തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളാണ് ധനുഷ്. തുള്ളുവതോ ഇളമൈയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ധനുഷ് കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, പൊല്ലതവന്‍ എന്നീ സിനിമകളിലൂടെ മികച്ച നടനാണ് താനെന്ന് സിനിമാലോകത്തിന് മുന്നില്‍ ധനുഷ് തെളിയിച്ചു.
കമല്‍ ഹാസന് ശേഷം ഒന്നിലധികം ദേശീയ അവാര്‍ഡ് നേടിയ ധനുഷ് തമിഴും, ഹിന്ദിയും കടന്ന് ഹോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ ഓഡിയോ ലെഞ്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. തമിഴിലെ വമ്പന്‍ താരങ്ങളായ രജിനികാന്ത്, വിജയ് എന്നിവരെപ്പോലെ കഥകള്‍ പറഞ്ഞ് കൈയടി വാങ്ങുകയാണ് ധനുഷെന്ന് പരക്കെ ആരോപണമുണ്ട്.
കഴിഞ്ഞദിവസം ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഈ ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗവും വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. ഇഡ്‌ലി കടൈ എന്ന ചിത്രം കുട്ടിക്കാലത്തെ തന്റെ അനുഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
‘കുട്ടിക്കാലത്ത് എനിക്ക് ഇഡലി ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, കഴിക്കാന്‍ കൈയില്‍ പൈസയില്ലായിരുന്നു. സ്‌കൂളിലേക്ക് പോകുന്ന സമയത്ത് കടയില്‍ ചൂടോടെ വിളമ്പുന്ന ഇഡലി കണ്ട് കൊതി തോന്നാറുണ്ട്. പൈസക്ക് എന്ത് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചു. ആ ഗ്രാമത്തില്‍ ഒരു വലിയ തോട്ടമുണ്ട്. അവിടെ പൂ പറിക്കാന്‍ ആളുകള്‍ പോകുമായിരുന്നു.
ഞാനും എന്റെ ചില കസിന്‍സും കൂടെ വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞ് പൂ പറിച്ച് അത് കടയില്‍ കൊണ്ടുപോയി കൊടുക്കും. രണ്ടര രൂപ കിട്ടും. പിറ്റേന്ന് രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ ആ കടയില്‍ രണ്ടര രൂപ കൊടുക്കും. നാലോ അഞ്ചോ ഇഡലി കിട്ടുമായിരുന്നു. അന്ന് കഴിച്ചതിന്റെ സ്വാദ് പിന്നീട് ഒരിക്കലും കിട്ടിയില്ല. ഒരുപാട് വലിയ റെസ്റ്റോറന്റുകളില്‍ പോയി വെറൈറ്റി ഭക്ഷണങ്ങള്‍ കഴിക്കുമെങ്കിലും ആ സ്വാദ് ഇതുവരെ കിട്ടിയിട്ടില്ല,’ ധനുഷ് പറഞ്ഞു.
‘തമിഴിലെ സംവിധായകരിലൊരാളായ കസ്തൂരി രാജയുടെ മകന് കുട്ടിക്കാലത്ത് ഇത്രക്ക് ദാരിദ്ര്യമായിരുന്നോ’ എന്നാണ് പലരും ചോദിക്കുന്നത്. ‘സെന്റിമെന്റ് കഥ പറഞ്ഞ് ആളുകളെ വീഴ്ത്തുന്ന ഏര്‍പ്പാട് ഇനി ഏല്‍ക്കില്ല’ എന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. രജിനികാന്തിന്റെയും വിജയ്‌യുടെയും ഓഡിയോ ലോഞ്ച് പ്രസംഗം കണ്ട് കോപ്പിയടിക്കുന്ന ഏര്‍പ്പാട് നിര്‍ത്തിക്കൂടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlight: Dhanush’s Speech in Idly Kadai got trolls in social media