| Saturday, 14th March 2026, 5:30 pm

അവന്‍ വേണ്ട, വേറെയാരെയെങ്കിലും കാസ്റ്റ് ചെയ്യാമോ എന്ന് സംവിധായകനോട് ചോദിച്ചു, എന്റെ ചിന്ത തെറ്റാണെന്ന് ആ നടന്‍ തെളിയിച്ചു: ധനുഷ്

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. ആദ്യകാലത്ത് കേട്ട വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സിനിമാലോകത്ത് തന്റേതായ സ്ഥാനം ധനുഷ് നേടിയെടുത്തു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകള്‍ക്ക് പുറമെ ഹോളിവുഡിലും ധനുഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴ് ചിത്രം യൂത്തിന്റെ പ്രസ് മീറ്റില്‍ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്തിന്റെ പ്രസ് മീറ്റില്‍ വിശിഷ്ടാതിഥിയായിരുന്നു ധനുഷ്. അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ മകനായി വേഷമിട്ട കെന്‍ തിരുച്ചിത്രമ്പലത്തില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായും വര്‍ക്ക് ചെയ്തിട്ടുണ്ട്.

അസുരന്റെ സെറ്റില്‍ നടന്ന സംഭവം ഓര്‍ത്തെടുക്കുകയാണ് ധനുഷ്. ശിവസാമി എന്ന കഥാപാത്രത്തിന്റെ ഇളയ മകനായ വേഷമിട്ട കെന്നിനെ താന്‍ സെറ്റില്‍ വെച്ചാണ് ആദ്യമായി കണ്ടതെന്ന് ധനുഷ് പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചിദംബരം കെന്നിനെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമോ എന്ന് താന്‍ ചിന്തിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ബ്രേക്കിന്റെ സമയത്ത് ഞാന്‍ വെട്രിയെ കാരവാനിലേക്ക് വിളിച്ചു. കെന്‍ ആ കഥാപാത്രം ചെയ്താല്‍ ശരിയാകുമോ, വേറെ ആരെയെങ്കിലും നോക്കിക്കൂടെ എന്ന് വെട്രിയോട് ചോദിച്ചു. ‘അവന്‍ നല്ല നടനാണ്. അവന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. രണ്ട് ദിവസം നോക്ക്, ശരിയായില്ലെങ്കില്‍ മാറ്റാം’ എന്നായിരുന്നു വെട്രിയുടെ മറുപടി. ഒന്നിച്ച് അഭിനയിച്ചപ്പോള്‍ അവന്റെ ടാലന്റ് മനസിലായി.

പിന്നീട് ഞാന്‍ അവനെ കാണുന്നത് തിരുച്ചിത്രമ്പലത്തിന്റെ സെറ്റില്‍ വെച്ചാണ്. ആ സമയത്ത് തന്നെ അവന്‍ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് എന്നോട് പറയുകയും ചെയ്തു. ഇത്ര പെട്ടെന്ന് സംവിധാനത്തിലേക്ക് തിരിയണോ എന്ന് അവനോട് ചോദിച്ചു. പക്ഷേ, സ്വന്തം ടാലന്റില്‍ അവന് വിശ്വാസമുണ്ടെന്ന് വീണ്ടും തെളിയിച്ചു. ഈ പടം അവനെ അടയാളപ്പെടുത്തുന്ന ഒന്നാകുമെന്ന് ഉറപ്പാണ്,’ ധനുഷ് പറയുന്നു.

കെന്‍ കരുണാസിന്റെ ആദ്യ സംവിധാനസംരംഭമായ യൂത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാളി താരങ്ങളായ അനിഷ്മ, മീനാക്ഷി ദിനേശ് എന്നിവരുള്‍പ്പെടെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും യൂത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dhanush’s speech about Ken Karunas viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more