| Sunday, 15th November 2026, 11:15 pm

എന്തൊരു കരിസ്മ, എന്തൊരു ഓറ; മമ്മൂട്ടിയെ കുറിച്ച് ധനുഷ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിന്റെ അഭിമാനമായ അഭിനേതാവാണ് മമ്മൂട്ടി. താരത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഓ.എം. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന സുപ്രധാന വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. സായ് പല്ലവി, ശ്രീലാല തുടങ്ങി വലിയ താരനിര ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നവംബര്‍ 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റ് ഇന്ന് (ഞായര്‍) കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ധനുഷും മമ്മൂട്ടിയും മറ്റ് അണിയറപ്രവര്‍ത്തകരും പരിപാടയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മമ്മൂട്ടിയെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്തരിച്ച തമിഴ് നടന്‍ നാഗേഷ് തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചും അതിന്റെ അര്‍ത്ഥം മനസിലായത് മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചപ്പോഴാണെന്നും പറയുകയാണ് ധനുഷ്.

ഓ.എം. Photo: X.com

‘ഒരിക്കല്‍ അഭിനയിക്കുന്നതിനിടയില്‍ നാഗേഷ് സാര്‍ എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞുതന്നു. ചിലര്‍ സ്‌പോട്ടില്‍ വെച്ച് നന്നായി അഭിനയിക്കും, കണ്ടാല്‍ തന്നെ മനസിലാകും അവര്‍ അഭിനയിക്കുകയാണെന്ന്. അങ്ങനെ ഉള്ള ആള്‍ക്കാരെ കണ്ട് നീ പേടിക്കേണ്ട് ആവശ്യമില്ല.

എന്നാല്‍ ചിലര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അവര്‍ അഭിനയിക്കുകയാണെന്ന് മനസിലാവില്ല, അവര്‍ വെറുതെ വന്ന് ഡയലോഗ് പറഞ്ഞ് തിരിച്ച് പോകുന്ന പോലെയാണ് തോന്നുക. എന്നാല്‍ അങ്ങനെയുള്ള ആളുകളുടെ അടുത്ത് നീ നല്ലതുപോലെ ശ്രദ്ധിച്ച് നില്‍ക്കണം എന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഒരു ആക്ടര്‍ അഭിനയിക്കുന്നത് മനസിലായില്ലെങ്കില്‍ അവനാണ് നല്ല ആക്ടര്‍ എന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ധനുഷ്. Photo: X.com

24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഉപദേശം എനിക്ക് ഉപയോഗപ്രദമായത് മമ്മൂട്ടി സാറുടെ കൂടെ അഭിനയിക്കുമ്പോഴാണ്. അന്ന് അദ്ദേഹം അത് പറഞ്ഞുതന്നിട്ടില്ലായിരുന്നെങ്കില്‍ മമ്മൂട്ടി സാര്‍ എന്നെ അഭിനയിച്ച് ഇല്ലാതാക്കുമായിരുന്നു. സാര്‍ വന്ന് ഡയലോഗ് പറഞ്ഞ് പോകുന്നത് നമ്മള്‍ അറിയില്ല. അതുകൊണ്ട് തന്നെ സാറിനോടൊപ്പമുള്ള സീനെല്ലാം ഞാന്‍ നന്നായി പ്രിപ്പെയര്‍ ചെയ്താണ് ഇരുന്നത്. എന്തൊരു കരിസ്മയും ഓറയുമാണ് അദ്ദേഹത്തിനുള്ളത്,’ ധനുഷ് പറഞ്ഞു.

Content Highlight: Dhanush talks about Mammootty and his performance in O.M

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more