| Saturday, 21st February 2026, 10:06 pm

ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ചിത്രയെ വരെ ചോദ്യം ചോദിച്ച് കരയിപ്പിച്ചു, ധന്യ വര്‍മക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

മലയാളത്തിന്റെ വാനമ്പാടിയെന്നറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. നാലരപ്പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര പാടാത്ത ഭാഷകളോ സ്വന്തമാക്കാത്ത പുരസ്‌കരങ്ങളോ ബാക്കിയില്ല. ഇന്നും ചിത്രയുടെ പാട്ടുകള്‍ പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ചിത്രയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ്.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രയുടെ അഭിമുഖത്തെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. ഐ ആം വിത് ധന്യാ വര്‍മ എന്ന ചാനലിനായിരുന്നു ചിത്ര ഇന്റര്‍വ്യൂ നല്‍കിയത്. റീച്ചിന് വേണ്ടി ഇന്റര്‍വ്യൂവില്‍ വന്നിരിക്കുന്ന സെലിബ്രിറ്റികളെ കരയിപ്പിക്കുന്നയാളാണ് ധന്യാ വര്‍മയെന്നാണ് പോസ്റ്റില്‍ പറയുന്നത്. അഭിമുഖത്തിനിടെ ധന്യ ചിത്രയോട് ചോദിച്ച ചോദ്യം പലര്‍ക്കും അരോചകമായി തോന്നിയെന്നും പോസ്റ്റില്‍ പറയുന്നു.

ധന്യാ വര്‍മ Photo: Screen grab/ I Am with Dhanya Varma

ചിത്രയുടെ ജീവിതത്തില്‍ നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു മകളുടെ മരണം. 2011ലെ വിഷുദിനത്തില്‍ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിക്കുകയായിരുന്നു. ചിത്ര മറക്കാന്‍ ആഗ്രഹിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ധന്യ ചോദിച്ച ചോദ്യമാണ് പലരെയും ചൊടിപ്പിച്ചത്. മകളുടെ മരണത്തിന് ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചായിരുന്നു ധന്യ ചോദിച്ചത്.

അഭിമുഖത്തിന്റെ കമന്റ് ബോക്‌സിലും ഈ ചോദ്യം ആവശ്യമില്ലായിരുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എപ്പോഴും എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കാറുള്ള ചിത്രയെ മനപൂര്‍വം കരയിപ്പിക്കുക എന്നാണ് ഈ ചോദ്യത്തിലൂടെ ധന്യ ഉദ്ദേശിച്ചതെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ചിത്രയെ മാത്രമല്ല, ആരെ ഇന്റര്‍വ്യൂ ചെയ്താലും അവരെ കരയിപ്പിക്കുന്നത് ധന്യയുടെ ശീലമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

കെ.എസ്. ചിത്ര Photo: Screen grab/ I Am with Dhanya Varma

ചിരിച്ചുകൊണ്ട് കഴുത്തറുക്കുക, അതിവിനയത്തോടെ ചോദ്യം ചോദിച്ച് മാനസികമായി തളര്‍ത്തുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ ചാനലിനുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്. മറ്റുള്ളവരെ കരയിച്ച് റീച്ചുണ്ടാക്കി കാശുണ്ടാക്കുകയാണ് ധന്യയുടെ ലക്ഷ്യമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചോദ്യങ്ങളെക്കാള്‍ അരോചകമായി തോന്നുന്നത് അതിവിനയം വരുത്തുന്ന സൗണ്ട് മോഡുലേഷനാണെന്നും കമന്റുണ്ട്.

മുമ്പ് വിധു പ്രതാപിനെയും പങ്കാളിയെയും ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ അവര്‍ക്ക് കുട്ടികളില്ലാത്ത കാര്യം പറഞ്ഞ് ഡിസ്‌കംഫര്‍ട്ടാക്കിയിട്ടുണ്ടെന്നും ചിലര്‍ ഓര്‍മപ്പെടുത്തി. അപ്പുറത്തുള്ളത് മനുഷ്യരാണെന്ന് പോലും പരിഗണിക്കാത്ത ധന്യ വര്‍മയുടെ അഭിമുഖങ്ങള്‍ മൈന്‍ഡ് ചെയ്യാതെ വിട്ട് അവരുടെ റീച്ച് കുറക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Dhanya Varma getting criticisms after her interview with K S Chithra

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more