| Saturday, 15th November 2025, 9:24 am

ഹിന്ദിയില്‍ നാല് പടം ചെയ്തു, ഇപ്പോഴും മര്യാദക്ക് ഈ ഭാഷ സംസാരിക്കാന്‍ എനിക്കറിയില്ല: ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഞ്ചന, അത്‌രംഗീ രേ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷും ആനന്ദ് എല്‍. റായ്‌യും ഒന്നിക്കുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്കെത്തിയ താരം ആനന്ദ് എല്‍. റായ്‌യെക്കുറിച്ച് സംസാരിക്കുകയാണ്. 13 വര്‍ഷം മുമ്പാണ് താന്‍ ആനന്ദ് എല്‍. റായ്‌യെ ആദ്യമായി കണ്ടതെന്ന് ധനുഷ് പറഞ്ഞു.

രാഞ്ചന എന്ന ചിത്രം തന്നെ വിശ്വസിച്ച് ഏല്പിച്ചത് എന്ത് കണ്ടിട്ടാണെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂന്നാം തവണയും ആനന്ദിനൊപ്പം കൈകോര്‍ക്കുമ്പോള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടാണെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു ധനുഷ്.

രാഞ്ചനയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് ഹിന്ദി അറിയില്ലെന്നായിരുന്നു. ഇതുവരെ നാല് പടം ഹിന്ദിയില്‍ ചെയ്തു. ഇന്നേവരെ എനിക്ക് ഭാഷ മര്യാദക്ക് സംസാരിക്കാന്‍ അറിയില്ല. കൃതിയാണ് ഇപ്പോഴത്തെ എന്റെ ട്രാന്‍സ്‌ലേറ്റര്‍. രാഞ്ചനയുടെ സമയത്ത് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ ഗൈഡ് ചെയ്തത് ആനന്ദ് സാറാണ്.

അദ്ദേഹം ആ കഥ പറയുന്ന സമയത്ത് ഞാന്‍ കുട്ടിക്കാലത്തേക്ക് പോയി. സൈക്കിള്‍ ചവിട്ടുന്ന സമയത്ത് അച്ഛന്‍ പിന്നില്‍ പിടിച്ചിട്ടുണ്ടെന്ന വിശ്വാസത്തില്‍ നമ്മള്‍ മുന്നോട്ട് പോകുമല്ലോ. ആ ഒരു വിശ്വാസത്തിലാണ് ഞാന്‍ രാഞ്ചന ചെയ്തത്. ചെന്നൈയില്‍ വെച്ചാണ് അദ്ദേഹം എന്നെ ആദ്യമായി കണ്ടത്. അതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റില്‍ ഒരു പടം ചെയ്യുമ്പോള്‍ ഞാന്‍ ടെന്‍ഷനിലായിരുന്നു.

ഭാഷ അറിയാത്ത എന്നെ വെച്ച് അദ്ദേഹം ബനാറസി ഹിന്ദി പറയിപ്പിച്ചു. അതിന് ശേഷം അത്‌രംഗീ രേ ചെയ്തു. ഇപ്പോഴിതാ തേരേ ഇഷ്‌ക് മേം വരെ എത്തിനില്‍ക്കുന്ന യാത്രയായി മാറി. ഇത്തവണ സൈക്കിളൊന്നുമല്ല. നേരെ പറപ്പിക്കുകയാണ്. ഈ പടത്തില്‍ ഫൈറ്റര്‍ ജെറ്റ് പൈലറ്റിന്റെ റോളാണ് എനിക്ക് തന്നത്’ ധനുഷ് പറയുന്നു.

ഏറെക്കാലത്തിന് ശേഷം താരം കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് തേരേ ഇഷ്‌ക് മേം എന്ന സിനിമയുടെ പ്രത്യേകത. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററായിരിക്കുകയാണ്. ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകള്‍ സമ്മാനിച്ച ട്രയോ ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് കരുതുന്നത്. ടി സീരീസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നവംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dhanush saying he still don’t know to speak Hindi

We use cookies to give you the best possible experience. Learn more