| Saturday, 23rd August 2025, 9:37 am

ധര്‍മസ്ഥല; ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല, 'ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു' കോണ്‍ഗ്രസിനെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ധര്‍മസ്ഥലയില്‍ സ്ത്രീകളെ കൂട്ടത്തോടെ സംസ്‌കരിച്ചെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ രാഷ്ട്രീയപോരും ചൂട് പിടിക്കുകയാണ്.

പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പിയും, ബി.ജെ.പി ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖംമൂടി ധരിച്ച് രക്ഷപെടുകയാണെന്നും ഇടതുപക്ഷത്തിന്റെ സമ്മര്‍ദം മൂലമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര ആരോപിച്ചു.

അന്വേഷണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും കുഴികള്‍ കുഴിച്ചാല്‍ അഴിമതി പുറത്ത് വരുമെന്ന് മുഖ്യമന്ത്രി വിചാരിച്ചുവെന്നും പറഞ്ഞ അദ്ദേഹം, 16 കുഴികള്‍ കുഴിച്ചിട്ടും ഒന്നും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രനഗരിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ‘ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു’ എന്നും വിജയേന്ദ്ര ആരോപിച്ചു.

‘കഴിഞ്ഞ 15-20 ദിവസമായി ധര്‍മസ്ഥല ക്ഷേത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ദുരുദ്ദേശപരമായി പ്രചാരണം നടക്കുന്നുണ്ട്, ഒരു അന്വേഷണവും ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍,ഹിന്ദു പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അവരെ അറസ്റ്റ് ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ബി.ജെ.പി വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, എസ്.ഐ.ടി അന്വേണത്തെ പിന്തുണച്ചു.

ഭീഷണിക്ക് വഴങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ കുഴിച്ചുമൂടേണ്ടി വന്നിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളി വെളിപ്പെടുത്തലിന് പിന്നാലെ, അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ ഭീഷണിയെ തുടര്‍ന്നാണ് താനിതെല്ലാം ചെയ്തതെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ തുറന്നുപറച്ചില്‍. പത്തുവര്‍ഷത്തിനിടെ ഭീഷണിക്ക് വഴങ്ങി നൂറിലധികം മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പ്രധാനമായും വെളിപ്പെടുത്തിയത്. 1998 മുതല്‍ 2014 വരെയുള്ള കാലയളവിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്.

കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇതുവരെ നടന്ന തിരച്ചിലില്‍ രണ്ടുസ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരിടത്ത് നിന്ന് അസ്ഥികൂടവും മറ്റൊരിടത്ത് നിന്ന് അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

നിലവില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വരുന്നതുവരെ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിക്കുകയായിരുന്നു.

Content Highlight: Dharmasthala; BJP attacks Congress for ‘hurting Hindu religious sentiments’

We use cookies to give you the best possible experience. Learn more