുള്ളത്. മന്ത്രി കെ.ജെ. ജോര്‍ജില്‍ നിന്ന് രാഷ്ട്രീയപരമായ സമ്മര്‍ദമുണ്ടായെന്ന് ആരോപിച്ചതിന് ശേഷമാണ് ഡി.വൈ.എസ്.പി ഗണപതി ആത്മഹത്യ ചെയ്തത്.

തുടര്‍ന്നുണ്ടായ നിയമനടപടികള്‍ക്കിടെ ഐ.പി.എസ് ഉദ്യോഗസ്ഥരായ എ.എം. പ്രസാദ്, പ്രണബ് മൊഹന്തി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടിരുന്നത്. 2016 ജൂലൈ ഏഴിനാണ് കര്‍ണാടകയിലെ മടിക്കേരിയില്‍ ഒരു ലോഡ്ജില്‍ ഗണപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ ജൂലൈ ഏഴിന് ഉച്ചയോടെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, അന്നത്തെ ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജും മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്റലിജന്‍സ്) എ.എം. പ്രസാദും മുന്‍ ലോകായുക്ത ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന പ്രണബ് മൊഹന്തിക്കെതിരെയും ഗണപതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇതിനുശേഷമാണ് ഗണപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് മുറിയില്‍ നിന്ന് രണ്ട് ആത്മഹത്യാ കുറിപ്പുകളും കണ്ടെത്തിയിരുന്നു. അവയില്‍ കെ.ജെ. ജോര്‍ജ് അടക്കമുള്ള മൂന്ന് പേരില്‍ നിന്ന് താന്‍ നേരിട്ടത് വലിയ ചൂഷണമാണ് ഗണപതി പറഞ്ഞിരുന്നു. എന്നാല്‍ 2017 സെപ്റ്റംബറില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കടുത്ത മാനസിക സമ്മര്‍ദവും കുടുംബ പ്രശ്‌നവും മൂലമാണ് ഗണപതി അത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.

പക്ഷെ വിവാദങ്ങള്‍ അവിടെയും ഒതുങ്ങിയിരുന്നില്ല. ഗണപതിയുടെ മരണത്തിന് പിന്നാലെ രംഗത്തെത്തിയ പങ്കാളി പവന, അച്ഛന്‍ കുശാലപ്പ, സഹോദരന്‍ മച്ചയ്യ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾ കെ.ജെ. ജോര്‍ജിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. 2008ലെ മംഗളൂരു പള്ളി ആക്രമണത്തില്‍ ഗണപതി നടത്തിയ അറസ്റ്റുകളുടെ പേരില്‍ ജോര്‍ജിന് ഗണപതിയോട് വലിയ രീതിയില്‍ വിദ്വേഷമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

2008ലെ മംഗളുരു പളളിയാക്രമണം

2008 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തെക്കന്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഒരു അക്രമ പരമ്പര തന്നെയുണ്ടായിരുന്നു. തീവ്രവലതുപക്ഷ സംഘടനകളായ ബജ്രംഗ്ദള്‍, ശ്രീരാമ സേന എന്നിവയുടെ പ്രവര്‍ത്തകരാണ് ഈ അക്രമണങ്ങളെല്ലാം നടത്തിയിരുന്നത്.

2008 ഓഗസ്റ്റ് മാസത്തില്‍ ഒറീസയിലെ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരുന്ന നിരന്തരമായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ ക്രിസ്തീയ സമൂഹം സംസ്ഥാനത്തെ 2000ഓളം സ്‌കൂളുകള്‍ അടച്ചുപൊട്ടി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി ഈ പണിമുടക്കിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്.

പണിമുടക്ക് ആഹ്വാനത്തിന് പിന്നാലെ ക്രൈസ്തവര്‍ അടച്ചിട്ട സെന്റ് അലോഷ്യസ് കോളേജിലേക്ക് ബജ്രംഗ്ദള്‍ പ്രകടനം നടത്തിയതോടെയാണ് സംഘേഷം ആരംഭിക്കുന്നത്. പിന്നീട് ഹമ്പന്‍കട്ടയിലെ മിലാഗ്രസ് പള്ളിക്ക് സമീപമുള്ള സെന്റ് ക്ലെയറിലെ സിസ്റ്റേഴ്സിന്റെ അഡോറേഷന്‍ മൊണാസ്ട്രിയുടെ ചാപ്പലിലും ബജ്രംഗ്ദള്‍ അതിക്രമിച്ചെത്തി. തുടര്‍ന്ന് മംഗലാപുരം, ഉഡുപ്പി തുടങ്ങിയ മേഖലകളിലുടനീളമായി ഇത്തരത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു.

കെ.ജെ. ജോര്‍ജ്

ഇതിനിടെ മംഗളൂരുവിലെ കുല്‍ശേഖര പളളിയും ആക്രമിക്കപ്പെട്ടിരുന്നു. ശേഷം രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ ചുമതല ആത്മഹത്യ ചെയ്ത എം.കെ. ഗണപതിക്കായിരുന്നു. അന്വേഷണത്തിനിടെ ഏതാനും ക്രൈസ്തവര്‍ക്കെതിരെ ഗണപതി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കെ.ജെ. ജോര്‍ജ് ആരോപിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ കുടുംബം പറഞ്ഞിരുന്നത്.

അതേസമയം ഈ കേസുകളെല്ലാം 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. കെ.ജെ. ജോര്‍ജ് ഒരു രീതിയിലും ഗണപതിയോട് പക വെച്ചുപുലര്‍ത്തിയിരുന്നില്ലെന്നും സി.ബി.ഐ പറഞ്ഞിരുന്നു.

ഈ വാദത്തെ സാധൂകരിക്കാന്‍, 2015ല്‍ ബെംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയില്‍ വെച്ച് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയ കേസില്‍ എം.കെ. ഗണപതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന തങ്ങളുടെ ആവശ്യം കെ.ജെ. ജോര്‍ജ് നിരസിച്ച സംഭവമാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്.

രാജഗോപാല്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറായിരിക്കെ, ഒരു മോഷണക്കേസില്‍ ഗണപതി വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും വിവരമറിഞ്ഞ കെ.ജെ. ജോര്‍ജ് ഉദ്യോഗസ്ഥനെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കിയെന്നും സി.ബി.ഐ പറഞ്ഞിരുന്നു. ഗണപതിയുടെ മരണത്തില്‍ മന്ത്രിക്കുള്‍പ്പെടെ ക്ലീന്‍ ചീറ്റ് നല്‍കിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം അവസാനിപ്പിച്ചത്.

2013 മുതൽ 2015 വരെ കർണാടകയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോർജ് നിലവിൽ സംസ്ഥാന ഊർജ മന്ത്രിയാണ്.

അനുപമ ഷേണായി

പ്രസ്തുത കേസ് ചൂണ്ടിക്കാട്ടിയാണ് ധര്‍മസ്ഥലയിലെ അന്വേഷണ ചുമതലയില്‍ നിന്ന് മൊഹന്തിയെ മാറ്റണമെന്ന് അനുപമ ഷേണായി ആവശ്യപ്പെട്ടത്. മൊഹന്തിക്ക് പകരം ഐ.പി.എസ് ഉദ്യോഗസ്ഥരായ കെ. രാമചന്ദ്ര റാവു, ദയാനന്ദ എന്നിവരില്‍ ആരെയെങ്കിലും എസ്.ഐ.ടി അന്വേഷണത്തിനായി ചുമതലപ്പെടുത്തണമെന്നും അനുപമ ഷേണായി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഡി.ജി.പി.

ഉദ്യോഗസ്ഥന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അനുപമ ഷേണായി രംഗത്തെത്തിയത്. രണ്ട് ബി.ഇ ബിരുദങ്ങളും കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.എസും പി.എച്ച്.ഡിയുമുള്ള ഉദ്യോഗസ്ഥനാണ് മൊഹന്തി. സര്‍ട്ടിഫൈഡ് ഫോറന്‍സിക് കമ്പ്യൂട്ടര്‍ എക്സാമിനാറുമാണ് പ്രണബ്.

അങ്ങനെയുള്ള ഒരാള്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളല്ല അന്വേഷിക്കേണ്ടതെന്നും സൈബര്‍ കുറ്റകൃത്യത്തിലാണ് പ്രണബിന്റെ വൈദഗ്ധ്യമെന്നും അനുപമ ഷേണായി പറഞ്ഞു. കൂടാതെ ധര്‍മസ്ഥല കേസന്വേഷണത്തില്‍ മൊഹന്തിയെ ചുമതലപ്പെടുത്തിയതില്‍ കെ.ജെ. ജോര്‍ജിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംശയമുള്ളതായും അനുപമ ഷേണായി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി മുസ്‌ലിമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള സര്‍ക്കാരാണെന്നും കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് ആര്‍. അശോക് പറഞ്ഞിരുന്നു. എസ്.ഐ.ടി അന്വേഷണത്തെ സ്വീകരിച്ചെങ്കിലും വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അശോക് പറയുകയുണ്ടയി.

Content Highlight: Pranab Mohanty should be removed from Dharmasthala investigation; A section has made allegations

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more